Connect with us

Ongoing News

കാശ്മീര്‍ താഴ്‌വരയിലെ റമസാന്‍ വിശേഷം

Published

|

Last Updated

മഞ്ഞു പുതച്ചുറങ്ങുന്ന മലനിരകള്‍, മഞ്ഞ് പെയ്തിറങ്ങിയ പാതകള്‍, ഇളം കാറ്റില്‍ ഓളം വെട്ടുന്ന സുന്ദരമായ ധാല്‍ തടാകം, ഇവിടെ ഒഴുകി നടക്കുന്ന പുന്തോട്ടം, ഒപ്പം കെട്ടുവള്ളങ്ങളും. കൊതിപ്പിക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍. കാശ്മീര്‍ കണ്ടാല്‍ കൊതി തീരില്ല ആര്‍ക്കും. പക്ഷേ ഇവിടെ മലമടക്കുകളില്‍ നിന്ന് ഇടക്കിടെ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങളും പൊട്ടിത്തെറികളുമാണ് ഇവിടത്തുകാരുടെ ഉറക്കം കെടുത്തുന്നത്. റമസാന്‍ കാലത്തും ഈ ഭീതിക്ക് മാറ്റമൊന്നുമില്ല. 20 വര്‍ഷമായി ധാല്‍ തടാകത്തിന് സമീപം കരകൗശല വസ്തുക്കളുടെ വില്‍പ്പന നടത്തുകയാണ് സഫര്‍ അഹ്മദ്. റമസാന്‍ മാസമായതിനാല്‍ ടൂറിസ്റ്റുകളുടെ എണ്ണം കുറവായതിനാല്‍ വില്‍പ്പനയും കുറവാണ്. രാവിലെ എട്ട് മണിക്ക് കട തുറന്നാല്‍ വൈകും വരെ തടാക തീരത്ത് തന്നെയാണ് ജീവിതം. റമസാന്‍ മാസമായതിനാല്‍ സമയത്തില്‍ ചെറിയ മാറ്റമുണ്ട്.

7.45 ന് മഗ്‌രിബ് ബാങ്ക് വിളിയുയര്‍ന്നാല്‍ സുഹൃത്തുക്കളായ ബിലാലിനും അഷ്‌റഫിനും ഇഖ്ബാലിനുമൊപ്പം കടയിലിരുന്ന് നോമ്പ് തുറക്കും. ഈത്തപ്പഴവും വെള്ളവും ജ്യൂസും ഡ്രൈ ഫ്രൂട്ടുമാണ് നോമ്പ് തുറ വിഭവങ്ങള്‍. പിന്നെ തൊട്ടടുത്ത ജാമിഅ മസ്ജിദിലേക്ക്. ഇവിടെ നിന്ന് ഇശാഅും തറാവീഹും കഴിഞ്ഞാല്‍ ഇമാം മിഅ്‌റാജുദ്ദീന്റെ ചെറിയ ഉദ്‌ബോധനം. ഖുര്‍ആനിന്റെ വചനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അല്‍പ്പനേരത്തെ പ്രഭാഷണം. അതു കഴിഞ്ഞ് ശ്രീനഗറിലെ റാവല്‍പുരയിലെ വീട്ടിലേക്ക്. അവിടെ ഭാര്യ ദീപ ബീഗത്തിനും മക്കളായ അര്‍മിനക്കും നൂറൈനുമൊപ്പം ഭക്ഷണം. കീമാത്തും ദാലും റൊട്ടിയും കാശ്മീരി ടിക്കയും മട്ടണ്‍ കറിയുമൊക്കെയാണ് ഇവരുടെ ഇഫ്താര്‍ വിഭവങ്ങള്‍.
തണുത്ത കാറ്റ് വീശുന്ന കാശ്മീരിലെ റമസാന്‍ ദിനങ്ങള്‍ ഒരിക്കലും സഫര്‍ അഹ്മദിനും കുടുംബത്തിനും കാഠിന്യമേറിയതായിട്ടില്ല. പക്ഷേ ഇടക്കിടക്കുള്ള പൊട്ടിത്തെറികളും പേടിപ്പെടുത്തുന്ന ശബ്ദങ്ങളുമാണ് ഇവരെ അസ്വസ്ഥരാക്കുന്നത്. രണ്ട് ദിവസം മുമ്പ് തിവ്രവാദികളുമായുള്ള ആക്രമണത്തില്‍ രണ്ട് മരണങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസം ജാമിഅ മസ്ജിദിലേക്കും തിരിച്ചുമുള്ള യാത്രക്കിടയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയത്തോടെയാണ് നോക്കിയിരുന്നത്. ചിലര്‍ ദേഹപരിശോധന നടത്തും. പള്ളിയിലേക്കാണെന്ന് അറിഞ്ഞാലും ചിലര്‍ തടഞ്ഞുവെക്കും. ഇതൊക്കെയാണ് കാശ്മീരികളായ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍.
പെരുന്നാള്‍ ദിനങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സഫര്‍ അഹ്മദും കൂട്ടുകാരും.