Connect with us

Kerala

പുതുക്കിയ റേഷന്‍ കാര്‍ഡ് കൈയില്‍ കിട്ടാന്‍ വൈകും

Published

|

Last Updated

കോഴിക്കോട്: നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുന്നതിനാല്‍ സംസ്ഥാനത്തെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണവും വൈകും. നേരത്തെ ജൂലൈയില്‍ നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, നിലവിലെ നടപടിക്രമങ്ങളുടെ വേഗമനുസരിച്ച് ഡിസംബറില്‍ നല്‍കുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം, ബി പി എല്‍ പട്ടികക്ക് പകരമുള്ള മുന്‍ഗണനാപട്ടികയുടെ കരട് ജൂണില്‍ പ്രസീദ്ധീകരിക്കും. ഈ പട്ടികയെ കുറിച്ചുള്ള പരാതികള്‍ പരിശോധിച്ച ശേഷമാണ് പഞ്ചായത്ത് തലത്തില്‍ പട്ടിക പ്രസിദ്ധീകരിക്കുക. ഇതിലെയും പരാതി പരിഹരിച്ച് മാത്രമെ അന്തിമപട്ടിക തയ്യാറാക്കൂ. പൊതുവിതരണ മേഖലയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണവും റേഷന്‍കടകളില്‍ ഭക്ഷ്യധാന്യമെത്തിക്കലും പൂര്‍ത്തിയാക്കിയാലേ ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍വരുത്താനാകൂവെന്ന് കേന്ദ്രം സംസ്ഥാനത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്ന് തവണ ഇത്തരത്തില്‍ കേരളത്തിന് സമയം നീട്ടി നല്‍കിയിരുന്നെങ്കിലും ഇതുവരെ സംസ്ഥാനത്തിന് ഇത് പൂര്‍ത്തീകരിക്കാനായിട്ടില്ല. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പായി ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെന്നാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയിരുന്നത്.
എന്നാല്‍, മാര്‍ച്ച് 31ന് കമ്പ്യൂട്ടവത്കരണം നടപ്പാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. മാത്രമല്ല, രാജ്യത്ത് ഭക്ഷ്യസുരക്ഷാ പദ്ധതി ഏര്‍പ്പെടുത്തിയ 11 സംസ്ഥാനങ്ങളില്‍ നാലിടത്തു മാത്രമെ കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കിയുള്ളൂവെന്നാണ് സംസ്ഥാനം വാദിക്കുന്നത്. അപേക്ഷാഫോറങ്ങള്‍ യഥാസമയം വിതരണം ചെയ്യാന്‍ കഴിയാത്തതും ഫോട്ടോയെടുക്കല്‍ അനിശ്ചിതമായി നീണ്ടതുമാണ് പുതുക്കിയ റേഷന്‍ കാര്‍ഡിന്റെ നടപടി വൈകിപ്പിച്ചത്.
സംസ്ഥാനത്തെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ആദ്യം മെയ് മാസമെന്നും പിന്നീട് ജൂലൈയെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണമാണ് നീളുന്നത്.
കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫോട്ടോയെടുക്കല്‍ 95 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. ഫോട്ടോയെടുക്കാന്‍ കഴിയാത്തവര്‍ക്കായി 25 റേഷന്‍കടകള്‍ക്ക് ഒരു സ്‌പെഷ്യല്‍ ക്യാമ്പ് എന്ന രീതിയില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. അസുഖമുളളവരുടെ വീട്ടില്‍പ്പോയി ഉദ്യോഗസ്ഥര്‍ ഫോട്ടോ എടുത്തുനല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, പലയിടത്തും ഇത് നടക്കുന്നില്ല. അതേസമയം, സ്‌പെഷ്യല്‍ ക്യാമ്പ് നടത്താതെ ചിലര്‍ നടത്തിയെന്ന രീതിയില്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് ആരോപണവുമുണ്ട്. ഫോട്ടോയെടുക്കല്‍ നടപടിക്രമം പൂര്‍ത്തിയായാല്‍ മാത്രമേ ഡാറ്റാ എന്‍ട്രി ജോലി തുടങ്ങാനാകൂ. ഡാറ്റാ എന്‍ട്രി സി-ഡിറ്റ്, കുടുംബശ്രീ, അക്ഷയ എന്നിവയെയാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കുടുംബശ്രീയില്‍ ഡാറ്റാ എന്‍ട്രിക്കായി യാതൊരു സംവിധാനവും നിലവിലില്ല. സെന്ററുകളില്‍ 40 കമ്പ്യൂട്ടറുകളെങ്കിലും വേണം. എന്നാലേ പൂര്‍ത്തിയാകുകയുള്ളൂ. എന്നാല്‍, കുടുംബശ്രീയിലും മറ്റിടങ്ങളിലും ഡാറ്റാ എന്‍ട്രിക്കായുള്ള അടിസ്ഥാന സൗകര്യമില്ലാത്തത് പ്രവര്‍ത്തനത്തെ ബാധിക്കും. ഇതുകൊണ്ട് തന്നെ നടപടിക്രമങ്ങള്‍ വൈകാനാണ് സാധ്യത.
ഇതിലേറെ സംവിധാനവുമായി മുമ്പ് റേഷന്‍ കാര്‍ഡ് പുതുക്കിയത് കെല്‍ട്രോണായിരുന്നു. എന്നിട്ടും നിരവധി അച്ചടി പിശകുകള്‍ കടന്നു വന്നിരുന്നു. ഡാറ്റാ എന്‍ട്രിയില്‍ സൗകര്യങ്ങള്‍ കുറഞ്ഞാല്‍ പഴയ പടി തന്നെ സംഭവിക്കും. ഡാറ്റാ എന്‍ട്രിക്ക് ശേഷമാണ് അച്ചടി ആരംഭിക്കുക. റേഷന്‍കാര്‍ഡ് പുതുക്കല്‍ വൈകുകയാണെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍, അനിശ്ചിതമായി നീണ്ടുപോകുകയാണ് ചെയ്യുന്നത്.
റേഷന്‍കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷാഫോറത്തിന്റെ വിതരണം ജനുവരി ഒന്ന് മുതലാണ് തുടങ്ങിയത്. പീന്നിട് ഫോട്ടോയെടുക്കാന്‍ നാല് മാസമാണ് വേണ്ടിവന്നത്. ഡാറ്റാ എന്‍ട്രിക്കായി ഇതിലും കൂടുതല്‍ സമയം വേണ്ടി വരും. റേഷന്‍ കാര്‍ഡ് അവസാനം പുതുക്കിയത് 2007ല്‍ ആണ്. നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ കാലാവധി 2012ല്‍ അവസാനിച്ചിരുന്നു. കാലാവധി കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതുക്കല്‍ ആരംഭിച്ചത്.

Latest