Connect with us

Gulf

അബുദാബിയില്‍ 16 പുതിയ ക്യാമറകള്‍ കൂടി

Published

|

Last Updated

അബുദാബി: വാഹനങ്ങളുടെ അമിതവേഗത്തിന് തടയിടുന്നതിന്റെ ഭാഗമായി അബുദാബിയില്‍ 16 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു. അബുദാബി പോലീസാണ് പടിഞ്ഞാറന്‍ മേഖലയില്‍ അഞ്ചെണ്ണം ഉള്‍പെടെ 16 എണ്ണം സ്ഥാപിക്കുന്നതായി വെളിപ്പെടുത്തിയത്. സായിദ് സിറ്റിയിലെ ഇന്റര്‍സെക്ഷനുകളിലാണ് ഈ അഞ്ചു ക്യാമറകളും നാളെ സ്ഥാപിക്കുക.
ഗതാഗതം സുഗമമാക്കാനായി അബുദാബി ദ്വീപിന്റെ മറ്റിടങ്ങളിലും ഇത്തരം ക്യാമറകള്‍ മുമ്പ് സ്ഥാപിച്ചിരുന്നു. ചുവപ്പ് വെളിച്ചം മറികടക്കുക, അനുവദനീയമായതിലും വേഗത്തില്‍ വാഹനം ഓടിക്കുക തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളാകും ക്യാമറയില്‍ പതിയുക. ഗതാഗതം സുഗമമാക്കാനും വാഹനാപകടങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ട് അബുദാബി പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റാണ് 2012 മുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്. അടുത്ത അഞ്ചു വര്‍ഷത്തിനകം 150 സ്ഥലങ്ങളില്‍ ജംങ്ഷനുകള്‍ ഉള്‍പെടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് അബുദാബി പോലീസ് പദ്ധതിയിടുന്നത്. അബുദാബി നഗരത്തിന് പുറമെ അല്‍ ഐന്‍, പടിഞ്ഞാറന്‍ മേഖല എന്നിവയും ഇതിന്റെ പരിധിയില്‍ വരും.
ചുവപ്പ് വെളിച്ചം മറികടക്കുന്നത് ഉള്‍പെടെയുള്ള ഗതാഗത നിയമലംഘനങ്ങളാണ് ക്യാമറകളില്‍ പതിയുന്നതെന്ന് ട്രാഫിക് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി പറഞ്ഞു. ട്രാക്ക് തെറ്റിക്കുക, സീബ്ര ക്രോസിംഗുകളില്‍ വാഹനം നിര്‍ത്തിയിടുക, വേഗപരിധി പാലിക്കാതിരിക്കുക, ഇന്റര്‍ സെക്ഷനുകളില്‍ മറികടക്കുക, തെറ്റായ ട്രാക്കിലൂടെ എത്തി യു-ടേണ്‍ ചെയ്യുക, കാല്‍നട യാത്രക്കാര്‍ക്ക് പരിഗണന നല്‍കാതിരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഗതാഗത നിയമ ലംഘനങ്ങളില്‍ ഉള്‍പെടും.
ഗതാഗതം സുരക്ഷിതമാക്കാന്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത് അപകടങ്ങളും നിയമലംഘനങ്ങളും കുറക്കാന്‍ ഏറെ സഹായകമാവുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest