Connect with us

Gulf

ഖത്വറില്‍ കമ്മി ബജറ്റ് മൂന്നു വര്‍ഷം കൂടി തുടരും

Published

|

Last Updated

ദോഹ: രാജ്യത്ത് ചൂരുങ്ങിയത് മൂന്നു വര്‍ഷംകൂടി കമ്മി ബജറ്റു തുടരുമെന്ന് നിരീക്ഷണം. എണ്ണയുടെയും ഗ്യാസിന്റെയും വില താഴ്ന്നു നില്‍ക്കുന്നത് സര്‍ക്കാറിന്റെ വരുമാനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് കമ്മി ബജറ്റ് തുടരേണ്ടി വരുമെന്ന് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. വികസനാസൂത്രണ, സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ ദീര്‍ഘകാല സാമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഈ വര്‍ഷത്തെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 7.8 ശതമാനത്തിന്റെ കുറവാണ് മന്ത്രാലയം പ്രവചിക്കുന്നത്. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്ര വലിയ ഇടിവുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ടില്‍ 2016ല്‍ 4.8 ശതമാനത്തന്റെ ഇടിവാണ് പ്രവചിച്ചിരുന്നത്. ഇതാണ് 7.8 ആയി ഉയരുന്നത്. അടുത്ത വര്‍ഷം ഇത് 7.9 ആയി വീണ്ടും ഉയരും എന്നാല്‍ 2018ല്‍ 4.2 ശതമാനമായി താഴുമെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അറിയിക്കുന്നു.
ലോകത്തെ മുന്‍നിര പ്രകൃതിവാതക കയറ്റുമതി രാജ്യമായ ഖത്വര്‍, എണ്ണവിലയിടിവു സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് ഇതര ഗള്‍ഫ് രാജ്യങ്ങളെപ്പോലെ തന്നെ കനത്ത സുരക്ഷാ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. കൂടുതല്‍ നടപടികള്‍ വേണ്ടിവരുമെന്ന് മന്ത്രാലയം സൂചിപ്പിക്കുന്നു. നിലവിലെ സാമ്പത്തിക റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ സര്‍ക്കാറിന്റെ ചെലവുകളില്‍ പുനരാലോചന നടത്തുകയും മൂലധനച്ചെലവിലെ വളര്‍ച്ച നിയന്ത്രിക്കുകയും വേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഹൈഡ്രോ കാര്‍ബണ്‍ മേഖലയില്‍ വരുത്തിയ നിയന്ത്രണം ഫലപ്രദമായിരുന്നു. ഇത് ബജറ്റിനെയും എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനത്തിലേക്ക് കേന്ദ്രീകരിക്കാനും പ്രേരിപ്പിച്ചു.
എണ്ണ വിലയുടെ വര്‍ധനവിലൂടെ സര്‍ക്കാര്‍ കുറച്ച് അധിക വരുമാനം പ്രതീക്ഷിക്കുന്നു. 2018ല്‍ ക്രൂഡോയില്‍ വില ബാരലിന് 48.91 ഡോളറിലെത്തുമെന്നാണ് റിപ്പോര്‍ട്ട് പ്രതീക്ഷ പുലര്‍ത്തുന്നത്. അടുത്ത വര്‍ഷം 45.49 ഡോളറും ഈ വര്‍ഷം 37.88 ഡോളറും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 3.9 ശതമാനമായിരിക്കും. നേരത്തേയുണ്ടായിരുന്ന കണക്കുകൂട്ടല്‍ 4.3 ശതമാനമായിരുന്നു. അടുത്ത വര്‍ഷം 3.8 ശതമാനവും തൊട്ടടുത്ത വര്‍ഷം 3.2 ശതമാനവുമാണ് വളര്‍ച്ച പ്രവചിക്കുന്നത്.
ബേങ്കുകളുടെ ആസ്തിയില്‍ വലിയ മാറ്റം വരില്ല. എണ്ണയെയും വാതകത്തെയും ആശ്രയിച്ചുള്ള പണമൊഴുക്കു കുറഞ്ഞതിനാല്‍ ധനവിനിമയ നിരക്കില്‍ വലിയ മാറ്റം വരാത്തതാണ് കാരണം. ബേങ്കുകളുടെ സ്ഥിരതക്കും സമ്മര്‍ദം ഒഴിവാക്കാനുമായി സെന്‍ട്രല്‍ ബേങ്ക് വിവിധ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ബേങ്കിംഗ് മേഖലയുടെ സ്ഥിരതവഴി രാജ്യത്തെ സാമ്പത്തിക രംഗത്തെ സുരക്ഷിതമാക്കി പിടിച്ചു നിര്‍ത്താനാണ് സെന്‍ട്രല്‍ ബേങ്ക് ശ്രമിക്കുന്നത്.

Latest