Connect with us

National

2016ല്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം കുറയ്ക്കും

Published

|

Last Updated

ന്യൂഡല്‍ഹി: പുതു വര്‍ഷത്തില്‍ വിദേശ സന്ദര്‍ശനം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നേരത്തെ നിശ്ചയിച്ചതും പ്രധാന ഉച്ചകോടികളിലും ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ സന്ദര്‍ശനങ്ങള്‍ മാത്രമായിരിക്കും നടത്തുക. വിദേശ യാത്ര കുറച്ച് ഭരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം. എന്നാല്‍ ഇതിനകം തന്നെ പ്രധാന രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചു കഴിഞ്ഞ മോദിയുടെ തീരുമാനത്തില്‍ പ്രസക്തിയില്ലെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രിയായ ശേഷം 19 മാസങ്ങള്‍ക്കൊണ്ട് 33 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. 2015ല്‍ മാത്രം 26 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. മോദിയുടെ നിരന്തര വിദേശ സന്ദര്‍ശനങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടികളുടേയും സോഷ്യല്‍ മീഡിയയുടേയും പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

ഇതിനകം 200 കോടിയിലേറെ രൂപ ചിലവഴിച്ച മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍കൊണ്ട് എന്തു ഗുണമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു. സെല്‍ഫിയെടുക്കുന്നതിനും പ്രശസ്തി വര്‍ധിപ്പിക്കാനുമാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനങ്ങളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടി, ചൈനയില്‍ നടക്കുന്ന ജി-20 ഉച്ചകോടി എന്നിവയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രധാന ഉച്ചകോടികള്‍. പ്രധാനമന്ത്രിയായ ശേഷമുള്ള മൂന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനവും രണ്ടാമത്തെ ചൈന സന്ദര്‍ശനവുമായിരിക്കും ഇത്. പാകിസ്ഥാന്‍, വെനിസ്വേല, ജപ്പാന്‍, ലവോസ് തുടങ്ങിയ രാജ്യങ്ങളും ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.