Connect with us

Gulf

മാതൃഭൂമിയിലെ പ്രവാചക നിന്ദ; പ്രവാസലോകത്തും പ്രതിഷേധ പ്രളയം

Published

|

Last Updated

ദുബൈ: അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ)യെ സഭ്യേതരമായി പരിഹസിക്കുന്ന രീതിയില്‍ കഴിഞ്ഞ ദിവസം മാതൃഭൂമി കേരള എഡിഷനില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതിനെതിരെ പ്രവാസലോകത്തും പ്രതിഷേധങ്ങളുടെ പ്രളയം. നവമാധ്യമങ്ങളിലൂടെയാണ് നൂറുകണക്കിനാളുകള്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധക്കൊടുങ്കാറ്റുതിര്‍ത്തത്.

പ്രവാസലോകത്തെ ചില സംഘടനകള്‍ക്കു പുറമെ നൂറുകണക്കായ വ്യക്തികളും മാതൃഭൂമിയുടെ പ്രവാചക നിന്ദക്കെതിരെ ശക്തമായ പ്രതിഷേധം ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങളും ഇമേജുകളും പോസ്റ്റു ചെയ്തു. അമുസ്‌ലിംകളായ ചില സുഹൃത്തുക്കള്‍ വരെ പ്രതിഷേധത്തില്‍ പങ്കുകൊണ്ടുവെന്നത് സാമാന്യ മലയാളി സമൂഹം കാത്തുസൂക്ഷിക്കുന്ന മതേതരത്വവും സഹിഷ്ണുതാപരവുമായ നിലപാടുകളുടെ വലിയ ഉദാഹരണമായി. പത്രത്തില്‍ പ്രസിദ്ധീകരിച്ചതുപോലെയുള്ള, പ്രവാചകനും ഇസ്‌ലാമിനുമെതിരെ അങ്ങേയറ്റം ഹീനവും തെറ്റിദ്ധാരണാജനകവുമായ പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തില്‍ ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവയായിരുന്നു പ്രതിഷേധ സന്ദേശങ്ങളിലധികവും.

അതോടൊപ്പം മാതൃഭൂമിയുടെ ഈ ശ്രമം ഒറ്റപ്പെട്ടതോ കേവല യാദൃശ്ചികമോ അല്ലെന്നും പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്നുവരുന്ന നിലപാടിന്റെ ഭാഗമാണെന്നും ചിലര്‍ ചില മുന്‍ അനുഭവങ്ങള്‍ നിരത്തി സമര്‍ത്ഥിച്ചു. മാതൃഭൂമിയിലെ ഒന്നോ രണ്ടോ കോളംകൊണ്ട് മുസ്‌ലിം വിശ്വാസികളുടെ മനസ്സില്‍നിന്ന് പ്രവാചകനെ കുടിയിറക്കാനാവില്ല, ഇത്തരം ഹീന ശ്രമങ്ങള്‍ക്കോ പ്രചാരണങ്ങള്‍ക്കോ പ്രവാചകരുടെ വ്യക്തിത്വത്തെ മുറിവേല്‍പ്പിക്കാനും കഴിയില്ല. പക്ഷേ, കേരളീയ സമൂഹത്തില്‍ ഇത്തരം നീക്കങ്ങള്‍ ഉണ്ടാക്കാനിടയുള്ള അസഹിഷ്ണുതക്കും അസ്വസ്ഥതകള്‍ക്കും ആര് ഉത്തരം പറയുമെന്ന ചോദ്യവും ചില പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി.

Latest