Connect with us

Qatar

രേഖകളില്ല; മലയാളിയുടെ മൃതദേഹം മോര്‍ച്ചറിയില്‍

Published

|

Last Updated

ദോഹ: താമസരേഖകളില്ലാത്തതിനാല്‍ മലയാളി വ്യവസായിയുടെ മൃതദേഹം 20 ദിവസമായി മോര്‍ച്ചറിയില്‍. തിരുവനന്തപുരം കാട്ടാക്കട ചാരുപാറ ലക്ഷ്മി നിവാസില്‍ രാജീവ് തമ്പി (56) ആണ് ഈ മാസം അഞ്ചിന് മരിച്ചത്. അഞ്ച് വര്‍ഷത്തോളമായി ഖത്വറിലുള്ള അദ്ദേഹം നാട്ടില്‍ പോയിട്ട് മൂന്നു വര്‍ഷത്തിലേറെയായി. നേരത്തെ ആറ് വര്‍ഷം ലണ്ടനില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഖത്വറിലത്തെി വക്‌റയില്‍ ഹോട്ടല്‍, മാന്‍ പവര്‍ ഏജന്‍സി ബിസിനസുകള്‍ ആരംഭിച്ചെങ്കിലും നഷ്ടം വന്ന് പൂട്ടി. ബേങ്ക് വായ്പയുടെ അടവ് തെറ്റിയതോടെ യാത്ര നിരോധവുമായി. തുടര്‍ന്ന് വിസ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കാന്‍ കഴിഞ്ഞില്ല.
മുര്‍റയിലെ താമസസ്ഥലത്ത് ഒപ്പം താമസിക്കുന്നവരാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്. പാസ്‌പോര്‍ട്ടും കണ്ടത്തൊനായില്ല. ചെക്ക് കേസ് നിലവിലുള്ളതിനാല്‍ ഇത് സംബന്ധിച്ച ക്ലിയറന്‍സ് ലഭിക്കാത്തതിനാലാണ് മൃതദേഹം നാട്ടില്‍കൊണ്ടുപോകാന്‍ കഴിയാത്തത്. സി ഐ ഡിയിലും മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലുമായി ഇതിനായുള്ള ശ്രമങ്ങള്‍ നടത്തി വരുന്നു. ഹമദ് ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം. പിതാവ്: രാജശേഖരന്‍ തമ്പി, മാതാവ്: ഹരികുമാരി, ഭാര്യ: സ്വപ്‌ന, മക്കള്‍: ലക്ഷ്മി, രാഹുല്‍, കല്യാണി.

Latest