Connect with us

Kerala

ഇത് കള്ളപ്പണം വെളുപ്പിക്കാന്‍ പറ്റിയ കാലം

Published

|

Last Updated

സാധാരണ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലം ജനാധിപത്യ ആരവത്തിന്റേയും രാഷ്ട്രീയ ആവേശത്തിന്റേതുമാണ്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വാണിജ്യ പ്രമുഖന്മാര്‍ക്കിടയിലും ഒളിഞ്ഞിരിക്കുന്ന ചില വിദ്വാന്മാര്‍ക്കിത് കള്ളപ്പണം വെളുപ്പിക്കാനുള്ള ഏറ്റവും അനിയോജ്യമായ സമയമാണ്. ക്രമാതീതമായ കള്ളപ്പണ ഒഴുക്ക് തടയാന്‍ പ്രാപ്തമായ നിയമം രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളം, തമിഴ്‌നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന് ശേഷം 13.4 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത്. കള്ളപ്പണം വളരെ സൂക്ഷ്മമായി വ്യവഹാരം നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ വേണ്ടത്ര സമയവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
കമ്മീഷന്‍ പിടിച്ചെടുത്ത കള്ളപ്പണത്തില്‍ പകുതിയും തമിഴ്‌നാട്ടില്‍ നിന്നാണ്. കേരളത്തില്‍ നിന്നും 4.7 കോടി ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്.
വോട്ടര്‍മാര്‍ക്ക് 500ന്റേയും 1000ന്റേയും നോട്ടുകള്‍ വിതരണം ചെയ്ത് “ഉദാരമതി”കളാകുന്ന തമിഴ്‌നാട്ടിലേയു മറ്റും പാര്‍ട്ടി നേതാക്കള്‍ കള്ളപ്പണത്തിന്റെ വാഹകരാണ്. തമിഴ്‌നാട്ടിലെ കള്ളപ്പണമൊഴുക്കിനെ അനിയന്ത്രിതം എന്നാണ് മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി പറയുന്നത്.
കള്ളപ്പണത്തിന്റെ കുത്തൊഴുക്ക് നടക്കുമ്പോള്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. വ്യക്തമായ തെളിവില്ലാതെ സ്ഥാനാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.