Articles
മദ്‌റസാ വിദ്യാഭ്യാസം അറിവിന്റെ അനുഭൂതി

മദ്‌റസകളില്‍ വീണ്ടും ഒരു അധ്യയന വര്‍ഷം കൂടി ആരംഭിക്കുന്നു. ലക്ഷകണക്കിന് വിദ്യാര്‍ഥികള്‍ ധാര്‍മ്മിക വിദ്യ നുകരുന്നതിനായി മദ്‌റസയുടെ തിരുമുറ്റത്തേക്ക് വീണ്ടും എത്തിച്ചേരുന്നു. ഓരോ നാടിന്റെയും സാമൂഹിക സാംസ്‌കാരിക മുന്നേറ്റത്തില്‍ സ്വാധീനം ചെലുത്തിയ മദ്‌റസ മുറ്റങ്ങള്‍ കുരുന്നുകളെ സ്വീകരിക്കാന്‍ സജ്ജമായി. ഒരു മാസത്തെ വൃതാനുഷ്ഠാനത്തിലൂടെ ലഭ്യമായ ആത്മീയ പുരോഗതി യിലൂടെ അധ്യാപനരംഗത്തേക്ക് വീണ്ടും എത്തച്ചേര്‍ന്ന ഉസ്താദുമാര്‍, മദ്‌റസയിലെ ഭൗതിക സൗകര്യങ്ങള്‍ എല്ലാം ഉറപ്പ് വരുത്തി മദ്‌റസാ കമ്മിറ്റി ഭാരവാഹികള്‍, നാടിന്റെ ധാര്‍മ്മിക വിദ്യാഭ്യാസ മുന്നേറ്റത്തില്‍ ജനകീയ മായ ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ ഇന്ന് നടക്കുന്ന മദ്‌റസ പ്രവേശനോത്സവം ഇതെല്ലാം കൊണ്ട് പ്രാദേശിക ഉത്സവമായി മാറുന്നു.
മനുഷ്യന്‍ രണ്ടു വസ്തുക്കള്‍ ചേര്‍ന്നതാണ്. ശരീരമാകുന്ന ഭൗതികവസ്തുവും ആത്മാവാകുന്ന അഭൗതികവസ്തുവും. മനുഷ്യേതര ജീവികള്‍ക്കും ജീവനുണ്ട്. എന്നാല്‍ മനുഷ്യന്റേത് പോലെയുള്ള ആത്മാവ് അവക്കില്ല. മനുഷ്യനെ ഇതര ജീവികളില്‍നിന്നു വ്യത്യസ്തമാകുന്നത് ഈ പ്രത്യേകതയാണ്. ശക്തിയോ ശൗര്യമോ കാമമോ ക്രൂരതയോ കാരണമല്ല മനുഷ്യന്‍ മനുഷ്യനായത്. അതെല്ലാം മനുഷ്യനേക്കാള്‍ ശക്തിയായി ഇതരജീവികളിലും പ്രകടമാണ്.
ശക്തിയില്‍ ആനയെ വെല്ലാന്‍ മനുഷ്യന് സാധ്യമല്ല. സിംഹത്തിന്റെ ശൗര്യം മനുഷ്യനില്ല. മനുഷ്യനെ മനുഷ്യനായി വേര്‍തിരിക്കുന്നത് അവന്റെ ആത്മീയ വളര്‍ച്ചയും സാംസ്‌കാരിക ബോധവുമാണ്. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള കഴിവ് അവനുണ്ട്. മാലാഖമാരേക്കാള്‍ ഔന്നത്യത്തിലെത്താന്‍ മനുഷ്യന് കഴിയും. അതാണവന്റെ ആത്മാവിന്റെ പ്രത്യേകത.
ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തില്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രസക്തിയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഭൗതികവസ്തുവായ ജഡം വളരാനും വലുതാവാനും വെള്ളവും ഭക്ഷണവും ആവശ്യമാണ്. ഭൗതികലോകത്തുള്ള വസ്തുക്കളധികവും മനുഷ്യന്റെ ഭൗതികാവശ്യത്തിനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ഓരോ വസ്തുവും ആവശ്യമാകുമ്പോള്‍ മനുഷ്യന്റെ അന്തരംഗം അതാവശ്യപ്പെടുന്നു. അതിന് ചില വികാരങ്ങളും ഉള്ളില്‍ കുടികൊള്ളുന്നു. വെള്ളം ആവശ്യമാകുമ്പോള്‍ ദാഹം തുടങ്ങുകയായി. ഭക്ഷണം ആവശ്യമാകുമ്പോള്‍ വിശപ്പ് അതിന് സിഗ്‌നല്‍ നല്‍കുന്നു. ഇങ്ങനെ ഭൗതിക വസ്തുക്കള്‍ പരോക്ഷമായോ പ്രത്യക്ഷമായോ അവന്റെ ആവശ്യം നിര്‍വഹിക്കുന്നു. ഇവ ലഭിക്കുമ്പോള്‍ ഭൗതിക ജീവിതത്തിന് സംതൃപ്തിയും സമാധാനവും ലഭിക്കുന്നു. ഇതാണ് ഭൗതികവസ്തുവായ ജഡത്തിന്റെ സ്ഥിതി.
അഭൗതിക വസ്തുവായ ആത്മാവിന്റെ നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യമായ വസ്തുക്കള്‍ അതിനും ലഭിക്കണം. എന്നാല്‍ മാത്രമേ ശരീരവളര്‍ച്ചക്കൊപ്പം ആത്മാവും വളരുകയുള്ളൂ. ആത്മാവിന്റെ ഭക്ഷണം അറിവാണ്. ആത്മാവിന്റെ ആവശ്യം പോലെ മനുഷ്യന്‍ ജ്ഞാനത്തിന് വേണ്ടി ദാഹിക്കുന്നു. ജ്ഞാനം ലഭിക്കുമ്പോള്‍ ആത്മാവ് ആനന്ദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു.
അമ്പരപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കും അദ്ഭുതപ്പെടുത്തുന്ന നേട്ടങ്ങള്‍ക്കും പിന്നില്‍ ആത്മാവിന്റെ വിജ്ഞാനദാഹമാണ് പ്രവര്‍ത്തിച്ചത്. ഓരോ ജ്ഞാനമേഖല വെട്ടിപ്പിടിക്കുമ്പോഴും മറ്റൊരു മേഖലയിലേക്ക് കടന്നുചെല്ലാന്‍ അത് പ്രേരിപ്പിക്കും. വിജ്ഞാനത്തിന്റെ വെളിച്ചം മനസ്സില്‍ കത്തിക്കൊണ്ടിരിക്കണം. മനസ്സ് എപ്പോഴും പ്രഭാപൂരിതമാകുമ്പോള്‍ അജ്ഞത ഓടിമറയും. വിജ്ഞാനം ലഭിക്കാനുള്ള വഴികള്‍ തേടി മനുഷ്യന്‍ നീങ്ങുമ്പോള്‍ അവന് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്നു. സമാധാനത്തിന്റെ മാലാഖ അവന് ചിറകുവിരിച്ചുകൊടുക്കും.
മനുഷ്യന്റെ വിജയത്തിന് വിദ്യ അഭ്യസിക്കേണ്ടതുണ്ട്. സന്താനങ്ങള്‍ക്കും കുടുംബത്തിനും വിജ്ഞാനകവാടം തുറന്നുകൊടുക്കണം. ഖുര്‍ആന്‍ പറയുന്നു: “”സത്യവിശ്വാസികളേ, സ്വശരീരത്തെയും കുടുംബത്തെയും നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ രക്ഷിക്കുക. മനുഷ്യനും കല്ലുമാണതിലെ വിറകുകള്‍”” (സൂറതുതഹ്‌രീം). “അവരെ വിജ്ഞാനമുള്ളവരും മര്യാദയുള്ളവരുമാക്കുക” എന്നാണ് ഈ ആയത്തിന്റെ വിവക്ഷ എന്ന് ഇബ്‌നുഅബ്ബാസ്(റ) പറയുന്നു.
