Connect with us

National

ചരിത്രം ഓര്‍മിപ്പിച്ച് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ടിപ്പുവിന്റെ ജയന്തിയാഘോഷവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പ്രതികരണവുമായി സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കര്‍ണാടകയില്‍ നടന്ന ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ വി എച്ച് പി പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്് ടിപ്പു സുല്‍ത്താന്റെ ചരിത്രത്തെ കുറിച്ചുള്ള ചെറുവിവരണമായി കട്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്താണ് ടിപ്പുസുല്‍ത്താനെ സംബന്ധിച്ചുള്ള സത്യം? അദ്ദേഹം മതനിരപേക്ഷനായിരുന്നോ അതോ വര്‍ഗീയവാദിയോ? ഈ ചോദ്യം പരിഗണിക്കുന്നതിന് മുമ്പ് നാം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കട്ജുവിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.
156 ഹൈന്ദവ ക്ഷേത്രങ്ങള്‍ക്ക് ടിപ്പു സുല്‍ത്താന്‍ വാര്‍ഷിക സഹായധനം നല്‍കിപ്പോന്നിരുന്നു. ശൃംഗേരി മഠത്തിന് ധനസഹായം അഭ്യര്‍ഥിച്ചുകൊണ്ട് കത്തുകളെഴുതുകയും പണം നല്‍കുകയും ചെയ്തു. മറ്റേത് ഭരണാധികാരിയെയും പോലെ ക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥല ധനസഹായം നല്‍കുകയും ആഘോഷങ്ങള്‍ അനുവദിക്കുകയും ചെയ്തിരുന്നു. മതം മാറാനുള്ള ടിപ്പുവിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 3000 ബ്രാഹ്മണര്‍ ആത്മഹത്യ ചെയ്തുവെന്ന് മൈസൂര്‍ ഗസറ്റൈര്‍ ആധാരമാക്കി കല്‍ക്കത്ത സര്‍വകലാശാലയിലെ സംസ്‌കൃതാധ്യാപകന്‍ ഹര്‍പ്രസാദ് ശാസ്ത്രിയുടെ പുസ്തകത്തിലെ വിവരം തെറ്റായ ഒന്നാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മൈസൂര്‍ ഗസറ്റൈര്‍ അങ്ങനെയൊരു വിവരം പങ്കുവച്ചിട്ടില്ലെന്ന് മാത്രമല്ല, ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് ടിപ്പു ചെയ്ത പലസഹായങ്ങളും ഗസൈറ്ററില്‍ നല്‍കിയിട്ടുമുണ്ട്. കട്ജു തന്റെ പോസ്റ്റില്‍ വിശദീകരിക്കുന്നു.
1791ല്‍ മറാത്ത സേനാധിപതിയായ പരശുരാം ബാവെയുടെ നേതൃത്വത്തില്‍ ശൃംഗേരി മഠം കൊള്ളയടിക്കുകയും ശാരദാദേവി ക്ഷേത്രം ആക്രമിക്കുകയും ചെയ്തപ്പോള്‍ ഒളിച്ചോടിയ അന്നത്തെ ശങ്കരാചാര്യര്‍ ആയിരുന്ന സച്ചിതാനന്ദ ഭാരതി മൂന്നാമന്‍ സഹായം തേടിയത് ടിപ്പുസുല്‍ത്താന്റെയടുത്താണ്. ഉടനെത്തന്നെ ടിപ്പു ശങ്കരാചാര്യര്‍ക്ക് സഹായമഭ്യര്‍ഥിച്ച് സന്ദേശമയക്കുകയും മറാത്ത അക്രമികളെ തടയാന്‍ പടനീക്കത്തിന് ഉത്തരവിടുകയും ചെയ്തു. അതുമാത്രമല്ല മഠവും ക്ഷേത്രവും വിഗ്രഹങ്ങളും പുനര്‍നിര്‍മിക്കുന്നതിനാവശ്യമായ ധനവും സാമഗ്രികളും എത്തിച്ചുകൊടുക്കാന്‍ ടിപ്പു ഉത്തരവിട്ടു. 1000 എ ഡിയില്‍ നിര്‍മിച്ചതെന്ന് കരുതപ്പെടുന്ന രംഗനാഥ സ്വാമിക്ഷേത്രം ടിപ്പുവിന്റെ കൊട്ടാരത്തിന് വളരെയടുത്തായിരുന്നു. ടിപ്പു ഒരു വര്‍ഗീയ ഭരണാധികാരിയല്ലാത്തതിനാല്‍ ആ ക്ഷേത്രം തകര്‍ത്തില്ലായെന്ന് മാത്രമല്ല, നിരവധി വിലപിടിച്ച വസ്തുക്കള്‍ ദാനമായി നല്‍കുകയും ചെയ്തതിന് രേഖകളുണ്ട്.
ടിപ്പു 1782നും 1799നും ഇടയില്‍ ക്ഷേത്രങ്ങള്‍ക്കായി 34 തവണ വസ്തുദാന പ്രമാണങ്ങള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ഇവയില്‍ സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കോപ്പകള്‍, വെള്ളിപ്പാത്രങ്ങള്‍, ശിവലിംഗങ്ങള്‍, വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടുന്നു. നഞ്ചങ്കുണ്ടിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം, ശ്രീരംഗപട്ടണത്തെ രംഗനാഥ ക്ഷേത്രം, കലാലെയിലെ ലക്ഷ്മീകാന്ത ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ദാനം ചെയ്ത ഉരുപ്പടികള്‍ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇനി ടിപ്പുവിന്റെ കൂടെ നിന്നിരുന്ന ഉദ്യോഗസ്ഥരുടെ കാര്യമെടുക്കാം. അവരില്‍ പ്രധാന സ്ഥാനങ്ങളില്‍ നിരവധി ഹിന്ദുക്കളുണ്ടായിരുന്നു – കട്ജു ഓര്‍മപ്പെടുത്തുന്നു. ടിപ്പുവിന്റെ ഖജാന്‍ജി കൃഷ്ണറാവു, കാവല്‍ സേനയുടെ തലപ്പത്ത് അയ്യങ്കാര്‍ സഹോദരന്മാര്‍, ദിവാനായിരുന്ന കൃഷ്ണാചാര്യ പുര്‍ണിയ, പേഷ്‌ക്കാരായിരുന്ന സുബ്ബറാവു, പ്രധാന നിയമ കാര്യകര്‍ത്താക്കളായ മൂല്‍ചന്ദ്, സുജന്റായ് തുടങ്ങി നിരവധിപേര്‍. ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ബ്രിട്ടീഷ് രാജിന്റെ തന്ത്രത്തിന് അനുസാരിയായി നിന്ന വ്യാജചരിത്ര പൊതുബോധങ്ങളില്‍ നിന്ന് യഥാര്‍ഥവസ്തുതകള്‍ ചികഞ്ഞെടുക്കേണ്ടതുണ്ടെന്നും കട്ജു പറയുന്നു.
ഇന്ത്യ എന്ന രാജ്യം 1947ലാണ് നിലവില്‍ വന്നത്. അതിന് മുന്നെ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ആക്രമണങ്ങളുടെ ഭാഗമായി ഖജനാവും ആയുധ – ആഭരണ ധന പൂഴ്ത്തിവെപ്പ് കേന്ദ്രങ്ങളായ ആരാധനാലയങ്ങള്‍ ആക്രമിക്കുന്നത് മറ്റൊരു ചരിത്രവിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Latest