Connect with us

Articles

റോഡിന്റെ ഉടമകള്‍

Published

|

Last Updated

കുറച്ചുമുമ്പ്‌നിലമ്പൂരില്‍ നിന്നും ദുഃഖിപ്പിക്കുന്ന ഒരു വാര്‍ത്തയുണ്ടായിരുന്നു. വാഹനത്തിന് സൈഡ് നല്‍ക്കാത്തതിന് യുവാവിനെ മര്‍ധിച്ച് കൊലപ്പെടുത്തി. നിസാരകാര്യങ്ങള്‍ക്ക് കൊല പരിഹാരമായി കാണുന്ന കാലമാണിത്. എല്ലാവര്‍ക്കും അവകാശപ്പെട്ട റോഡിനെ ചിലര്‍ അധികാരപ്രയോഗത്തിലൂടെ കീഴടക്കുന്നതാണിന്ന് കാണുന്നത്. വലിയ വാഹനങ്ങള്‍ക്ക് ചെറിയ വാഹനങ്ങളോട് പുച്ഛം! ബൈക്കില്‍ പോകുന്നവനെ ഓട്ടോക്കാരന്‍ വെട്ടിക്കുന്നു. ഓട്ടോയെ ലോറിയും ലോറിയെ ബസും ഹൈജാക്ക് ചെയ്യുന്ന പ്രവണത. കേരളത്തിലെ റോഡുകള്‍ വിദേശരാജ്യങ്ങളെ പോലെ നാലുവരിപാതയൊന്നുമല്ലതാനും. ജനങ്ങള്‍ക്ക് നടക്കാനും വണ്ടിക്കുപോകുവാനും കച്ചവടക്കാര്‍ക്ക് വില്‍പന നടത്തുവാനും പൊതുയോഗം കൂടാനും ജാഥ നടത്താനും ഉത്സവവും പെരുന്നാളും ആഘോഷിക്കാനും വിലാപയാത്ര പോകാനും കമാനം കെട്ടാനും എല്ലാം കൂടി റിബ്ബണ്‍ വീതിയിലുള്ള റോഡ്. നടപ്പാതയില്ലാത്ത റോഡിലൂടെ മൊബൈല്‍ ഫോണിലൂടെ സംസാരിച്ചു നടക്കുന്ന ആളുകള്‍ വേറെയും. ഇതിനിടയിലൂടെ ഞെങ്ങിയും ഞെരങ്ങിയും മുന്നോട്ട് പോകുന്ന പാവം മനുഷ്യര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടേണ്ടിവരുന്നത്.
റോഡ് നിയമങ്ങള്‍ പാലിക്കാന്‍ യാത്രക്കാര്‍ തയ്യാറാവാത്തതും നിയമലംഘകര്‍ക്ക് കൃത്യമായി ശിക്ഷ നല്‍കാത്തതും റോഡിന് അധികാരികളെ ഉണ്ടാക്കുന്നു. ട്രാഫിക് സിഗ്നല്‍ ചുവപ്പ് കത്തിയാലും മുന്നോട്ട് കുതിക്കുന്ന, മഞ്ഞ കത്തിയാല്‍ തീരെ പ്രശ്‌നമാക്കാത്ത പുതിയ സമ്പ്രദായക്കാരായിമാറുന്ന മലയാളികള്‍. ഏതെങ്കിലും പാഠ പുസ്തകത്തില്‍ നിന്ന് കാണാതെ പഠിച്ച് മറന്നുപോകുന്നതൊന്നുമല്ലയിത്. നിയമം തനിക്ക് ബാധകമല്ലെന്ന ധാര്‍ഷ്ട്യമാണിവിടെ. ഈ വ്യക്തി ദുബൈയിലെ റോഡിലൂടെ ഇതുപോലെ ചെയ്തു നോക്കട്ടെ! പണികിട്ടും. റോഡ് സുരക്ഷക്ക് വേണ്ടി യാത്രക്കാരും നിയമപാലകരും അത്രക്ക് സൂക്ഷ്മതകാണിക്കുന്നുണ്ടിവിടെ.
ട്രാഫിക്ക് സിഗ്നലില്‍ നിര്‍ത്തേണ്ടിവന്നാല്‍ ചിലര്‍ സമയംകളയണ്ടല്ലോ എന്നുകരുതി ഫോണ്‍ എടുത്ത് വാട്‌സപ്പ്, ഫെയ്‌സ് ബുക്ക് തിരയുന്ന തിരക്കിലാണ്. പച്ച സിഗ്നല്‍ കത്തിയാല്‍ പോലും വിവരം അറിയില്ല. അപ്പോഴേക്കും വരുന്നു ഹോണ്‍ മേള. അല്ലെങ്കിലും ഹോണ്‍ അടിച്ച് സുഖിപ്പിക്കുന്ന വിഷയത്തില്‍ നമ്മള്‍ കേമന്‍ന്മാര്‍ തന്നെയാണല്ലോ. മുന്നിലെ വാഹനത്തെ ഓവര്‍ടേക് ചെയ്യാന്‍ സൂചനക്ക് വേണ്ടി ഒന്നോ രണ്ടോ തവണ ഹോണ്‍ മുഴക്കിയാല്‍ മതി. അതിനുപകരം കാതടപ്പിക്കുന്ന ശബ്ദത്തില്‍ ശബ്ദം ഉണ്ടാക്കുന്നു. ഹോണ്‍ ശബ്ദം മുഴങ്ങാതെ വാഹനങ്ങള്‍ നിത്യവും ചീറിപ്പായുന്ന എത്ര നഗരങ്ങളുണ്ട്. അവിടെ രൂപപ്പെട്ട സംസ്‌കാരം കേരളത്തില്‍ നടപ്പാകണമെങ്കില്‍ യാത്രക്കാരും നിയമപാലകരും തമ്മില്‍ യോജിക്കേണ്ടതുണ്ട്.
