Connect with us

Editorial

മലേഗാവ് സ്‌ഫോടന കേസിന്റെ ഭാവി?

Published

|

Last Updated

മാലേഗാവ് സ്‌ഫോടന കേസ് അട്ടിമറക്കാനുള്ള കേന്ദ്ര നീക്കത്തില്‍ അത്ഭുതമില്ല. മോദി സര്‍ക്കാറിന്റെ അധികാരാരോഹണത്തോടെ മലേഗാവ്, സംഝോത എക്‌സ്‌പ്രെസ്, അജ്മീര്‍ ദര്‍ഗ, മക്കാ മസ്ജിദ് തുടങ്ങിയ സ്‌ഫോടന കേസുകള്‍ക്ക് തുമ്പില്ലാതാക്കാനുള്ള ശ്രമങ്ങള്‍ പ്രതീക്ഷിക്കപ്പെട്ടതാണ്. നേരത്തെ മുസ്‌ലിം യുവാക്കള്‍ക്ക് മേല്‍ കെട്ടിവെച്ച ഈ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ ഭീകരവാദികളാണെന്ന സത്യം വെളിപ്പെട്ടതോടെ അന്വേഷണ ഏജന്‍സികളെ സ്വാധീനിക്കാനുള്ള തീവ്രശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടായതാണ്. തുടക്കത്തില്‍ കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എന്‍ ഐ എ സംഘത്തിന്റെ സത്യസന്ധമായ നിലപാട് മൂലമാണ് അത് സാധ്യമാകാതെ വന്നതും ഈ കേസുകളുടെ ചുരുളുകള്‍ അഴിഞ്ഞതും.
ബി ജെ പി സര്‍ക്കാര്‍ വന്നതോടെ ഭരണ സ്വാധീനം വിനിയോഗിച്ചായി ഈ നീക്കങ്ങള്‍. മലേഗാവ് കേസ് കൈകാര്യം ചെയ്യുന്ന പബ്ലിക് പ്രോസിക്യൂട്ടറെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായത് അതോടെയാണ്. കേസില്‍ മൃദുല നിലപാട് സ്വീകരിക്കാന്‍ പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ രോഹിണി സാലിയാനോട് എന്‍ ഐ എയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഖേന മോദി സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. രോഹിണി തന്നെയാണ് കഴിഞ്ഞ ദിവസം പ്രമുഖ ഇംഗ്ലീഷ് പത്രത്തെ ഇക്കാര്യം അറിയിച്ചത്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ എന്‍ ഐ എയിലെ ഒരു പ്രമുഖന്‍ ഫോണില്‍ വിളിച്ചും നേരിട്ടുവന്നു കണ്ടും കേസ് നടപടികളില്‍ മൃദുസമീപനം സ്വീകരിക്കണമെന്നാവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജൂണ്‍ 12ന്, സെഷന്‍സ് കോര്‍ട്ടില്‍ കേസിന്റെ വാദം നടക്കുന്നതിനിടയിലും ഇതേ ഉദ്യോഗസ്ഥന്‍ അവരെ സന്ദര്‍ശിച്ചു കേസ് വാദിക്കാന്‍ സക്കാര്‍ മറ്റൊരു അഭിഭാഷകനെ നിയേഗിച്ചതായും അവര്‍ ഇനി ഹാജറാകേണ്ടതില്ലെന്നും അറിയിച്ചു. നേരാംവിധം മുന്നോട്ട് പോയാല്‍ കേസ് തങ്ങള്‍ക്കെതിരാകുമെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ നീക്കമെന്നും പിന്നീട് താന്‍ കോടതിയില്‍ ഹാജറായിട്ടില്ലെന്നും രോഹിണി പറയുന്നു.
