Connect with us

Ongoing News

ഷോക്കേറ്റിട്ടും ഗിറ്റാറില്‍ പൂജ

Published

|

Last Updated

തിരുവനന്തപുരം: 11ാം വേദിയില്‍ ഗിത്താര്‍ മത്സരം നടക്കുന്നതിനിടെ ഷോക്കേറ്റിട്ടും മിന്നും പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി പൂജ കാണികളുടെ കൈയടി നേടി. എറണാകുളം തൃക്കാകര കാര്‍ഡിനല്‍ എച്ച് എസ് എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് പൂജ. മത്സരം തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കിടെയാണ് ഷോക്കേറ്റത്. വീണ്ടും മത്സരത്തില്‍ ശ്രദ്ധിച്ചെങ്കിലും തുടര്‍ന്നും ഷോക്കേറ്റതോടെ അല്‍പ്പസമയം മത്സരം നിര്‍ത്തിവെച്ചു. വൈദ്യുതി തകരാര്‍ പരിഹരിച്ചതിന് ശേഷം മത്സരം തുടരാന്‍ ജഡ്ജിംഗ് കമ്മിറ്റി പൂജയെ അനുവദിച്ചു. തുടര്‍ന്ന് വേദിയെ കൈയിലെടുക്കുന്ന പ്രകടനമായിരുന്നു പൂജ കാഴ്ചവെച്ചത്.
നിരവധി പേരാണ് മത്സരത്തിന് ശേഷം പൂജയുടെ ധൈര്യത്തിന് അനുമോദിക്കാനായി വേദിക്ക് പിറകില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഗിത്താറില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു പൂജ. പൂജക്കൊപ്പം അമ്മ റീനയും അച്ഛന്‍ സുചിത്രനുമാണ് മത്സരത്തില്‍ പങ്കെടുക്കാനായി അനന്തപുരിയില്‍ എത്തിയത്.
ശ്രീനി മാസ്റ്ററാണ് പൂജയെ ഗിത്താര്‍ പഠിപ്പിക്കുന്നത്. കൂടാതെ കീബോര്‍ഡിലും ഈ മിടുക്കിക്ക് കമ്പമുണ്ട്. സഹോദരി ശ്രീദ മുന്‍ സംസ്ഥാന കലോത്സവ നാദസ്വരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.