ചിലര്‍ അധികാരികളായിമാറുന്നത് ഹെഡ് ലൈറ്റിലൂടെയാണ്. എതിരെ വരുന്ന വാഹനത്തിന്റെ സൈഡിലൂടെ വാഹനം ഓടിക്കുകയോ മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുകയോ ചെയ്യുമ്പോള്‍ നിയമം അനുശാസിച്ച് സൈഡിലൂടെ വരുന്ന വാഹനത്തോട് മാറിനിന്നോ എന്ന സൂചന നല്‍കി കുതിക്കാന്‍ ഹെഡ്‌ലൈറ്റ് ഭീഷണിപ്പെടുത്തുന്നവരുണ്ട്. പല അപകടങ്ങളും ഇതിലൂടെ ഉണ്ടായിത്തീരുന്നു.
നിയമങ്ങള്‍ക്ക് റോഡിലിന്ന് വിലയില്ല. നിയമം തെറ്റിച്ച് ഗ്യാപ്പിലൂടെ നുഴഞ്ഞുകയറുന്നവര്‍ സമര്‍ഥന്മാരായിട്ടാണ് സമൂഹം കണക്കാക്കുന്നത്. അതിവേഗത്തില്‍ പോകുന്നവന്‍ ധീരനും മുന്നിലെ വണ്ടിക്കാരനെ ഓവര്‍ടേക്കു ചെയ്യുന്നവന്‍ ഹീറോയുമാണ്. വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും ഇന്ന് പലര്‍ക്കും ബാധകമല്ല. സീറ്റ് ബല്‍റ്റ് ധരിക്കല്‍, ഫോണ്‍ ഉപയോഗിക്കാതിരിക്കല്‍, ഹെല്‍മെറ്റ് ധരിക്കല്‍ ഇതെല്ലാം സര്‍ക്കാറിന്റെ ഗുണത്തിനെന്നാണ് പലരും ധരിച്ചത്. സ്വന്തം ശരീരത്തിന്റെയും ശിരസിന്റെയും സംരക്ഷണത്തിനാണ് ഇതെന്ന സാമാന്യ ബോധം പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.
ഡ്രൈവിംഗ് വളരെ അപകടസാധ്യതയുള്ള പ്രവൃത്തിയാണ്. ചെറിയ ഒരു പിഴ, ഒരു അശ്രദ്ധ സംഭവിച്ചാല്‍ എല്ലാ യാത്രക്കാരെയും അത് ബാധിക്കും. റോഡിലിറങ്ങുന്നവരെല്ലാം ചേര്‍ന്നാല്‍ ഒരു സമൂഹമായി രൂപപ്പെടുകയാണ്. ബൈക്ക് ഓടിക്കുന്നവനും ബസ് യാത്രികനും കാല്‍നടക്കാരനും സൈക്കിളില്‍ സഞ്ചരിക്കുന്നവനും വഴിവക്കിലെ കച്ചവടക്കാരനും എത്രത്തോളം കാഴ്ചക്കാരനും ആ സമൂഹത്തിലെ അംഗങ്ങളാണ്. ഈ സമൂഹം നിലനില്‍ക്കണമെങ്കില്‍ പരസ്പര ബഹുമാനവും സഹകരണവും വേണം. പക്ഷേ, ഇത് പാലിക്കുന്നില്ല. അന്യോന്യം മത്സരമാണ്. പരസ്പരം അംഗീകരിക്കുന്നതു അപൂര്‍വകാഴ്ച്ചയാണ്. അസൂയ, പക, പ്രതികാര മനോഭാവം ഇതെല്ലാം റോഡില്‍ ചിലവഴിക്കുന്നവരുണ്ട്. പിഞ്ചുകുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കും രോഗിയെകൊണ്ടുപോകുന്ന ആബുലന്‍സിനും പരിഗണനകള്‍ ലഭിക്കുന്നില്ല.
സമൂഹത്തിന്റെയും നാടിന്റെയും നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും നിയമങ്ങള്‍ വിലകല്‍പ്പിക്കാനും മറ്റുള്ളവരുടെ സ്ഥാനത്ത ബഹുമാനിച്ച് പെരുമാറുവാനും കഴിയണം. അതാണ് പക്വത. അതാണ് വിവേകം.
റോഡിന്റെ ഉടമകള്‍

Latest