Connect with us

Gulf

അഞ്ചു തവണ തുടര്‍ച്ചയായി ഹംദാന്‍ അവാര്‍ഡ് നേടി സിംറാന്‍

Published

|

Last Updated

ദുബൈ ഉപഭരണാധികാരിയും സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമില്‍ നിന്ന് സിംറാന്‍ അവാര്‍ഡ് സ്വീകരിക്കുന്നു

ദുബൈ: അഞ്ചു തവണ തുടര്‍ച്ചയായി മികവിനുള്ള ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം അവാര്‍ഡ് നേടി 11-ാം തരം വിദ്യാര്‍ഥിനി സിംറാന്‍ വേദ്‌വ്യാസ് താരമായി. യൂണിവേഴ്‌സല്‍ അമേരിക്കന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മികവ് നിലനിര്‍ത്തി അഞ്ചാം തവണയും ഏവര്‍ക്കും അഭിമാനമായത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് ദുബൈയില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി അവാര്‍ഡ് ഏര്‍പെടുത്തിയിരിക്കുന്നത്.
അഞ്ചാം തവണയും ശൈഖ് ഹംദാന്‍ നാഷനല്‍ അവാര്‍ഡ് നേടാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിംറാന്‍ പ്രതികരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അവാര്‍ഡ് വിതരണം. ആദ്യ തവണ അവാര്‍ഡ് നേടിയത് ജീവിതത്തില്‍ നിര്‍ണായകമായെന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നും ഈ മിടുക്കി വ്യക്തമാക്കി. ട്രോഫിയും 20,000 ദിര്‍ഹവും അടങ്ങിയ അവാര്‍ഡ് ദുബൈ ഉപഭരണാധികാരിയും യു എ ഇ സാമ്പത്തിക മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂം സിംറാന് സമ്മാനിച്ചു.
വായനയെ പ്രണയിക്കുന്നവളാണ് തന്റെ മകളെന്ന് സിംറാന്റെ മാതാവും പ്രതികരിച്ചു. ഭൂമിക്ക് താഴെയുള്ള എന്ത് വിഷയത്തെക്കുറിച്ചും വായിച്ചറിയാന്‍ അവള്‍ക്ക് അതിരറ്റ ഉത്സാഹമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സിംറാന്‍ സൈനേര്‍ജി എന്ന പേരില്‍ ഒരു പ്രത്യേക ഗ്രൂപ്പിനും രൂപം നല്‍കിയിട്ടുണ്ട്.
17 വര്‍ഷമായി മികച്ച അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ജി സി സി മേഖലയില്‍ ശൈഖ് ഹംദാന്‍ അവാര്‍ഡ് നല്‍കിവരുന്നു. അധ്യാപകര്‍ക്കും മിടുക്കരായ നിരവധി കുട്ടികള്‍ക്കും ഈ അവാര്‍ഡ് ഏറെ പ്രചോദനമാണ്.

 

Latest