Connect with us

Kannur

പച്ചക്കറിക്കും പഴ വര്‍ഗങ്ങള്‍ക്കും ഇനിയും വില കൂടിയേക്കും

Published

|

Last Updated

കണ്ണൂര്‍: തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴ കേരളത്തിലെ പച്ചക്കറി, പഴ വിപണിയെ സാരമായി ബാധിക്കും. മഴക്ക് നേരിയ ശമനമായെങ്കിലും വെള്ളപ്പൊക്കം മൂലം തമിഴ്‌നാട്ടിലെ പച്ചക്കറി വിപണിയിലും കൃഷിയിടങ്ങളിലുമുണ്ടായ നാശനഷ്ടങ്ങളാണ് കേരളത്തിലേക്ക് വരുന്ന പച്ചക്കറികളെ സാരമായി ബാധിക്കുക. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ കയറ്റി അയക്കുന്ന മാര്‍ക്കറ്റ് തമിഴ്‌നാട്ടിലെ കോയമ്പേട് മാര്‍ക്കറ്റാണ്. എഷ്യയിലെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റാണെന്ന് വിശേഷിപ്പിക്കുന്ന ഇവിടെ പെരുമഴ മൂലം ചരക്കു നീക്കം കാര്യക്ഷമമായി നടക്കാത്തതിനാല്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളതെന്ന് ഇവിടത്തെ മലയാളിക്കച്ചവടക്കാര്‍ പറയുന്നു. ഇത് കൂടാതെ നീലഗിരി, കൂടല്ലൂര്‍ ജില്ലകളിലും ഒട്ടംഛത്രം, കമ്പം, തേനി എന്നിവിടങ്ങളിലെ പച്ചക്കറി, പഴം ഉത്പാദന കേന്ദ്രങ്ങളിലും മഴ കനത്ത നാശമാണ് വിതച്ചത്. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന തമിഴ്‌നാട്ടിലെ മൊത്തവിതരണ മാര്‍ക്കറ്റുകളില്‍ ഏറ്റവുമധികമുള്ളത്്് കോയമ്പേട് മാര്‍ക്കറ്റിനുള്ളിലാണ്. ഇവിടെ നിന്ന് പഴങ്ങളാണ് ഏറ്റവുമധികം കേരളത്തിലെ എല്ലാ ജില്ലകളിലുമെത്തുന്നത്. കോയമ്പേട് മാര്‍ക്കറ്റില്‍ ദിനംപ്രതി 300 ടണ്‍ ആപ്പിളാണ് സിംലയില്‍ നിന്ന് മാത്രം എത്തുന്നത്. ടണ്‍ കണക്കിന് മറ്റു പഴ വര്‍ഗങ്ങളും ഇവിടെയെത്തുന്നുണ്ട്. മധ്യ തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കൂടുതലായി വിളയുന്ന മുസമ്പി, ഏത്തന്‍ എന്നിവ ധാരാളമായി ഉത്പാദിപ്പിച്ചെത്തിക്കുന്നതും ഇവിടെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം കയറിയത് മൂലം ചരക്കു നീക്കം നടക്കാത്തതിനാല്‍ വന്‍ നാശനഷ്ടമാണ് ഇവിടെയുണ്ടായതെന്ന്് സമീപത്തെ കടയിലെ ജീവനക്കാരനായ കണ്ണൂര്‍ ചേലേരിയിലെ എ പി നൗഷാദ് പറയുന്നു. ബീന്‍സ്, മത്തന്‍, വള്ളിപ്പയര്‍, തക്കാളി, ക്യാരറ്റ്, ഉരുളക്കിഴങ്ങ്്, കുറ്റിപ്പയര്‍, ഉള്ളി തുടങ്ങിയവയെല്ലാം ഉത്പാദിപ്പിക്കുന്നത് കൂടുതലും കുടല്ലൂര്‍, നീലഗിരി, ഒട്ടംഛത്രം എന്നിവിടങ്ങളില്‍ നിന്നാണ്. വളളിപ്പയറും വെണ്ടക്കയുമായി ആറോ എഴോ ട്രക്കുകളാണ് ഒട്ടംഛത്രത്തില്‍ നിന്നു മാത്രം കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിന്റെ വരവ് കുറഞ്ഞു. തമിഴ്‌നാട്ടിലെ വലിയ പച്ചക്കറി മാര്‍ക്കറ്റുകളിലൊന്നായ ഒട്ടംഛത്രം പച്ചക്കറി മാര്‍ക്കറ്റിലേക്ക് ഡിണ്ടിക്കല്‍, പഴനി, ഉദുമല്‍പേട്ട, പൊള്ളാച്ചി, ആണ്ടിപ്പട്ടി, തേനി, ഉസിലംപട്ടി എന്നീഭാഗങ്ങളില്‍ നിന്ന് ദിനംപ്രതി ടണ്‍ കണക്കിന് പച്ചക്കറികളാണ് എത്തുന്നത്.
170 മുതല്‍ 200 ഓളം ലോറികളില്‍ മലപ്പുറം, എറണാകുളം, കോട്ടയം, പന്തളം, എരുമേലി, മഞ്ചേരി, തൃശൂര്‍, പാലക്കാട്, ചാലക്കുടി എന്നീ ഭാഗങ്ങളിലേക്ക് ദിനംപ്രതി വ്യാപാരികള്‍ ഇവിടെ നിന്ന് പച്ചക്കറി വാങ്ങിക്കൊണ്ടുപോകുന്നുണ്ട്. കനത്ത മഴ പെയ്തതിനാല്‍ പല ഭാഗങ്ങളിലും കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി കൃഷി നശിച്ചിരുന്നു. അതിനാല്‍ ഇവിടെ നിന്നുള്ള പച്ചക്കറി നീക്കവും കുറഞ്ഞു. തമിഴ്‌നാട്ടില്‍ പാട്ടത്തിന് നിലമെടുത്ത് കൃഷി ചെയ്യുന്ന നൂറ് കണക്കിന് മലയാളികളായ കര്‍ഷകരും കടുത്ത ദൂരിതത്തിലായിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള മലയാളി കര്‍ഷകര്‍ ഇതില്‍ ഏറെയുണ്ട്. ഇവര്‍ക്കും വലിയ തോതിലുള്ള നഷ്ടം സംഭവിച്ചിട്ടുണ്ടാകാനിടയുണ്ടെന്ന് ചെന്നൈ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറയുന്നു. ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തില്‍ തമിഴ്‌നാട്ടിലെ കൃഷിയിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി നശിച്ചത് കേരളത്തിലെ പച്ചക്കറി-പഴം വിപണിയില്‍ വന്‍ വിലക്കയറ്റത്തിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്്.

Latest