ആദ്യമായി നബി(സ)ക്ക് ഇറങ്ങിയ വഹ്‌യ് തന്നെ വിദ്യാഭ്യാസത്തിന്റെ ആവശ്യം അനാവരണം ചെയ്യുന്നതാണ്. “ഇഖ്‌റഅ്” എന്ന വചനമാണ് ആദ്യം അവതരിച്ചത്. മനുഷ്യന്റെ ഇഹപര നന്മക്ക് വിദ്യ ആവശ്യമാണെന്നാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്. വിജ്ഞാന സമ്പാദനത്തിന്റെ നേട്ടങ്ങള്‍ പരാമര്‍ശിക്കുന്ന നിരവധി മഹദ്‌വചനങ്ങളുണ്ട്. സമ്പത്തിനേക്കാള്‍ സ്ഥാനം വിജ്ഞാനത്തിനാണ് അലി(റ) പറയുന്നു: “”വിജ്ഞാനമാണ് ധനത്തേക്കാളുത്തമം. വിജ്ഞാനം താങ്കള്‍ക്കു പാറാവുനില്‍ക്കും. ധനത്തിനു നീ പാറാവുനില്‍ക്കണം. വിജ്ഞാനം വിധികര്‍ത്താവും നാം വിധിക്കു വിധേയവുമാണ്. ധനം ചെലവഴിച്ചാല്‍ കുറയും. വിജ്ഞാനം ചെലവഴിച്ചാല്‍ വളരും””.
അറിവ് മനുഷ്യനെ സംസ്‌കരിക്കുന്നു. അവന്റെ ബോധതലത്തിന്റെ വെളിച്ചം നല്‍കുന്നു. വിജ്ഞാനിയാവുമ്പോള്‍ മനുഷ്യനെ തിരിച്ചറിയുന്നു. അഹങ്കാരത്തെ വലിച്ചെറിയേണ്ടി വരുന്നു. കാരണം, വിജ്ഞാനം വിജ്ഞാനിയെ വിനയാന്വിതനാക്കുന്നു. ഇമാം ഗസ്സാലി(റ) പറയുന്നു: “”ക്ഷമ, വിനയം, സല്‍സ്വഭാവം, ദയ എന്നിവ നല്‍കിയിട്ടല്ലാതെ ഒരാള്‍ക്കും വിജ്ഞാനം നല്‍കിയിട്ടില്ല. അതാണ് പ്രയോജനപരമായ വിജ്ഞാനം എന്ന് പറയപ്പെടുന്നത്. ലോകത്ത് ഏറ്റവും സ്ഥാനമുള്ളത് വിജ്ഞാനത്തിനു തന്നെ. അബുല്‍അസ്‌വദ് (റ) പറയുന്നു: “”വിജ്ഞാനത്തേക്കാള്‍ യോഗ്യതയുള്ള മറ്റൊന്നുമില്ല. രാജാക്കന്മാര്‍ ജനങ്ങളുടെ വിധികര്‍ത്താക്കളാണ്. വിജ്ഞാനികള്‍ രാജാക്കന്മാരുടെ വിധികര്‍ത്താക്കളും””.
മദ്‌റസാ സംവിധാനം ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റ അവസ്ഥ സങ്കല്‍പിക്കുമ്പോഴാണ് മദ്‌റസകള്‍ നല്‍കിയ സേവനത്തിന്റെ വലിപ്പം ബോധ്യപ്പെടുകയുള്ളൂ. ശാസ്ത്രീയമായ കിടയറ്റ പാഠ്യപദ്ധതിയുമായി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഈ രംഗത്ത് നടപ്പില്‍ വരുത്തിയ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഇന്ന് കേരളത്തിന്റെ അതിരുകള്‍ ഭേദിച്ച് ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും എത്തിയിരിക്കുകയാണ്. പ്രവര്‍ത്തന രംഗത്ത് വിശ്രമമില്ലാതെ നേതൃത്വം നല്‍കിയി നിസ്വാര്‍ഥരായ പണ്ഡിതന്‍മാരുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള ചുവടുവെപ്പുകള്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കാണ് വഹിച്ചത്.
ധാര്‍മ്മിക വിദ്യാ തിരുമുറ്റത്തേക്ക് ഈ വര്‍ഷം ആദ്യാക്ഷരം കുറിക്കുന്ന പിഞ്ചുകുട്ടികള്‍ക്ക് എല്ലാ ഭാവുകങ്ങളും.