Connect with us

Kerala

ടെക്‌നോപാര്‍ക്ക് രജതജൂബിലിയുടെ നിറവില്‍

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തേതും നിലവിലുള്ള ഏറ്റവും വലിയ ഐ ടി പാര്‍ക്കുമായ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് രജതജൂബിലി നിറവിലേക്ക്. കേരളത്തില്‍ വിവര സാങ്കേതിക വിപ്ലവത്തിന് അടിസ്ഥാന ശിലയിട്ട ടെക്‌നോ പാര്‍ക്കിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഔപചാരിക തുടക്കം പുതിയ ലോഗോ പ്രകാശനത്തിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. മസ്‌കത്ത് ഹോട്ടലില്‍ നാളെ വൈകീട്ട് അഞ്ചരക്ക് നടക്കുന്ന പരിപാടിയില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും മറ്റു മന്ത്രിമാരും പ്രമുഖ വ്യക്തികളും പങ്കെടുക്കും. 1990 ജൂലൈ 28 നായിരുന്നു ടെക്‌നോപാര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചത്. ഭാരതത്തിലെ ഏറ്റവും ഹരിതാഭമായ ടെക്‌നോളജി പാര്‍ക്കെന്ന് അറിയപ്പെടുന്ന അന്താരാഷ്ട്ര നിലവാരമുള്ള തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്റെ മൂന്നാംഘട്ട വികസന പദ്ധതികള്‍ നേരിട്ട് കാണാന്‍ ഈ മാസം 29 ന് മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും അവസരമൊരുക്കും. വൈകീട്ട് അഞ്ചരക്ക് ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട ക്യാമ്പസില്‍ ഇതിനോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ സംഘടിപ്പിക്കും. 30 ന് ടെക്‌നോ പാര്‍ക്കിലെ വിവിധ കമ്പനികളുടെ സി ഇ ഒമാര്‍ പങ്കെടുക്കുന്ന സമ്മേളനവും നടക്കും. . ടെക്‌നോ പാര്‍ക്കിന്റെ ആദ്യകാലം മുതല്‍ പാര്‍ക്കിനെ ഇന്നത്തെ നിലയില്‍ എത്തിക്കാന്‍ പ്രയത്‌നിച്ച എല്ലാ വ്യക്തികളെയും, ഉദ്യോഗസ്ഥരെയും ഈ ചടങ്ങിലേക്ക് ക്ഷണിക്കും.
ടെക്‌നോ പാര്‍ക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ പ്രധാന ചടങ്ങ് അടുത്ത മാസം അഞ്ചിന് വൈകീട്ട് ടെക്‌നോപാര്‍ക്കിലെ പാര്‍ക്ക്‌സെന്ററിനടുത്തുള്ള ആംഫി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഐ ടി വകുപ്പ് ഉദ്യോഗസ്ഥര്‍, കമ്പനി മേധാവികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. ടെക്‌നോപാര്‍ക്കിന്റെ പുതിയ പദ്ധതികള്‍ക്ക് ആഗസ്റ്റില്‍ നടക്കുന്ന വിവിധ പരിപാടികളിലൂടെ തുടക്കം കുറിക്കും. ഖരമാലിന്യ നിര്‍മാര്‍ജന പദ്ധതിയുടെ ഉദ്ഘാടനം, സുരക്ഷാ കണ്‍ട്രോള്‍ റൂം ഉദ്ഘാടനം, ടെക്‌നോ പാര്‍ക്ക് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുന്ന ഏറ്റവും വലിയ കെട്ടിടത്തിനായുള്ള തറക്കല്ലിടല്‍ തുടങ്ങിയവയാണ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി തുടര്‍ന്നുള്ള പ്രധാന പരിപാടികള്‍.

Latest