Connect with us

Malappuram

വിടവാങ്ങിയത് വലിയോറ ദാറുല്‍ മആരിഫിന്റെ പ്രധാന മുദരിസ്

Published

|

Last Updated

വേങ്ങര/മഞ്ചേരി: മഞ്ഞപ്പറ്റ കുഞ്ഞാലന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ നഷ്ടമായത് വലിയോറ ദാറുല്‍ മആരിഫ് അറബിക് കോളജിലെ പ്രധാന മുദരിസിനെ.
കോളജിലെ പഴയകാല അധ്യാപകനും പ്രധാന മുദരിസുമാരില്‍ ഒരാളുമായിരുന്നു മഞ്ഞപ്പറ്റ കുഞ്ഞാലന്‍ മുസ്‌ലിയാര്‍. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ മരണപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പാണ് മഞ്ഞപ്പറ്റ ഉസ്താദിന്റെ വിയോഗം. സമസ്ത കേന്ദ്രമുശാവറ അംഗമായ മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാരുടെ സഹോദരന്‍ കൂടിയാണ്. ഒരുമനല്ലൂര്‍ യൂസുഫ് മുസ്‌ലിയാര്‍, വെള്ളയൂര്‍ മൂസക്കുട്ടി മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും മതപഠനം നടത്തിയ ശേഷം ഫൈസി ബിരുദം നേടി. കിടങ്ങഴി, കാവനൂര്‍, വടക്കേങ്ങര, ചെറുമുക്ക് തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. കാസര്‍കോഡ് സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, മര്‍ഹൂം പാണക്കാട് ആറ്റക്കോയ തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഒ കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സഹപാഠികളാണ്. 1991ലാണ് വലിയോറ ദാറുല്‍ മആരിഫില്‍ മുദരിസായി സേവനം ആരംഭിച്ചത്. ദാറുല്‍ മആരിഫിലെ നീണ്ട പതിനാല് വര്‍ഷത്തെ സേവനത്തില്‍ വന്‍ ശിഷ്യ ഗണങ്ങള്‍ മഞ്ഞപ്പറ്റ ഉസ്താദിനുണ്ട്. സൗമ്യ സ്വഭാവക്കാരനായിരുന്ന അദ്ദേഹത്തിന് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതെ വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്നതിലായിരുന്നു താത്പര്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് പഴയ കാല പാണ്ഡിത്യ നിറകുടങ്ങളെയാണ് ദാറുല്‍ മആരിഫിന് നഷ്ടമായത്.
മഞ്ഞപ്പറ്റ പി കുഞ്ഞാലന്‍ മുസ്‌ലിയാരുടെ മയ്യിത്ത് ശിഷ്യഗണങ്ങളും സ്‌നേഹ ജനങ്ങളുമടങ്ങിയ നൂറുകണക്കായ സുന്നി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മഞ്ഞപ്പറ്റ പുളിയംപറമ്പ് ജുമുഅ മസ്ജിദ് പരിസരത്ത് ഖബറടക്കി. സാദാത്തുക്കള്‍, പണ്ഡിതര്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയത്. സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഹൈദറൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, ഒ കെ അബ്ദുസ്സലാം മുസ്‌ലിയാര്‍, അലി ബാഖവി ആറ്റുപുറം, സുല്‍ഫിക്കര്‍അലി സഖാഫി, എം എന്‍ കുഞ്ഞിമുഹമ്മദ്ഹാജി തുടങ്ങി പ്രമുഖര്‍ വസതിയിലെത്തിയിരുന്നു.

Latest