Connect with us

International

പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന: മാലദ്വീപ് വൈസ് പ്രസിഡന്റ് അറസ്റ്റില്‍

Published

|

Last Updated

മാലി: മാലദ്വീപ് പ്രസിഡന്റ് യമീന്‍ അബ്ദുല്‍ഖയ്യൂമിനെ സ്‌ഫോടനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന സംശയിക്കുന്ന വൈസ് പ്രസിഡന്റ് അഹ്മദ് അദീബിനെ മാലി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം പ്രസിഡന്റ് സഞ്ചരിച്ചിരുന്ന ബോട്ട് സ്‌ഫോടനത്തില്‍ തകരുകയും അദ്ദേഹം പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു. ചൈനയില്‍ നിന്ന് ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയ ഉടനെ അഹ്മദ് അദീബിനെ അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് ഇസ്മാഈല്‍ അലി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് വേണ്ടി ഇദ്ദേഹത്തെ പോലീസ് കസറ്റഡിയില്‍ വെച്ചിരിക്കുകയാണ്. ഒരാഴ്ചയായി ചൈനയിലായിരുന്നു അഹ്മദ് അദീബ്. ഇതിനിടയില്‍, ഇദ്ദേഹം തിരിച്ചെത്തിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സഊദി അറേബ്യയില്‍ നിന്ന് ഹജ്ജ് കര്‍മം കഴിഞ്ഞ് തലസ്ഥാനത്തെ വിമാനത്താവളത്തില്‍ നിന്ന് വരുന്നതിനിടെയാണ് സ്പീഡ് ബോട്ട് സ്‌ഫോടനത്തില്‍ തകര്‍ന്നത്. ഭാര്യയും കൂടെയുണ്ടായിരുന്നു. നിസ്സാര പരുക്കുകളോടെ അവരും അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് സ്പീഡ് ബോട്ട് പൊട്ടിത്തെറിച്ചതെന്നായിരുന്നു തുടക്കത്തില്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. പിന്നീടാണ് സംഭവത്തിന് പിന്നില്‍ വൈസ് പ്രസിഡന്റിന് പങ്കുണ്ടെന്ന ആരോപണമുയര്‍ന്നത്. പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്ന് കാണിച്ച് പ്രത്യേക സംഘം അന്വേഷണവും നടത്തി. സാധാരണ നിലയില്‍ പ്രസിഡന്റ് ഇരിക്കാറുള്ള സീറ്റിന് താഴെയാണ് സ്‌ഫോടക വസ്തുക്കള്‍ വെച്ചിരുന്നത്. എന്നാല്‍ സ്‌ഫോടനം നടക്കുമ്പോള്‍ അദ്ദേഹം ഈ സീറ്റിലില്ലായിരുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം, പ്രസിഡന്റിന് നേരെയുണ്ടായ വധശ്രമത്തില്‍ തനിക്ക് പങ്കില്ലെന്നാണ് അദീബിന്റെ വിശദീകരണം. 33ാം വയസ്സില്‍ വൈസ് പ്രസിഡന്റായി സ്ഥാനമേറ്റ അദ്ദേഹം പ്രസിഡന്റ് ഖയ്യൂമിന്റെ അടുത്ത ആളായാണ് അറിയപ്പെടുന്നത്. നേരത്തെ ടൂറിസം മന്ത്രിയായിരുന്ന ഇദ്ദേഹത്തെ പ്രസിഡന്റ് തന്നെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നത്. മാലി നിയമമനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നവര്‍ക്ക് 35 വയസ്സെങ്കിലും ആയിരിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. എന്നാല്‍ അദീബിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേത്തിക്കാന്‍ ഈ നിയമത്തില്‍ മാറ്റം വരുത്തുകയാണുണ്ടായത്. 35ന് പകരം 30 വയസ്സായാല്‍ ഈ സ്ഥാനത്തിരിക്കാമെന്ന് നിയമത്തില്‍ ഭേദഗതി ചെയ്യുകയായിരുന്നു.
സ്‌ഫോടനത്തെ തുടര്‍ന്ന് പ്രതിരോധ മന്ത്രിയെയും പോലീസ് കമ്മീഷണറെയും നേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ രാജ്യത്തിന് വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയും ഇല്ലാത്ത അവസ്ഥയിലാണ്.

Latest