2008 സെപ്റ്റംബര്‍ 29നാണ് ഏഴ് പേരുടെ മരണത്തിനിടയാക്കിയ മലേഗാവ് സ്‌ഫോടനം നടന്നത്. ആദ്യം മുസ്‌ലിം യുവാക്കളാണ് ഈ കേസില്‍ അറസ്റ്റിലായത്. പ്രമുഖ സന്യാസിനി പ്രജ്ഞ സിംഗ് ഠാക്കൂറിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വ ശക്തികളാണ് ഇതിന് പിന്നിലെന്ന് സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി സ്വാമി അസീമാനന്ദ കാരവന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതോടെയാണ് യഥാര്‍ഥ ചിത്രം പുറത്തു വരുന്നത്. മാലേഗാവ് സ്‌ഫോടനം മാത്രമല്ല, സംഝോത എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ, ഹൈദരാബാദ് മക്കാ മസ്ജിദ് തുടങ്ങിയ സ്‌ഫോടനങ്ങളും ഹിന്ദുത്വ ശക്തികളാണ് ആസൂത്രണം ചെയ്തതെന്നും ആര്‍എസ് എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ സമ്മതതോടെയായിരുന്നു ഇതെല്ലാമെന്നും വ്യക്തമാകുകയുണ്ടായി. തീവ്രവാദത്തെയും ഭീകരതയെയും സംബന്ധിച്ചു സംഘ്പരിവാറും അവരുടെ സ്വാധീന വലയത്തിലുള്ള മാധ്യമങ്ങളും പ്രചരിപ്പിച്ച ധാരണകളെയും വിചിത്രവാദങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു അസീമാനന്ദയുടെ കുറ്റസമ്മതം. ഇതോടെ പാക് തീവ്രവാദ ഗ്രൂപ്പുകളും സംഘ്പരിവാറും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിച്ചത്താകുകയും ഇന്ത്യാ വിരുദ്ധര്‍, പാക് ചാരന്മാര്‍ തുടങ്ങി മുസ്‌ലികള്‍ക്കെതിരെ അവര്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തിരിഞ്ഞടിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ അയോധ്യാ സംഭവത്തിന് ശേഷം രാജ്യത്ത് നടന്ന മിക്ക സ്‌ഫോടന കേസുകളും സംശയത്തിന്റെ നിഴലിലാണ്. അധികാരികള്‍ വിധിയെഴുതിയത് പോലെ ഇവയെല്ലാം മുസ്‌ലിം തീവ്രവാദ സംഘനകള്‍ തന്നെയാണോ നടത്തിയത്, അതോ ഹിന്ദുത്വ ഫാസിസത്തിന്റെ ആസൂത്രണമോ എന്ന കാര്യത്തില്‍ ഒരു പുനരന്വേഷണം വേണമെന്ന് ചില മനുഷ്യാവകാശ സംഘനകള്‍ ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലമിതാണ്.
കോടതികള്‍ക്ക് മുമ്പാകെയുള്ള ഇത്തരം സ്‌ഫോടനക്കേസുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ സത്യസന്ധമായി മുന്നോട്ട് പോയാല്‍ കാര്യം അപകടമാണെന്ന് സംഘ്പരിവാര്‍ മനസ്സിലാക്കുന്നുണ്ട്. ഫെഡറല്‍ സംവിധാനം അട്ടിമറിച്ചു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണ് സ്‌ഫോടനങ്ങളെന്ന് വ്യക്തമാക്കുന്ന സംഘ്പരിവാര്‍ രഹസ്യ യോഗങ്ങളിലെ ചര്‍ച്ചകളും സംഭാഷണങ്ങളും എന്‍ ഐ എ പിടിച്ചെടുത്ത സന്യാസി ദയാനന്ദ് പാണ്ഡെയുടെ ലാപ്‌ടോപ്പിലുള്ളതായി രോഹിണി സാലിയാന്‍ തന്നെ വെളിപ്പെടുത്തിയതാണ്. ഇതായിരിക്കണം കേസ് അട്ടിമറിക്കാന്‍ അവര്‍ എല്ലാ പഴുതുകളുമന്വേഷിക്കുന്നത്. രോഹിണി സാലിയാനിനെ കേസ് കൈകാര്യം ചെയ്യന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കുകയും മോദി സര്‍ക്കാറിന്റെ ഹിതാനുസാരം അത് കൈകാര്യം ചെയ്യുന്ന മറ്റൊരു അഭിഭാഷകനെ നിയോഗിക്കുകയും ചെയ്ത സാഹചര്യത്തില്‍ മലേഗാവ് സ്‌ഫോടന കേസിന്റെ ഭാവിയും അന്ത്യവും ഇനി കണ്ടറിയണം.

Latest