Connect with us

International

ചൈന അന്താരാഷ്ട്ര സമുദ്ര നിയമം പാലിക്കണമെന്ന് അമേരിക്ക

Published

|

Last Updated

ബീജിംഗ്: ദക്ഷിണ ചൈനാ സമുദ്ര പ്രശ്‌നപരിഹാരത്തിന് ചൈന അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ പാലിക്കണമെന്ന് ജോണ്‍ കെറി. ബീജിംഗില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇക്കാര്യം മുന്നോട്ടുവെച്ചത്. എട്ടാമത് യു എസ്- ചൈന സാമ്പത്തിക ചര്‍ച്ചയുടെ ഭാഗമായാണ് ജോണ്‍ കെറി ചൈനയില്‍ സന്ദര്‍ശനം നടത്തിയത്. ഏകപക്ഷീയമായ നടപടികളിലൂടെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കില്ല. മറിച്ച് പരസ്പര ചര്‍ച്ചകളും നിയമങ്ങള്‍ അനുസരിച്ചുള്ള ചുവടുവെപ്പുകളും മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗമെന്നും ജോണ്‍ കെറി ഓര്‍മിപ്പിച്ചു.
ചൈനീസ് വൈസ് പ്രസിഡന്റ് വാംഗ് യാംഗും ചൈനീസ് കൗണ്‍സിലര്‍ യാംഗ് ഴേച്ചിയുമാണ് ചൈനയുടെ ഭാഗത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. അമേരിക്കയുടെ ഭാഗത്തുനിന്ന് ജോണ്‍ കെറിയും യു എസ് ട്രഷറി സെക്രട്ടറി ജേക്കബ് ജെ ല്യൂവും സംബന്ധിക്കുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് ജോണ്‍ കെറി നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചൈനക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദക്ഷിണ ചൈനാ സമുദ്രത്തിന് മീതെ ചൈന വ്യോമ പ്രതിരോധം സൃഷ്ടിക്കുന്നത് പ്രകോപനപരമാണെന്നും ഇത് അസ്ഥിരപ്പെടുത്തുന്ന പ്രവൃത്തിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 1947ലെ സമുദ്ര നിയമമനുസരിച്ച് ചൈനക്ക് കീഴിലുണ്ടായിരുന്ന സമുദ്ര പരിധി ലംഘിച്ച് അവരുടെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ കഴിഞ്ഞ മാസം അവസാനമാണ് ചൈന വ്യാപിപ്പിച്ചത്.
ദക്ഷിണ ചൈനാ സമുദ്രത്തെ കുറിച്ച് മാസങ്ങളായി ചൈനയും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളും തര്‍ക്കം തുടരുകയാണ്. ഇവിടെ ചൈന നടത്തുന്ന നീക്കങ്ങളില്‍ അമേരിക്ക അവരുടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Latest