Connect with us

Gulf

വിമാനയാത്രക്കാരുടെ സങ്കടങ്ങള്‍

Published

|

Last Updated

വ്യോമഗതാഗത മേഖലയിലെ പ്രശ്‌നങ്ങള്‍ ഏറ്റവും ബാധിക്കുന്നത് ഗള്‍ഫിലെ വിദേശികളെ. ഇത്രയധികം വിദേശ സമൂഹം ലോകത്ത് മറ്റൊരിടത്തുമില്ല. നിരന്തരം യാത്ര ചെയ്യുന്നവരാണ് ഇവിടെയുള്ളത്. ഇന്ത്യ-ഗള്‍ഫ് റൂട്ടില്‍ ഇടതടവില്ലാതെയാണ് വിമാനങ്ങള്‍ പറക്കുന്നത്. യാത്രക്കാര്‍ ദിവസവും വിമാനങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഏത് കോണിലായാലും വ്യോമ മേഖലയില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഗള്‍ഫ് വിദേശികള്‍ ആശങ്കയിലാകുന്നു.
ഈജിപ്തില്‍ റഷ്യന്‍ വിമാനം തകര്‍ന്ന് 224 പേര്‍ മരിച്ചത് ജനങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്. വിമാനം തകരാന്‍ എന്താണ് കാരണമെന്ന് ഇനിയും വ്യക്തമല്ല. വിമാനം ബോംബ് വെച്ച് തകര്‍ത്തതാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് അവകാശപ്പെട്ടിരുന്നു. പക്ഷേ, സ്ഥിരീകരണം ലഭിച്ചില്ല. എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ ഭയന്ന്, ലോകമെങ്ങും വിമാനത്താവളങ്ങളിലും സുരക്ഷാപരിശോധന ശക്തമാക്കിയിരിക്കുന്നു. ഈജിപ്തിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഇടയില്‍ “ലഗേജ്” അനുവദിക്കുന്നില്ല.
പൊതുവെ, വിമാനത്താവളങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ നേരത്തെയുണ്ട്. വിമാന ദുരന്തങ്ങള്‍, അതിനെ കുറേക്കൂടി കര്‍ശനമാക്കാന്‍ പ്രേരിപ്പിക്കുന്നു. ഈജിപ്തിലേക്കും തിരിച്ചുമുള്ള എമിറേറ്റ്‌സ് വിമാനങ്ങളെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് പ്രസിഡന്റ് ടിം ക്ലര്‍ക്ക് വ്യക്തമാക്കി. മറ്റു വിമാനക്കമ്പനികളും ഇതേ പാത പിന്തുടരുമെന്നാണ് കരുതേണ്ടത്.
ലോകമെങ്ങും വിമാനയാത്രക്കാര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം തിരിച്ചടികള്‍. വിമാനക്കമ്പനികളും യാത്രക്കാരുടെ സുരക്ഷിതത്വത്തിന് മതിയായ പരിഗണന നല്‍കാറില്ല. എങ്ങനെയെങ്കിലും വിമാനം പറത്തി ലാഭം നേടുകയാണ് ലക്ഷ്യം. ഗള്‍ഫ്-ഇന്ത്യ റൂട്ടില്‍ ചില വിമാനക്കമ്പനികള്‍ പഴയ എയര്‍ ക്രാഫ്റ്റാണ് ഉപയോഗിക്കുന്നതെന്ന പരാതിയുണ്ട്. കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പ്പറ്റിംഗ് നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ പറക്കുന്നില്ല. പകരം ഏര്‍പെടുത്തിയ ചെറിയ വിമാനങ്ങളില്‍ പലതിലും മതിയായ സൗകര്യമില്ല. എയര്‍ ഇന്ത്യയും മറ്റും ബിസിനസ് ക്ലാസ് ഉപേക്ഷിച്ചിട്ട് മാസങ്ങളായി. ചെറിയ വിമാനങ്ങളില്‍ മതിയായ അകലത്തിലല്ല സീറ്റ് ക്രമീകരണം. ഇത് പ്രായമായ യാത്രക്കാര്‍ക്ക് ഏറെ ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
യാത്രക്കാരുടെ ലഗേജ് പലപ്പോഴും യഥാസമയം ലഭ്യമല്ലാതെ വരുന്നു. വിമാനങ്ങളില്‍ യാത്രക്കാരെ പരമാവധി കുത്തിക്കയറ്റുന്ന പ്രവണതക്കെതിരെ മുറുമുറുപ്പുണ്ട്. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ പല വിമാനക്കമ്പനികളും വിമുഖത കാണിക്കുന്നതും പ്രതിഷേധാര്‍ഹമാണ്.
കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായി നാട്ടിലേക്ക് മടങ്ങുന്ന ഒരാള്‍ക്ക് ഷാര്‍ജയില്‍ “സ്‌ട്രെക്ചര്‍” ലഭിച്ചില്ല. സ്‌ട്രെക്ചറിനുള്ള പണം കൗണ്ടറില്‍ അടച്ചിരുന്നു. ഒടുവില്‍ സീറ്റില്‍ ഇരുന്നാണ് രോഗി കോഴിക്കോട്ടെത്തിയത്. ഇതോടെ രോഗം വഷളായി. ഇതിന് ആര് നഷ്ടപരിഹാരം നല്‍കും?.
കെ എം എ

Latest