Connect with us

Wayanad

വെറ്ററിനറി സര്‍വകലാശാല ആസ്ഥാനം പൂക്കോട് നിലനിര്‍ത്തണം: എസ് എഫ് ഐ

Published

|

Last Updated

വൈത്തിരി: വെറ്ററിനറി സര്‍വകലാശാല ആസ്ഥാനം വയനാട്ടിലെ പൂക്കോട് നിലനിര്‍ത്തണമെന്ന് എസ്എഫ്‌ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കവസ്ഥ പരിഹരിക്കാനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സര്‍വകലാശാല സ്ഥാപിച്ചത്. പരിസ്ഥിതിക പ്രശ്‌നങ്ങളുടെ പേരില്‍ സര്‍വകലാശാല വയനാട്ടില്‍ നിന്നും മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. പരിസ്ഥിതി സൗഹൃദരീതിയില്‍ നിര്‍മാണം നടത്താമെന്നിരിക്കെ അതൊന്നും പരിഗണിക്കാതെ സര്‍വകലശാലയെ വയനാട്ടില്‍ നിന്നും പടിയിറക്കാന്‍ സര്‍ക്കാരും വൈസ് ചാന്‍സിലറും സര്‍വകലാശാല അധികൃതരും കൈകോര്‍ക്കുകയാണ്. വയനാട്ടിലെ ക്ഷീര, മൃഗപരിപാലന രംഗത്തിന് ആശ്വാസവും വയനാടിന്റെ ഉന്നത വിദ്യാഭ്യാസത്തെ പ്രതീക്ഷയുമായ സര്‍വകലശാല ഇവിടെ നിലനിര്‍ത്തണം.
ആദിവാസി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യമേകുന്ന പി കെ കാളന്‍ മെമ്മോറിയല്‍ ഐഎച്ച്ആര്‍ഡി കോളേജില്‍ അടിസ്ഥാന സൗകര്യം ഒരുക്കണം. 80 ശതമാനം സീറ്റുകളും എസ്‌സി, എസ്ടി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത് പ്രവര്‍ത്തിക്കുന്ന കോളേജില്‍ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യറാവുന്നില്ല. കോളേജിന് സ്വന്തമായി സ്ഥലമേറ്റടുത്ത് നല്‍കിയിട്ടും കെട്ടിടം നിര്‍മിക്കാന്‍ നടപടിയില്ല. ജില്ലയിലെ വനിത ഐടിഐയിലെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലയിലെ വിദ്യാഭ്യാസരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ തീരുമാനിച്ച് മൂന്നുദിവസത്തെ സമ്മേളനം സമാപിച്ചു.ഞായറാഴ്ച പ്രതിനിധി സമ്മേളനത്തെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനിഷ്, പ്രസിഡന്റ് ഷിജുഖാന്‍, കേന്ദ്ര കമ്മറ്റിയംഗങ്ങളായ കെ റഫീഖ്, എം ഷാജീര്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു. എം രമേശ് പ്രസിഡന്റും എം എസ് ഫെബിന്‍ സെക്രട്ടറിയുമായി 37 അംഗ ജില്ലാ കമ്മറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Latest