Connect with us

National

ദേശ സ്‌നേഹത്തിന് ആര്‍ എസ് എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കന്‍ഹയ്യ കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: തന്റെ ദേശ സ്‌നേഹം തെളിയിക്കാന്‍ ആര്‍ എസ് എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പ് നടത്തിയ പ്രസംഗത്തിലാണ് കന്‍ഹയ്യ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ആര്‍ എസ് എസിനും ബി ജെ പിക്കുമെതിരെ ശക്തമായ ഭാഷയിലാണ് കന്‍ഹയ്യകുമാര്‍ സംസാരിക്കുന്നത്.
കുമാറുള്‍പ്പെടെയുള്ളവരെ കേസില്‍ കുടുക്കുകയായിരുന്നെന്ന പ്രചാരണങ്ങള്‍ സജീവമാകുന്നതിനിടെയാണ്, ദേശസ്‌നേഹമുയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്ന കുമാറിന്റെ അവസാന പ്രസംഗം പുറത്തുവന്നത്. ഇതുള്‍പ്പെടെ നിരവധി തെളിവുകളുമായാണ് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ആര്‍ എസ് എസിന്റെ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റ് വേണ്ട. ജെ എന്‍ യുവിലെ പരിപാടിയില്‍ ചിലര്‍ ഉയര്‍ത്തിയ ചില മുദ്രാവാക്യങ്ങള്‍ അപലപനീയമാണെന്നും കുമാര്‍ പറഞ്ഞു. ഇടതുപക്ഷ പ്രവര്‍ത്തകരോ, യൂനിയന്‍ നേതാക്കളോ ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിട്ടില്ലെന്നും കുമാര്‍ പറയുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണ്, എല്ലാ വിദ്യാര്‍ഥികളും രാജ്യത്തിന്റെ ഐക്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രംഗത്തിറങ്ങണമെന്നും, വിദ്യാര്‍ഥികള്‍ ഭരണഘടനയില്‍ അടിയുറച്ച് വിശ്വസിച്ച് രാജ്യത്തിനായി അണിനിരക്കണമെന്നും കുമാര്‍ പറയുന്നു.
കഴിഞ്ഞ ഒമ്പതിന് നടന്ന വധശിക്ഷാ വിരുദ്ധ പരിപാടി ദേശദ്രോഹ പരമാണെന്ന എ ബി വി പി പ്രചരണത്തിനെതിരെ ക്യാമ്പസില്‍ സംഘടിപ്പിച്ച യോഗത്തിലായിരുന്നു കുമാറിന്റെ പ്രസംഗം. വിവാദ പരിപാടിയില്‍ നടന്നതെന്താണെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. പ്രസംഗത്തിന് ശേഷം മണിക്കൂറുകള്‍ക്കകം കുമാറിനെ ഹോസ്റ്റല്‍ വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബി ജെ പി സര്‍ക്കാറിന്റെ പോലീസ് ഭീകരതക്കും, വിദ്യാര്‍ഥിവിരുദ്ധ നിലപാടിനുമെതിരെയും ആര്‍ എസ് എസിന്റെ മേധാവിത്വത്തിനും കാവിവത്കരണത്തിനും എതിരെയും കുമാര്‍ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വിഭജിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മുന്നോട്ടുപോകാനും കുമാര്‍ പ്രസംഗത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

---- facebook comment plugin here -----

Latest