Kerala
മുഖ്യമന്ത്രിയെ മാറ്റില്ലെന്ന് പി പി തങ്കച്ചന്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളുടെ ഗൂഢാലോചന യു ഡി എഫിന് അകത്തു നിന്നാണോ പുറത്തു നിന്നാണോ എന്ന് പിന്നീട് വ്യക്തമാക്കാമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍.
തല്‍കാലം മുഖ്യമന്ത്രിയെ മാറ്റാന്‍ തീരുമാനമില്ലെന്നും ഭാവിയിലെ കാര്യം അറിയാന്‍ താന്‍ ജോത്സ്യനല്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കോടതി പരാമര്‍ശം എതിരായാല്‍ രാജി വെക്കാമെന്ന് മന്ത്രി കെ ബാബു നേരത്തെ പറഞ്ഞിട്ടുണ്ട്. കെട്ടടങ്ങിയ സോളാര്‍ കേസ് വീണ്ടും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കുത്തിപ്പൊക്കാനാണ് എല്‍ ഡി എഫിന്റെ ശ്രമം. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവഹേളിക്കാനുള്ള ഏത് ശ്രമത്തെയും യു ഡി എഫ് ഒറ്റക്കെട്ടായി നേരിടും. ബിജു രാധാകൃഷ്‌ന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച സത്യം ജനങ്ങളെ അറിയിക്കാന്‍ ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് യു ഡി എഫ് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കും. ചൊവ്വാഴ്ച ചേരുന്ന യു ഡി എഫ് യോഗത്തില്‍ വിശദീകരണ യോഗങ്ങളുടെ തീയതി തീരുമാനിക്കും.
സോളാര്‍ വിഷയത്തില്‍ മുമ്പ് സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ അനിശ്ചിതകാല സമരം മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കേണ്ടി വന്നതിന്റെ ജാള്യത മറക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ക്രിമിനല്‍ കേസില്‍ ശിക്ഷ കാത്തു കിടക്കുന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ പശ്ചാതലത്തില്‍ മാത്രമാണ് എല്‍ ഡി എഫ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എല്‍ ഡി എഫിലെ ഘടകക്ഷികള്‍ക്ക് പോലും ഇതിനോട് യോജിപ്പില്ല. ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണനയിലുള്ള ഒരു വിഷയം സംസ്ഥാന നിയമസഭയില്‍ ഉന്നയിക്കരുതെന്ന നിയമസഭാ ചട്ടം നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ ചട്ടം ലംഘിച്ചാണ് പ്രതിപക്ഷം ഈ വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ഈ നടപടിയിലുടെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനും ജനങ്ങള്‍ക്ക് ആരോപണങ്ങളുടെ പൊള്ളത്തരം മനസ്സിലാക്കാനുള്ള അവസരവുമാണ് ലഭിച്ചതെന്നും തങ്കച്ചന്‍ പറഞ്ഞു.
കൈവശുള്ള സീഡികള്‍ ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് എന്താണ് ഇത്ര തടസവും കാലതാമസം, പതിനഞ്ച് ദിവസത്തെ കാലതാമസം ചോദിച്ചപ്പോള്‍ തന്നെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മനസിലാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.