Connect with us

Kerala

ബാര്‍ കോഴ: ചെന്നിത്തലക്കെതിരെ സോണിയ ഗാന്ധിക്ക് യൂത്ത് ഫ്രണ്ടിന്റെ കത്ത്

Published

|

Last Updated

കോട്ടയം: ബാര്‍കോഴ കേസിലെ ഗൂഢാലോചനക്കു പിന്നില്‍ രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശും ബിജു രമേശുമാണെന്ന ആരോപണവുമായി യൂത്ത് ഫ്രണ്ട് എം. കോണ്‍ഗ്രസ് അധ്യക്ഷത സോണിയാ ഗാന്ധിക്ക് അയച്ച കത്തിലാണ് മൂന്ന് പേര്‍ക്കെതിരെ പരാമര്‍ശമുള്ളത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലാണ് സോണിയാ ഗാന്ധിക്ക് കത്തയച്ചത്. കേസില്‍ കെ എം മാണിക്കെതിരെ മാത്രം കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും കത്തില്‍ പറയുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്നും കത്തില്‍ ആരോപിക്കുന്നു.
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണ്. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയവും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തത് ദുരൂഹമാണ്. യൂത്ത് ഫ്രണ്ട് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞതായും കത്തില്‍ പറയുന്നു. പാലക്കാട് നടന്ന സി പി എം പ്ലീനത്തില്‍ കെ എം മാണി പങ്കെടുത്തത് കോണ്‍ഗ്രസിനിടയില്‍ സംശയമുണ്ടാക്കി. കെ എം മാണി എല്‍ ഡി എഫിലേക്ക് പോകുമെന്ന ഭയമാണ് ഗൂഢാലോചനക്ക് പിന്നിലുണ്ടായിരുന്നത്.
ബിജു രമേശിനെ കൂട്ടുപിടിച്ചാണ് ബാര്‍കോഴ കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും സംശയത്തിന്റെ നിഴലിലാണെന്നും കത്തില്‍ പറയുന്നു.
മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കെതിരെ ബിജു രമേശ് ആരോപണമുന്നിയിച്ചിരുന്നു. എന്നാല്‍, കെ എം മാണിക്കെതിരെ മാത്രമാണ് കേസെടുത്തത്. ബിജു രമേശിന്റെ മകളുടെ കല്യാണത്തിന് മന്ത്രിമാര്‍ പങ്കെടുത്തത് ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ മാത്രമാണ് ഇക്കാര്യത്തില്‍ ശരിയായ നിലപാട് എടുത്തതെന്നും കത്തില്‍ പറയുന്നു.
ഇടതുപക്ഷത്തേക്ക് പോയേക്കും എന്ന സംശയത്തില്‍ തന്നെ യു ഡി എഫില്‍ തളച്ചിടാനുള്ള ശ്രമമാണ് ബാര്‍കോഴ കേസിന്റെ പിന്നിലെന്ന് കെ എം മാണി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഗൂഢാലോചന നടത്തിയവരുടെ പേരുകള്‍ പാര്‍ട്ടി കണ്ടെത്തിയെങ്കിലും അതു വെളിപ്പെടുത്താത്തത് മാന്യതയുടെ പേരിലാണെന്നും കെ എം മാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest