Connect with us

National

ഉപതിരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസിന് ഉജ്വല വിജയം

Published

|

Last Updated

ലോഹര്‍ദഗ: ജാര്‍ഖണ്ഡിലെ ലോഹര്‍ദഗ നിയമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഉജ്വല വിജയം. ബിജെപിയുടെ സഖ്യകക്ഷിയായ എജെഎസ്‌യുവിന്റെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ജാര്‍ഖണ്ഡ് പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ സുഖ്‌ദേവ് ഭഗത് 23,228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു എജെഎസ്‌യു സ്ഥാനാര്‍ഥി നീരു ശാന്തി ഭഗത്തിനെ തോല്‍പ്പിച്ചത്. സുഖ് ദേവ് ഭഗത്തിന് 73859 വോട്ട് ലഭിച്ചപ്പോള്‍ നീരു ശാന്തിക്ക് 50571 വോട്ടാണു ലഭിച്ചത്. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച സ്ഥാനാര്‍ഥി ബന്ധു ടിര്‍ക്കി 16551 വോട്ടോടെ മൂന്നാം സ്ഥാനത്തായി.

ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പു തോല്‍വിയാണിത്. ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ആവേശമുള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് മത്സരത്തിനിറങ്ങിയത്. ഈ വിജയത്തോടെ 81 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളായി. എജെഎസ്‌യു നാലംഗങ്ങളായി ചുരുങ്ങി.
അഞ്ചു വര്‍ഷം തടവു ശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് സിറ്റിംഗ് എംഎല്‍എ കമല്‍ കിഷോര്‍ ഭഗത്തിനെ എംഎല്‍എസ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. 1993ല്‍ ഒരു ഡോക്ടറെ ആക്രമിച്ച കേസിലായിരുന്നു ശിക്ഷ. കമല്‍ കിഷോറിന്റെ ഭാര്യയാണു നീരു ശാന്തി.

Latest