Connect with us

Kerala

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ കെ എസ് എഫ് ഡി സി അധ്യക്ഷ സ്ഥാനത്തിനെതിരെ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ എസ് എഫ് ഡി സി) അധ്യക്ഷനായി കെ പി സി സി വക്താവും എ ഐ സി സി അംഗവുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ ചലച്ചിത്രരംഗത്തുള്ളവരുടെ പ്രതിഷേധം ശക്തം. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, എസ് കുമാര്‍ എന്നിവര്‍ രാജി സമര്‍പ്പിക്കും.
കാലാവധി കഴിഞ്ഞ മുന്‍ ചെയര്‍മാന്‍ നിര്‍മാതാവ് സാബു ചെറിയാനെ കോര്‍പ്പറേഷന്‍ ചെയര്‍മാനായി വീണ്ടും നിയമിക്കണം എന്നാണ് ഇവരുടെ ആവശ്യം. രാഷ്ട്രീയക്കാര്‍ തലപ്പത്ത് വരുന്നത് മേഖലക്ക് ഗുണകരമാവില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം, കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചു തന്നെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ എസ് എഫ് ഡി സി ചെയര്‍മാനായി നിയമിച്ചതെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയ നിയമനങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഉണ്ണിത്താന്റെ സംഘാടന രംഗത്തെ അഭിരുചി കൂടി കണക്കിലെടുത്താണ് നിയമനമെന്നും മന്ത്രി പറഞ്ഞു. കലാകാരനെന്ന നിലയിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചെയര്‍മാന്‍ സ്ഥാനത്തിന് യോഗ്യനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. നിരവധി കാലത്തെ പരിചയവും അനുഭവ സമ്പത്തുമുള്ള പലരെയും തഴഞ്ഞാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിക്കാനുള്ള നീക്കമെന്നാണ് ചലച്ചിത്ര രംഗത്തുള്ളവരുടെ ആരോപണം. കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന് സമിതിയില്‍ അംഗത്വം നല്‍കിയതിലും സിനിമാ മേഖലയിലുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ കെ എസ് എഫ് ഡി സി അധ്യക്ഷ നിയമനം സര്‍ക്കാറിന്റെ അധികാരപരിധിക്കുള്ളിലുള്ള കാര്യമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. രാഷ്ട്രീയക്കാരനായ തന്നെ സിനിമാക്കാരനാക്കിയത് ഷാജി കൈലാസാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും.
സിനിമയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളിലെല്ലാം ഈ രംഗത്തുള്ളവര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന ഒരു സ്ഥാപനത്തില്‍ രാഷ്ട്രീയക്കാരെ കുത്തിത്തിരുകുന്നത് ശരിയല്ലെന്നും സിനിമാ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു. പ്രതിഷേധ സൂചകമായി കൂടുതല്‍ പേര്‍ രാജി നല്‍കുമെന്നും സൂചനയുണ്ട്.
മൂന്നര വര്‍ഷത്തിന് മുമ്പാണ് സാബു ചെറിയാന്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായി നിയമിതനായത്. സാബു ചെറിയാന്റെ കാലാവധി ആറു മാസത്തിനു മുമ്പ് കഴിഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉണ്ണിത്താനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Latest