Connect with us

Editorial

ബാലനീതി നിയമവും പ്രായപരിധിയും

Published

|

Last Updated

ഇളംതലമുറയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2002ലെ രേഖകളെ അടിസ്ഥാനമാക്കിയാല്‍ പത്ത് വര്‍ഷത്തിനിടെ കുട്ടിക്കുറ്റവാളികളുടെ എണ്ണം ഇരട്ടിയിലേറെ വര്‍ധിച്ചിട്ടുണ്ട്. 2002ല്‍ ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണം 485 ആയിരുന്നെങ്കില്‍ 2012ല്‍ 1175 ആയി ഉയര്‍ന്നു. കൊലപാതകക്കേസില്‍ അകപ്പെട്ട കുട്ടികളുടെ എണ്ണം ഇക്കാലയളവില്‍ 531ല്‍ നിന്ന് 900 ആയി. ദിനംപ്രതി നാം വായിക്കുന്ന വാര്‍ത്തകളില്‍ കുട്ടിക്കുറ്റവാളികള്‍ വര്‍ധിക്കുന്നതിന്റെ സൂചനകള്‍ വ്യക്തമാണ്. കുട്ടികളെന്ന നിലയില്‍ സമൂഹം അവര്‍ക്ക് നല്‍കുന്ന പരിഗണനയും ഭരണഘടന നല്‍കുന്ന പ്രത്യേക അവകാശങ്ങളും കണക്കിലെടുത്തു നിയമപാലകരും നീതിപീഠങ്ങളും കര്‍ശന നടപടി സ്വീകരിക്കാത്തതാണ് ഈ വര്‍ധനവിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ബാലനീതി നിയമത്തിലെ പ്രായപരിധി 18ല്‍ നിന്ന് 16-ാക്കി ചുരുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ പ്രസക്തി ഇവിടെയാണ്. വനിതാ ശിശുക്ഷേമ മന്ത്രി മനേകാഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതി ശിപാര്‍ശ ചെയ്ത ഈ ഭേദഗതിക്ക് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുകയുണ്ടായി. 16നും 18നും ഇടയില്‍ പ്രായമുള്ള കൗമാര പ്രായക്കാരാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കില്‍ ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് പരിശോധിക്കണമെന്നാണ് അടുത്ത പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന ഈ ഭേദഗതിയില്‍ അനുശാസിക്കുന്നത്. മനശ്ശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും ഉള്‍ക്കൊള്ളുന്ന ബോര്‍ഡിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരിക്കും കേസിന്റെ സ്വഭാവം നിശ്ചയിക്കുന്നതും വിചാരണ നടത്തുന്നതും. നിയമത്തിലെ പഴുതുകള്‍ അറിഞ്ഞുകൊണ്ടാണ് 50 ശതമാനത്തിലധികം കുട്ടികളും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും 16 വയസ്സിന് മുകളിലുളളവര്‍ക്ക് ഇന്ത്യന്‍ നിയമ പ്രകാരം ശിക്ഷ നല്‍കിയാല്‍ കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറയുമെന്നുമാണ് ശിശുക്ഷേമ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ബലാത്സംഗവും കൊലപാതകവും കൊള്ള യും നടത്തുന്ന കൗമാരപ്രായക്കാര്‍ക്ക് കുറ്റകൃത്യങ്ങളുടെ ഗൗരവം അറിയില്ലെന്നുള്ള വാദം അംഗീകരിക്കാന്‍ പ്രയാസമുണ്ടെന്ന് 18 വയസ്സിന് താഴെയുള്ള ഒരാള്‍ ഉള്‍പ്പെട്ട കേസില്‍ നേരത്തെ സുപ്രീംകോടതിയും അഭിപ്രായപ്പെട്ടതാണ്. ഇത്തരം കുറ്റവാളികളെ ശിക്ഷിക്കാന്‍ ബാലനീതി നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. വയസ്സ് കുറവിന്റെ പേരില്‍ കൗമാര പ്രായക്കാര്‍ക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെടുന്നവര്‍ ഇരയുടെ ജീവന് വലിയ പ്രാധാന്യമുണ്ടെന്ന കാര്യം വിസ്മരിക്കരുതെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉണര്‍ത്തുകയുണ്ടായി.
കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയമാണ്. കുറ്റവാളികളായ കൗമാരക്കാരില്‍ ബഹുഭൂരിഭാഗവും കുറ്റത്തിന്റെ ഗൗരവം അറിയാതെയല്ല അതിലേര്‍പ്പെടുന്നത്. എല്ലാം അറിഞ്ഞു തന്നെയാണ്. പ്രായമല്ല, വിവേകമാണ് നന്മയും തിന്മയും തിന്മയുടെ പ്രത്യാഘാതങ്ങളും തിരിച്ചറിയാനുള്ള അളവുകോല്‍. കൗമാര പ്രായമെത്തുന്നതോടെ മിക്ക വ്യക്തികള്‍ക്കും വിവേകം കൈവരുന്നുണ്ട്. സമൂഹത്തെയും നിയമത്തെയും കബളിപ്പിച്ചു വിദഗ്ധമായി മോഷണവും മറ്റു കുറ്റകൃത്യങ്ങളും നടത്തുന്ന കൗമാര പ്രായക്കാര്‍ നമുക്കിടയില്‍ നിരവധിയുണ്ട്. കുപ്രസിദ്ധരായ ക്രിമിനലുകളേക്കാള്‍ വൈദഗ്ധ്യമാണ് അവര്‍ പ്രകടിപ്പിക്കുന്നത്. എളുപ്പത്തില്‍ പണം സമ്പാദിക്കാനും അടിപൊളി ജീവിതം നയിക്കാനുമാണ് മോഷണത്തിലേര്‍പ്പെട്ടതെന്നാണ് പിടിയിലായപ്പോള്‍ ഇവര്‍ പോലീസിനോട് പറഞ്ഞത്. ഇത്തരക്കാരെ കുട്ടിത്തത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിടുന്നത് നിയമത്തോട് ചെയ്യുന്ന അനീതിയായിരിക്കും.
നിയമത്തിലെ കാര്‍ക്കശ്യമില്ലായ്മക്കൊപ്പം സാഹചര്യങ്ങള്‍ക്കും രക്ഷിതാക്കളുടെ ശ്രദ്ധക്കുറവിനും വലിയൊരു പങ്കുണ്ട് കുട്ടിക്കുറ്റവാളികളുടെ പെരുപ്പത്തില്‍. നിഷ്‌കളങ്കതയുടെ പ്രതീകമായി വിശേഷിപ്പിക്കപ്പെടുന്ന കുട്ടികളെ ക്രൂരതയുടെ പ്രതീകമായി പരിവര്‍ത്തിപ്പിക്കുന്ന തരത്തില്‍ ധാര്‍മികമായും സാംസ്‌കാരികമായും തകര്‍ന്ന അന്തരീക്ഷമാണ് നിലവിലുള്ളത്. തിരക്കേറിയ ജീവിതത്തിനിടയില്‍ മക്കളെ നോക്കാനും അവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും മാതാപിതാക്കള്‍ക്ക് സമയം കിട്ടുന്നുമില്ല. ഒരു കുട്ടിയുടെ പ്രഥമ വിദ്യാലയം അവന്റെ വീടാണ്. മാതാപിതാക്കളുടെ ജീവിതത്തില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ അറിവിന്റെയും ജീവിത ധര്‍മങ്ങളുടെയും ആദ്യ പാഠങ്ങള്‍ നുകരുന്നത്. കുഞ്ഞുങ്ങള്‍ കുറ്റകൃത്യങ്ങളിലേക്ക് വഴുതിപ്പോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് വഴികാണിച്ചു കൊടുക്കുന്നതിലും ബാധ്യത നിര്‍വഹിക്കുന്നതിലും മാതാപിതാക്കള്‍ക്കും സമൂഹത്തിനും പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കണം. എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരെ വഴിപിഴപ്പിക്കുന്നത് മാതാപിതാക്കളാണ് എന്നാണല്ലോ മഹദ്‌വചനം.

Latest