Connect with us

National

ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി കര്‍ശനമായി പാലിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിന് കത്തി വെക്കാനുള്ള ടെലികോം കമ്പനികളുടെ ഗൂഢാലോചനക്ക് ട്രായിയുടെ തിരിച്ചടി. ഇന്റര്‍നെറ്റ് സമത്വം (നെറ്റ് ന്യൂട്രാലിറ്റി) കര്‍ശനമായി പാലിക്കാന്‍ ടെലികോം റെഗുലേറ്റര്‍ അതോറിറ്റി സേവനദാതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത താരിഫ് നിരക്ക് ഈടാക്കുന്നത് ട്രായ് നിരോധിച്ചു. ഈ ഉത്തരവ് ലംഘിക്കുന്ന കമ്പനികള്‍ പ്രതിദിനം 50,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ പിഴ അടക്കണമെന്നും ട്രായ് വ്യക്തമാക്കി.ഇതോടെ റിലയന്‍സിന്റെ ഫ്രീ ബെയ്‌സിക് പദ്ധതിയും എയര്‍ടെലിന്റെ എയര്‍ടെല്‍ സീറോ പദ്ധതിയും അവതാളത്തിലായി. നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാനുള്ള സേവനദാതാക്കളുടെ ശ്രമങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും നടന്ന നിരന്തര പോരാട്ടത്തിന്റെ വിജയം കൂടിയാണ് ട്രായിയുടെ പുതിയ തീരുമാനം.

അതേസമയം, അടിയന്തര സേവനങ്ങള്‍ക്കുള്ള നിരക്കുകളില്‍ കുറവ് വരുത്തുന്നതിന് സേവന ദാതാക്കള്‍ക്ക് ട്രായ് അനുമതി നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം തീരുമാനം പുനപരിശോധിക്കുമെന്നും ട്രായ് വ്യക്തമാക്കുന്നു.

ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഡാറ്റയും വിവേചനം കൂടാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന സമത്വ വാദമാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റി. എന്നാല്‍ ഇത് ലംഘിച്ച് ചില ഡാറ്റകള്‍ സൗജന്യമായി നല്‍കിയും മറ്റു ചില ഡാറ്റകള്‍ക്ക് കൂടുതല്‍ നിരക്ക് ഈടാക്കിയും ഈ സമത്വം തകര്‍ക്കാന്‍ സേവന ദാതാക്കള്‍ നടത്തിയ ഒളിയജണ്ടയാണ് ട്രായ് നടപടിയോടെ പൊളിയുന്നത്.

അധികവായനക്ക്:
നെറ്റ് ന്യൂട്രാലിറ്റി തകര്‍ക്കാന്‍ എന്തിനാണിത്ര വാശി?
ഫ്രീ ബേസിക്‌സ് എന്ന ആട്ടിന്‍തോല്‍!

റിലയന്‍സുമായി സഹകരിച്ച് ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പദ്ധതിയിലൂടെ ഒരു വര്‍ഷം മുമ്പ് ഫേസ്ബുക്കാണ് നെറ്റ് ന്യൂട്രാലിറ്റിക്കെകതിരായി ആദ്യം കരുക്കള്‍ നീക്കിയത്. ഏതാനും വെബ്‌സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കി മറ്റു വെബ്‌സൈറ്റുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കാനായിരുന്നു ഫേസ്ബുക്ക് – റിലയന്‍സ് കൂട്ടുകെട്ടിന്റെ ശ്രമം. ഇതിന്റെ ചുവടുപിടിച്ച് എയര്‍ടെല്ലും രംഗത്ത് വന്നതോടെ നെറ്റ് ലോകത്ത് നെറ്റ് ലോകത്ത് ഇതിനെതിരെ പോരാട്ടം തുടങ്ങുകയായിരുന്നു.

ഇന്റര്‍നെറ്റ് സമത്വത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ആക്ടിവിസ്റ്റുകള്‍ രംഗത്ത് വന്നതോടെ ട്രായ് ഇത് സംബന്ധിച്ച് പൊതുജനാഭിപ്രായം തേടി. ഈ ക്യാമ്പയിന് വന്‍ പ്രചാരമാണ് ലഭിച്ചത്. തുടക്കത്തില്‍ ട്രായിയും സേവനദാതാക്കള്‍ക്ക് അനുകൂലമായ നീക്കങ്ങള്‍ നടത്തിയെങ്കിലും പ്രതിഷേധക്കാറ്റില്‍ പിടിച്ചുനില്‍ക്കാനായില്ല.

Latest