Connect with us

Kerala

നിസാമിന്റെ ഫോണ്‍വിളി ഐ ജി അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് പ്രതിയായ വിവാദ വ്യവസായി നിസാമിനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ ബെംഗളുരുവില്‍ ഫോണ്‍ ഉപയോഗിച്ചത് തൃശൂര്‍ റെയ്ഞ്ച് ഐ ജി അന്വേഷിക്കും. കൊച്ചിയില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയും സംഘവും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നില്ലെന്ന് രാസപരിശോധന ഫലം ലഭിച്ച സാഹചര്യത്തില്‍ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് സംബന്ധിച്ച് നിയമവശം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ചന്ദ്രബോസ് വധക്കേസ് പ്രതി നിസാമിനെ രക്ഷിക്കാനായി കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒരുവിധ ഇടപെടലുമില്ലാതെ സുതാര്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസില്‍ സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചു. ഡി ജി പി തന്നെ അവിടെപ്പോയി കേസിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ട്. എ ഡി ജി പിയാണ് കേസിന് മേല്‍നോട്ടം വഹിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോള്‍ കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥയെ മാറ്റരുതെന്നാണ് ചന്ദ്രബോസിന്റെ ഭാര്യ തന്നോട് നേരിട്ട് ആവശ്യപ്പെട്ടത്. തെളിവെടുപ്പിനിടെ ബെംഗളുവില്‍ വെച്ച് നിസാം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഫോണ്‍ ചെയ്ത സംഭവം തിരുവനന്തപുരം റെയ്ഞ്ച് ഐ ജി അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പേരമംഗലം സി ഐക്കെതിരെ നടപടി വേണമോയെന്ന് തീരുമാനിക്കാന്‍ കഴിയൂ. ഒരു ഉദ്യോഗസ്ഥന്റെ പേരിലും വെറുതെ നടപടിയെടുക്കാന്‍ സാധിക്കില്ല. കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ആര്‍ എസ് എസ്-സി പി എം സംഘര്‍ഷങ്ങള്‍ വളരുന്നത് ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊലപാതകികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest