Connect with us

National

മഹാവിജയം; ബീഹാറില്‍ ബി ജെ പിക്ക് വന്‍ പ്രഹരം

Published

|

Last Updated

bihar 2015പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തില്‍ വിജയം പ്രതീക്ഷിച്ച ബി ജെ പി മൂന്നക്കത്തിലേക്ക് കടക്കാനാകാതെ തകര്‍ന്നടിഞ്ഞു. 243 അംഗ നിയമസഭയില്‍ നിതീഷിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുനൈറ്റഡ്, ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ചേര്‍ന്ന മഹാസഖ്യം 178 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യത്തിന് 58 സീറ്റ് മാത്രമേ നേടാനായുള്ളൂ. ബി ജെ പി 53 സീറ്റില്‍ ഒതുങ്ങി. 101 വീതം സീറ്റുകളില്‍ മത്സരിച്ച ആര്‍ ജെ ഡിയും ജെ ഡി യുവും വന്‍ വിജയം കണ്ടു. ആര്‍ ജെ ഡി 80 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ജെ ഡി യു 71ഉം കോണ്‍ഗ്രസ് 27ഉം സീറ്റ് നേടി.
cartoon.jpg BIHAR ELECTIONഅധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ച് മത്സരരംഗത്തിറങ്ങിയ ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബി ജെ പിക്ക് പകുതിയിലേറെ സീറ്റുകള്‍ നഷ്ടമായി. നരേന്ദ്ര മോദി മുപ്പതിലധികം റാലികള്‍ പങ്കെടുത്ത മേഖലകളില്‍ നിന്നാണ് മഹാസഖ്യത്തിന് ഏറെയും സീറ്റുകള്‍ ലഭിച്ചത്. എന്‍ ഡി എ ഘടകകക്ഷിയായ ജിതന്‍ റാം മാഞ്ജിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ഒരു സീറ്റ് മാത്രമേ നേടിയുള്ളൂ. മാഞ്ജി മത്സരിച്ച ഒരിടത്ത് തോറ്റു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി, ലോക്ജനശക്തി പാര്‍ട്ടി എന്നിവ രണ്ട് വീതം സീറ്റുകള്‍ നേടി. സി പി ഐ- എം എല്‍, സ്വതന്ത്രര്‍ ചേര്‍ന്ന് എട്ട് സീറ്റ് നേടി. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമിന്‍ മത്സരിച്ച ആറ് സീറ്റുകളിലും തോറ്റു. അഞ്ച് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പില്‍ മഹാസഖ്യം 41 ശതമാനം വോട്ട് നേടിയപ്പോള്‍ എന്‍ ഡി എക്ക് 38 ശതമാനം വോട്ട് ലഭിച്ചു. മഹാസഖ്യം മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതോടെ നിതീഷ് കുമാര്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. ആര്‍ ജെ ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ലാലുപ്രസാദ് പറഞ്ഞു.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എന്‍ ഡി എ മുന്നേറ്റം കാഴ്ചവെച്ചെങ്കിലും ആര്‍ ജെ ഡിയുടെ ഉള്‍പ്പെടെ ശക്തികേന്ദ്രങ്ങളിലെ സീറ്റുകള്‍ എണ്ണിയതോടെ മഹാസഖ്യം വലിയ മുന്നേറ്റം കാഴ്ചവെക്കുകയായിരുന്നു. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി ജെ പിയുടെ ഘടകകക്ഷിയായ ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിതീഷിനെ വാഴ്ത്തിയും നരേന്ദ്ര മോദിയെ വിമര്‍ശിച്ചും രംഗത്തെത്തി. ശിവസേനക്ക് പുറമെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തുടങ്ങിയവര്‍ നിതീഷിനെ വാഴ്ത്തി. അസഹിഷ്ണുതയെ പരാജയപ്പെടുത്തി സഹിഷ്ണുത നേടിയ വിജയമാണിതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. നിതീഷിനെ “രാഷ്ട്രീയ ഹീറോ” ആയാണ് ശിവസേന വിശേഷിപ്പിച്ചത്. കേന്ദ്ര നേതൃത്വത്തിനെതിരെ ബി ജെ പി. എം പി ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തെത്തി.
പ്രതീക്ഷിച്ചതിലും മികച്ച വിജയമാണ് മഹാസഖ്യം നേടിയതെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു. ബീഹാറിലേറ്റ പരാജയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വിയെ തുടര്‍ന്ന സഖ്യകക്ഷികളെ പഴിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ രംഗത്തെത്തി. സഖ്യത്തിലുണ്ടായ പിഴവാണ് തോല്‍വിക്ക് കാരണമെന്ന് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടതായി ബി ജെ പി വൈസ് പ്രസിഡന്റ് പ്രഭാത് ഝാ പറഞ്ഞു.

മോദിക്കും ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും ഏറ്റ അടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ജെ ഡി യു നേതാവ് പവന്‍ വര്‍മ അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദിയും അമിത് ഷായും നിതീഷിനെയും ലാലുവിനെയും അഭിനന്ദനം അറിയിച്ചു. 2010ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായാണ് ജെ ഡി യുവും ബി ജെ പിയും മത്സരിച്ചത്. അന്ന് ജെ ഡി യു 115ഉം ബി ജെ പി 91ഉം സീറ്റ് നേടിയിരുന്നു. ഒറ്റക്ക് മത്സരിച്ച ആര്‍ ജെ ഡി 24ഉം കോണ്‍ഗ്രസ് അഞ്ചും സീറ്റാണ് നേടിയത്.

---- facebook comment plugin here -----

Latest