Connect with us

International

ഗ്രീക്ക് ജനത ഹിതം രേഖപ്പെടുത്തി; ഫലം സര്‍ക്കാറിന് അനുകൂലം

Published

|

Last Updated



ഏഥന്‍സ്: വായ്പാ ദാതാക്കള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ സ്വീകരിക്കണമോ എന്നത് സംബന്ധിച്ച് ഗ്രീസില്‍ ഇന്നലെ നടന്ന ഹിതപരിശോധനയുടെ ഫലം ര്‍ക്കാറിന് അനുകൂലം. മൊത്തം രേഖപ്പെടുത്തിയ വോട്ടുകളില്‍ 62 ശതമാനത്തിന്റെ പിന്തുണ സര്‍ക്കാറിനൊപ്പമുണ്ട്. യൂറോപ്യന്‍ യൂനിയനും ഐ എം എഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും മുന്നോട്ട് വെച്ച നിബന്ധനകള്‍ അംഗീകരിക്കേണ്ടെന്ന് വ്യക്തമാക്കുന്ന “നോ” വോട്ടിന് ഭൂരിപക്ഷം നേടിയതോടെ സര്‍ക്കാറിന് കൂടുതല്‍ ശക്തമായി വിലപേശാന്‍ സാധിക്കും. മാത്രമല്ല ഗ്രീസ് യൂറോസോണില്‍ നിന്ന് പുറത്ത് കടക്കുന്നതിനും ഇത് കാരണമാകും. ഐ എം എഫ് വായ്പാ ഗഡു അടക്കാന്‍ സാധിക്കാതെ പ്രതിസന്ധിയിലായ ഗ്രീസിന് അധിക പാക്കേജ് അനുവദിക്കണമെങ്കില്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ കൈകൊള്ളണമെന്നായിരുന്നു ഇ യുവിന്റെ ശാഠ്യം. ഇതോടെയാണ് ഗ്രീസിലെ ഇടത് ആഭിമുഖ്യമുള്ള പ്രധാനമന്ത്രി അലക്‌സി സിപ്രാസ് ഹിതപരിശോധന പ്രഖ്യാപിച്ചത്.
ഹിതപരിശോധനയുടെ ഭാഗമായി രാജ്യത്തെ പോളിംഗ് ബൂത്തുകളില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന അഭിപ്രായ വോട്ടെടുപ്പുകളില്‍ വായ്പാ ദാതാക്കളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ ഇരു വിഭാഗത്തിനും ഏകദേശം തുല്യ വോട്ടുകള്‍ ലഭിക്കുമെന്നായിരുന്നു പ്രവചനം. ഒരു കോടിയോളം ഗ്രീക്കുകാര്‍ക്ക് വോട്ടിംഗ് അവകാശമുണ്ടായിരുന്നു. വോട്ടെടുപ്പില്‍ വായ്പാ ദാ താക്കള്‍ക്ക് പ്രതികൂലമായി നോ എന്ന് വോട്ട് രേഖപ്പെടുത്താന്‍ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. നോ വോട്ടുകള്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ കൈകളെ ശക്തിപ്പെടുത്തുമെന്നും ഇത് അന്താരാഷ്ട്ര വായ്പാ ദാതാക്കളുമായുള്ള ചര്‍ച്ചകളില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ഇന്നലെ രാവിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷവും ഇക്കാര്യം സിപ്രാസ് ഓര്‍മിപ്പിച്ചു.
സ്വന്തം കൈകളാല്‍ വിധിയെഴുതാനുള്ള ജനങ്ങളുടെ ദൃഢനിശ്ചയം നല്‍കുന്ന സന്ദേശം ആര്‍ക്കും അവഗണിക്കാനാകില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ധനകാര്യ മന്ത്രി യാനിസ് വാരുഫാക്കിസും വോട്ട് രേഖപ്പെടുത്തി. ഹിതപരിശോധന ഫലം വായ്പാ ദാതാക്കള്‍ക്ക് അനുകൂലമാംവിധം യെസ് പക്ഷത്തിനാണെങ്കില്‍ രാജിവെക്കുമെന്ന് വാരുഫാക്കിസ് പറഞ്ഞതായി ജര്‍മനിയിലെ ബില്‍ഡ് പത്രം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹിതപരിശോധനയുടെ മുന്നോടിയായി ഇരു വിഭാഗത്തിന്റെയും കൂറ്റന്‍ റാലികള്‍ കഴിഞ്ഞ ദിവസം രാജ്യത്ത് നടന്നിരുന്നു. നികുതി വര്‍ധിപ്പിക്കുക, പെന്‍ഷന്‍ വെട്ടിക്കുറക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് വായ്പാ ദാതാക്കളായ യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബേങ്കും ഐ എം എഫും മുന്നോട്ട് വെക്കുന്നത്.

Latest