Connect with us

Malappuram

ഐ ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ്; അജ്മലിനെതിരെ പരാതി പ്രവാഹം

Published

|

Last Updated

മഞ്ചേരി: ഐ ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മഞ്ചേരി മേലാക്കം കോലോത്തുംതൊടി അജ്മല്‍ മോന്‍(26) നെതിരെ പോലീസ് സ്റ്റേഷനില്‍ പരാതികളുടെ പ്രവാഹം.
ഇക്കഴിഞ്ഞ പതിനാറിനാണ് അജ്മലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാനന്തവാടി വില്ലേജ് ഓഫീസറും മഞ്ചേരി സ്വദേശിയുമായ ജയശങ്കറിനെ ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടുന്നത്. അറസ്റ്റ് വാര്‍ത്തയും പ്രതിയുടെ പടവും പത്രമാധ്യമങ്ങളില്‍ വന്നതോടെയാണ് സമാനമായ പരാതിയുമായി പലരും മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്. ജനരക്ഷാ ക്ലബ്ബ് പ്രവര്‍ത്തകനായ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടറോട് താന്‍ “റോ”യിലെ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് പരിചയപ്പെട്ട് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചുവെന്ന കേസിലും ജില്ലയിലെ പ്രമുഖ സ്‌കൂളിനെ സമീപിച്ച് താന്‍ പോലീസ് ഉദ്യോഗസ്ഥനാണെന്നും കാട്ടില്‍ ട്രക്കിംഗ് സൗകര്യമൊരുക്കി തരാമെന്ന് പറഞ്ഞ് വിദ്യാര്‍ഥികളില്‍ നിന്ന് പണപ്പിരിവ് നടത്തിയതിന് അധ്യാപകന്റെ പരാതിയിലും ഇന്നലെ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മണല്‍, മണ്ണ് തൊഴിലാളികളെ സമീപിച്ച് പരിസ്ഥിതി പ്രവര്‍ത്തകനെന്ന് സ്വയം പരിചയപ്പെടുത്തുകയും പണം തന്നില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
വില്ലേജ് ഓഫീസറായി നടിച്ച് നെല്‍വയല്‍ നികത്താന്‍ സൗകര്യമൊരുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതായും പരാതിയുണ്ട്. ആദിവാസി കോളനികളില്‍ നിത്യസന്ദര്‍ശകനായ അജ്മലിനെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസും അന്വേഷണം ആരംഭിച്ചു. കൂടുതല്‍ അന്വേഷണത്തിനായി അജ്മലിനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് തെളിവെടുപ്പിനു ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സി ഐ സണ്ണി ചാക്കോ, എസ് ഐ. എസ് ബി കൈലാസ് നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ പി സഞ്ജീവ്, ശ്രീരാമന്‍, സലീം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.