Connect with us

Gulf

എലിയെ കൊല്ലാന്‍ കാര്‍ഗോക്കാരുടെ ഇല്ലം ചുടരുത്‌

Published

|

Last Updated

ദുബൈ മക്തൂം രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം ആരംഭിച്ചിട്ട് അധിക കാലമായിട്ടില്ല. അവിടെ കയറ്റിറക്കുമതിയില്‍ 262.5 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 2013ല്‍ 2,09,209 ടണ്‍ ആയിരുന്നെങ്കില്‍ 2014ല്‍ 7,58,371 ടണ്‍ ആയി. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗം കഴിഞ്ഞ വര്‍ഷം മക്തൂമിലേക്ക് മാറ്റിയെന്നത് നേര് തന്നെ. എന്നാലും ദുബൈയില്‍ കയറ്റിറക്കുമതി കൂടിക്കൂടി വരുകയാണ്. ഇതില്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഡോര്‍ ടു ഡോര്‍ പാര്‍സല്‍ സര്‍വീസ് ഉള്‍പ്പെടും.
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, ഡോര്‍ ടു ഡോര്‍ എന്നാല്‍ നാട്ടിലെ ഉറ്റവര്‍ക്ക് വസ്ത്രങ്ങള്‍, പാചക സാമഗ്രികള്‍, ഭക്ഷ്യോല്‍പന്നങ്ങള്‍ തുടങ്ങിയവ അയക്കുന്നതാണ്. വിശേഷ ദിവസങ്ങള്‍ കടന്നുവരുന്നതിന് മുമ്പ്, പലരും ഉറ്റവര്‍ക്കുള്ള “സമ്മാനങ്ങള്‍” പെട്ടിയിലാക്കി കാര്‍ഗോക്കാരെ സമീപിക്കുന്നു. അവര്‍, വ്യോമ സമുദ്രമാര്‍ഗം നാട്ടില്‍ എത്തിക്കുന്നു. വ്യോമ മാര്‍ഗമാണെങ്കില്‍ പത്തു ദിവസത്തിനകം വീട്ടുപടിക്കല്‍ സമ്മാനങ്ങള്‍ എത്തും. ആയിരക്കണക്കിനാളുകളാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നത്. ഓണം, ഈദ്, ക്രിസ്മസ്, വിദ്യാലയ വര്‍ഷാരംഭം എന്നിങ്ങനെ ഡോര്‍ ടു ഡോറുകാര്‍ക്ക് സീസണുണ്ടായിരുന്നു.
പൊടുന്നനെ അതെല്ലാം താറുമാറായി. നാട്ടിലെ വിമാനത്താവളങ്ങളില്‍ ക്ലിയറന്‍സ് ലഭിക്കാതെ പാര്‍സലുകള്‍ കെട്ടിക്കിടന്നു. ഡല്‍ഹി, മുംബൈ, കൊച്ചി വിമാനത്താവളങ്ങളിലാണ് പ്രധാനമായും ക്ലിയറന്‍സ് സൗകര്യം ഉണ്ടായിരുന്നത്. ചില ഉദ്യോഗസ്ഥരുടെ തല തിരിഞ്ഞനയം കാരണം സ്തംഭനാവസ്ഥയിലായി. മുംബൈയില്‍ ടണ്‍കണക്കിന് പാര്‍സലുകള്‍ ദിവസങ്ങളോളം മഴ നനഞ്ഞ് നശിച്ചു. ആറുമാസമായി പ്രതിസന്ധി തുടരുന്നു. ഇതിനിടയില്‍ ഡല്‍ഹി വിമാനത്താവള ഉദ്യോഗസ്ഥര്‍ മാത്രമാണ് അല്‍ പം കനിവുകാട്ടിയത്. അവര്‍ കുറേശെയായി ക്ലിയറന്‍സ് അനുവദിച്ചു.
യു എ ഇയില്‍ കാര്‍ഗോ ഉടമകളില്‍ ഒരു കള്ളക്കടത്തുകാരന്‍ കടന്നുകൂടിയതാണ് പ്രശ്‌നത്തിന് അടിസ്ഥാന കാരണം. അയാളെ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നിട്ടും കാര്‍ഗോ കമ്പനികളെ സംശയക്കണ്ണോടെയാണ് കസ്റ്റംസ് നോക്കുന്നത്. എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നു.
കള്ളക്കടത്തു കണ്ടുപിടിക്കാന്‍ ആധുനിക സാമഗ്രികള്‍ ധാരാളമുണ്ട്. ഈയിടെ ജബല്‍ അലി തുറമുഖത്ത് കൂറ്റന്‍ കവാടം സ്ഥാപിക്കപ്പെട്ടു. അതിലൂടെ ചരക്കുനിറച്ച വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കവാടം സ്വമേധയാ സ്‌കാന്‍ ചെയ്യും. കുറ്റമറ്റ സംവിധാനമാണത്. അത്രയേ വിമാനത്താവളങ്ങളിലും ആവശ്യമുള്ളു.
ഡോര്‍ ടു ഡോര്‍ പാര്‍സല്‍ സര്‍വീസ് സാധാരണക്കാരുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൂടുതലായും ആശ്രയിക്കുന്നത് മലയാളികള്‍- കാരണം അവരാണ് വിദേശികള്‍ക്കിടയില്‍ നാട്ടിലെ കുടുംബങ്ങളുമായി നിരന്തരം ഏറ്റവും അടുപ്പം പുലര്‍ത്തുന്ന സമൂഹം. ഡോര്‍ ടു ഡോര്‍ കാര്‍ഗോ കമ്പനികള്‍ ഗള്‍ഫില്‍ ധാരാളമായി രംഗത്തുവരുന്ന സമയത്താണ് പൊടുന്നനെ പ്രതിസന്ധി രൂപപ്പെട്ടത്. പലര്‍ക്കും തൊഴില്‍ നഷ്ടമായി. ഉടമകള്‍ക്ക് നിക്ഷേപം പോയി. ഉപയോക്താക്കള്‍ക്ക് നിരാശയായി.
ദക്ഷിണേന്ത്യയില്‍ വലിയ സൗകര്യമുള്ള ധാരാളം വിമാനത്താവളങ്ങളുണ്ട്. അവിടെയൊക്കെ ക്ലിയറന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയാല്‍ കയറ്റിറക്കുമതി സുഗമമാകും. സര്‍ക്കാറിന് നികുതിയിനത്തില്‍ വന്‍തുക നേടാനാകും. ഇതൊക്കെ മനസിലാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഒരു ശ്രമം എങ്കിലും നടത്തണം.

Latest