Connect with us

National

ലോകബേങ്ക് വായ്പയില്‍ ഇന്ത്യ ഒന്നാമത്

Published

|

Last Updated

World Bank Launch XBRL

ചെന്നൈ: കഴിഞ്ഞ 70 വര്‍ഷമായി ലോകബേങ്കില്‍ നിന്ന് ഏറ്റവും കൂടുതല്‍ വായ്പയെടുത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്. ഇന്റര്‍നാഷനല്‍ ഡവല്‌പെമെന്റ് അസോസിയേഷനില്‍ നിന്നും ലോകബേങ്കില്‍ നിന്നുമായി കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇന്ത്യയെടുത്ത കടം 10,200കോടി ഡോളറാണ്.
1945 മുതല്‍ 2015 വരെയുള്ള കാലയളവില്‍ ലോകബേങ്ക് ഇന്ത്യക്ക് വായ്പയായി നല്‍കിയത് 5,300 കോടി ഡോളറാണെങ്കില്‍ ഐ ഡി എ 4,900 കോടി ഡോളര്‍ നല്‍കി. ഇരു സ്ഥാപനങ്ങളില്‍ നിന്നുമായി വായ്പയെടുത്തവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ബ്രസീലാണ്- 5900 കോടി ഡോളര്‍. ചൈന 5500 കോടി ഡോളറും മെക്‌സിക്കോ 5,400 കോടി ഡോളറും വാങ്ങിയിട്ടുണ്ടെന്ന് ലോക ബേങ്ക് ഈയിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഗതാഗതം, ജലസേചനം, ആരോഗ്യം, കാര്‍ഷിക രംഗം തുടങ്ങിയ മേഖലകളില്‍ വന്‍ മുതല്‍ മുടക്ക് അനിവാര്യമായിരുന്നു. ഇവയില്‍ പലതിലും സ്വകാര്യ മൂലധനം അസാധ്യമായിരുന്നു. “ബ്രട്ടന്‍വുഡ് പദ്ധതി പ്രകാരം നിലവില്‍ വന്ന ഇന്റര്‍നാഷനല്‍ ബേങ്ക് ഫോര്‍ റികണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് (ലോക ബേങ്ക്) രൂപവത്കരിച്ചപ്പോള്‍ മുതല്‍ ഇന്ത്യയുണ്ട്. 1945 ഡിസംബറിലാണ് രാജ്യം ലോക ബേങ്കില്‍ ഔപചാരിക ചേരുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യമുള്ള രാഷ്ട്രമായിട്ടും ചൈന 1980 വരെ ലോക ബേങ്കില്‍ അംഗമായിരുന്നില്ല. അതുകൊണ്ടുതന്നെ രണ്ടാമത്തെ ജനനിബിഡമായ രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് പരമാവധി വായ്പ ലഭിക്കുകയായിരുന്നു”- ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് സെന്‍ പറഞ്ഞു.
തൊണ്ണൂറുകള്‍ക്ക് ശേഷം വായ്പയുടെ അളവിലും ലക്ഷ്യത്തിലും കാര്യമായ മാറ്റം വന്നു. ഗ്രാമവികസനത്തിനും വിദ്യാഭ്യാസത്തിനുമായി ഊന്നല്‍. സര്‍വ ശിക്ഷാ അഭിയാന്‍ അടക്കമുള്ള വിദ്യാഭ്യാസ പദ്ധതികള്‍ ലോക ബേങ്ക് സഹായത്തോടെയാണ് നടപ്പാക്കിയത്. 1993- 94 കാലയളവില്‍ നടപ്പാക്കിയ ഡി പി ഇ പി പദ്ധതിക്ക് ഐ ഡി എ 5137 കോടി രൂപയാണ് നല്‍കിയത്. 1950കളില്‍ വിദേശനാണ്യ ശേഖരം വര്‍ധിപ്പിക്കുന്നതിനായി ലക്ഷക്കണക്കിന് ഡോളര്‍ ലോക ബേങ്ക് നല്‍കിയിരുന്നു.
മദ്രാസ് തുറമുഖം ഉണ്ടാക്കാന്‍ അന്ന് 14 മില്യണ്‍ ഡോളര്‍ വായ്പയെടുത്തിരുന്നു. 1966ല്‍ അത് തിരിച്ചടച്ചു. ലോക ബേങ്ക് സഹായത്തോടെ ഏറ്റെടുത്ത ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതി ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ ആയിരുന്നുവെന്നും സെന്‍ പറഞ്ഞു.

Latest