Kerala
എം.കെ ദാമോദരനെതിരെ കുമ്മനം ഹൈകോടതിയില്‍ ഹരജി നല്‍കി

കൊച്ചി: അഡ്വക്കറ്റ് എം.കെ ദാമോദരനെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് പദവിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ ഹരജി നല്‍കി.മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് സര്‍ക്കാരിനെതിരായ കേസുകളില്‍ ഹാജരാവുന്നത് ഉചിതമല്ലെന്ന് ഹര്‍ജിയില്‍ കുമ്മനം ചൂണ്ടിക്കാട്ടി. എതിര്‍ ഭാഗത്തിന് വേണ്ടി ദാമോദരന്‍ ഹാജരാവുന്നത് കേസുകളെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു.
പ്രതിഷേധങ്ങളുയര്‍ന്നിട്ടും എം.കെ ദാമോദരനെ നിയമ നിര്‍വഹണ സ്ഥാനത്തുനിന്ന് നീക്കാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതും സ്വയം ഒഴിഞ്ഞ്‌പോകാന്‍ ദാമോദരന്‍ തയ്യാറാവാത്തതും സര്‍ക്കാര്‍ കക്ഷിയായ പല കേസുകളും അട്ടിമറിക്കുന്നതിനും ക്രിമിനല്‍ കേസുകളിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനുമാണെന്നും ദാമോദരന്‍ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരുന്നത് ബാര്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണെന്നും ഹരജിയില്‍ കുമ്മനം വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയും അഡ്വക്കറ്റ് ജനറലുമാണ് കേസിലെ എതിര്‍കക്ഷികള്‍.