Connect with us

Ongoing News

ജീവിതം നന്മകള്‍ നിറഞ്ഞതാണ്

Published

|

Last Updated

മതത്തിന്റെ അനുശാസനകള്‍ക്കനുസരിച്ച് ജീവിക്കുന്നത് ബുദ്ധിമുട്ടാണെന്ന മിഥ്യാധാരണ മനുഷ്യനെ വഴി തെറ്റിക്കാന്‍ പിശാച് നിര്‍മിച്ചതാണ്. നിഷ്പക്ഷമായി ചിന്തിക്കുന്നവന് മതം എളുപ്പമാണ് അത് ലളിതവുമാണ്. ചെറുതും വലുതുമായ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള കൃത്യമായ പരിഹാരവും ഒറ്റമൂലി. മനുഷ്യന് അവന്റെ സ്രഷ്ടവായ അല്ലാഹു നിര്‍ണയിച്ച് നല്‍കിയ നിയമ വ്യവസ്ഥകള്‍ അംഗീകരിക്കുയല്ലാതെ മാര്‍ഗമില്ല. സമാധാനം മറ്റെവിടെ നിന്ന് ലഭിക്കില്ല.
പ്രയാസപ്പെടാതെ ഒന്നുംനേടാനാകില്ല ഓരോ നേട്ടത്തിന്റെയും പിന്നില്‍ ഒട്ടേറെപ്പേരുടെ കഠിന പ്രയത്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുന്ദരമായ ഒരു ചിത്രശലഭം ജന്മമെടുക്കുന്നതിന് എന്തു മാത്രം ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ട്? ഇത് പ്രകൃതിയുടെ അനിഷേധ്യമായ നിയമമാണ്. ജീവശാസ്ത്ര സത്യമാണ്. “കൊക്കൂണില്‍ നിന്ന് ചിത്രശലഭം പുറത്തുവരുന്നതിനായി അതനുഭവിക്കുന്ന കഷ്ടതകള്‍ വിവരണാതീതമാണ്. നാം അനുഭവിക്കുന്ന ഏത് പ്രയാസത്തിന്റെ പിന്നിലും ഒരു എളുപ്പവും പ്രശ്‌നരഹിതമായ അവസ്ഥയും ഉണ്ടാകാതിരിക്കില്ല. സത്യാസത്യ വിവേചന ഗ്രന്ഥമായ ഖുര്‍ആന്‍ അത് കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഈ ലോക ജീവിതവും അതിലെ സകലമാന അനുഭവങ്ങളും അത് സൗഖ്യമാകട്ടെ ബുദ്ധിമുട്ടാകട്ടെ നമ്മെ പരീക്ഷിക്കുവാന്‍ വേണ്ടിയുള്ളതാണ്. നിങ്ങളെ നാം നന്മ കൊണ്ടും തിന്മ കൊണ്ടും പരീക്ഷിക്കുമെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഭൗതിക ലോകത്ത് നല്ല ആരോഗ്യവും സമ്പത്തും സൗകര്യങ്ങളും ലഭിക്കുന്നത് വലിയ അംഗീകാരമല്ല. രോഗമോ ദു:ഖമോ പ്രയാസമോ നിരന്തരം ഉണ്ടാകുന്നത് പരാജയവുമല്ല.രണ്ടും പരീക്ഷണം മാത്രമാണ്. ദു:ഖങ്ങളും ദുരിതങ്ങളുമില്ലാത്ത ജീവിതം വിശ്വാസിക്ക് പരലോകത്ത് മാത്രമായിരിക്കും . ഇവിടെ എന്തു മാത്രം സൗകര്യങ്ങളുടെ നടുവില്‍ തിമര്‍ത്തു ജീവിക്കുന്നവനും ഉള്ളിന്റെ ഉള്ളില്‍ ഒട്ടേറെ ടെന്‍ഷനുകള്‍ അവനെ വേട്ടയാടാതിരിക്കില്ല. ക്ഷമയോടെയും വിജയ പ്രതീക്ഷയോടെയുമുള്ള ജീവിതമാണ് വിശ്വാസിക്ക് അഭികാമ്യം. ഈ തിരുവചനം എന്തു മാത്രം ശ്രദ്ധേയമാണ്.”സത്യ വിശ്വാസിയുടെ കാര്യം അത്ഭുതം തന്നെ അല്ലാഹു അവന് എന്ത് വിധിച്ചാലും അത് അവന്‍ നന്മ തന്നെ . അവന് ഒരു അനുഗ്രഹം ലഭിച്ചാല്‍ അവന്‍ നന്ദിയുള്ളവനാകും. അത് അവന് നന്മയായിത്തീരുന്നു. അവനൊരു പരീക്ഷണം അനുഭവിക്കേണ്ടി വന്നാല്‍ അതിലവന്‍ ക്ഷമിക്കുന്നു. അപ്പോഴതും അവന് നന്മയായി ഭവിക്കുന്നു”. എല്ലാറ്റിനുമൊടുവില്‍ വിശ്വാസിക്ക് ലഭിക്കുന്നത് നന്മകളും നേട്ടങ്ങളും മാത്രം.

---- facebook comment plugin here -----

Latest