Connect with us

Kozhikode

സംസ്ഥാന കേരളോത്സവത്തിന് കോഴിക്കോട് ഒരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളക്ക് പിന്നാലെയെത്തുന്ന ഇരുപത്തിയെട്ടാമത് സംസ്ഥാന കേരളോത്സവത്തിനായി കോഴിക്കോട് ഒരുങ്ങുന്നു. ഈ മാസം 26 മുതല്‍ 30 വരെയാണ് കേരളോല്‍സവം.സംഘാടക സമിതി രൂപവത്കരണം കഴിഞ്ഞ ദിവസം നടന്നു. 26ന് ആരംഭിക്കുന്ന ആര്‍ട്‌സ് മല്‍സരങ്ങള്‍ പയ്യോളിയിലും 28നു തുടങ്ങുന്ന സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍ കോഴിക്കോട്ടുമാണ് നടക്കുക. 30ന് കോഴിക്കോട് ബീച്ചില്‍ സമാപന സമ്മേളനം വിവിധ പരിപാടികളോടെ അരങ്ങേറും. മത്സര ഇനങ്ങള്‍ എവിടെയൊക്കെ നടത്തണമെന്ന് സംബന്ധിച്ച് അന്തിമ തീരുമാനം ഇന്ന് നടക്കുന്ന സംഘാടക സമിതി യോഗത്തിലുണ്ടാകും.
കലാ മത്സരം നടക്കുന്ന പയ്യോളിയില്‍ പ്രത്യേകം സംഘാടക സമിതി രൂപവത്കരിച്ച് വേദികള്‍ സംബന്ധിച്ച് തീരുമാനമെടുക്കും. മന്ത്രി പി കെ ജയലക്ഷ്മി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, യുവജന ക്ഷേമബോര്‍ഡ് വൈസ് ചെയര്‍മാന്‍മാര്‍ പി എസ് പ്രശാന്ത് എന്നിവര്‍ വര്‍ക്കിംഗ് ചെയര്‍മാന്‍മാരുമാണ്. ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്അഞ്ജു ബോബി ജോര്‍ജ്, യുവജനകാര്യ വകുപ്പ് സെക്രട്ടറി സുബ്രതോ ബിശ്വാസ് തുടങ്ങി എട്ട് പേരെ വൈസ് ചെയര്‍മാന്‍മാരായും യോഗം തിരഞ്ഞെടുത്തു. ജില്ലാ കലക്ടര്‍ എന്‍ പ്രശാന്താണ് ജനറല്‍ കണ്‍വീനര്‍. വിവിധ ജില്ലകളില്‍ നിന്നായി എണ്ണായിരത്തോളം മത്സരാര്‍ഥികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ഇത്തവണ പഞ്ചായത്തുകളെ ഒഴിവാക്കിയാണ് കേരളോത്സവ പരിപാടികള്‍ ആരംഭിച്ചതെന്നത് കൊണ്ട് തന്നെ സംസ്ഥാന കേരളോത്സവത്തില്‍ മത്സരാര്‍ഥികള്‍ കുറയുമെന്നാണ് സൂചന. കായിക ഇനങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, ടൗണ്‍ സ്‌ക്വയര്‍, പോളിടെക്‌നിക്, മാനാഞ്ചിറ, തുടങ്ങിയ ഗ്രൗണ്ടില്‍ നടക്കും. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, കളരിപ്പയറ്റ്, വടംവലി എന്നീ ഇനങ്ങള്‍ക്ക് പുറമെ പഞ്ചഗുസ്തിയും കേരളോത്സവ ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്‌ലറ്റിക് മത്‌സരങ്ങളും കോഴിക്കോട് തന്നെയാണ് നടക്കുക.
കലാ മത്സരത്തില്‍ ചെണ്ടമേളം പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ യുവോത്സവ ഇനമായ 18 ഇനങ്ങളും കേരളോത്സവ ഇനമായ 34 ഇനങ്ങളുമാണ് കലാമത്സരത്തില്‍ ഉള്‍പ്പെടുത്തിയത്. സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. കലാ പ്രതിഭക്കും കലാതിലകത്തിനും കായിക പ്രതിഭക്കും കായിക തിലകത്തിനും അയ്യായിരം രൂപ വീതം സമ്മാനം നല്‍കും. വ്യക്തി ഗത വിജയികള്‍ക്ക് രണ്ടായിരം രൂപയാണ് പ്രൈസ്മണി. മത്സരാര്‍ഥികള്‍ക്കുള്ള താമസ സൗകര്യം നഗരത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തും. ഭക്ഷണം സംഘാടകര്‍ തന്നെ ഏര്‍പ്പെടുത്തും. മത്സരാര്‍ഥികള്‍ക്ക് യാത്രാ ചെലവ് നല്‍കും.
കഴിഞ്ഞ തവണ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തില്‍ കോഴിക്കോട് ജില്ലക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. 2013 ല്‍ വയനാട് വെച്ച് നടന്ന കേരളോത്സവത്തില്‍ കോഴിക്കോടിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇത്തവണയും ചാമ്പ്യന്‍പട്ടം നേടാന്‍ സാധിക്കുമെന്ന കണക്കു കൂട്ടലിലാണ് ജില്ലാ സംഘാടകര്‍.

Latest