Connect with us

Kerala

വാളകം: അധ്യാപകനെ ആരും ആക്രമിച്ചിട്ടില്ലെന്ന് സി ബി ഐ

Published

|

Last Updated

കൊട്ടാരക്കര: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതല്ലെന്നും അപകടത്തെ തുടര്‍ന്നുണ്ടായ പരുക്കാണെന്നും ചൂണ്ടിക്കാട്ടി സി ബി ഐ അന്വേഷണ റിപ്പോര്‍ട്ട് എറണാകുളം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അന്വേഷണവും അവസാനിച്ചു. പതിനാല് പേജുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ കോടതി മുമ്പാകെ സമര്‍പ്പിച്ചത്. ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഡല്‍ഹി എയിംസിലെ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടാണ് പ്രധാനമായും അപകടമെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി സി ബി ഐ ഹാജരാക്കിയിട്ടുള്ളത്. കേസിലെ ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട കൊട്ടാരക്കര സ്വദേശി ജാക്‌സണിന്റെ മൊഴി തീര്‍ത്തും കളവായിരുന്നുവെന്ന് തെളിയിക്കുന്ന തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പോളിഗ്രാഫ് ടെസ്റ്റ്, ഗുജറാത്തിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ ബ്രെയിന്‍മാപ്പിംഗ് എന്നിവയുടെ പരിശോധനാഫലവും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണം പൂര്‍ത്തിയാക്കി ഫയല്‍ മടക്കിയപ്പോഴും കേസിലെ ദുരൂഹത പൂര്‍ണമായും നീങ്ങിയിട്ടില്ല. എയിംസിലെ ഡോക്ടര്‍മാര്‍ ഒരു തവണപോലും കൃഷ്ണകുമാറിനെ കാണുകയോ പരുക്കേറ്റ ഭാഗം പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നിരിക്കെയാണ് എയിംസിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അപകടമാണെന്ന് തെളിയിക്കാനുള്ള ആധികാരിക രേഖയായി സി ബി ഐ സമര്‍പ്പിച്ചത്.
2011 സെപ്തംബര്‍ 27ന് രാത്രി പത്ത് മണിയോടെയാണ് കൃഷ്ണകുമാറിനെ പരുക്കേറ്റ നിലയില്‍ വാളകം എം എല്‍ എ ജംഗ്ഷനില്‍ കണ്ടെത്തിയത്. മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയുടെ സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാറും പിള്ളയും തമ്മില്‍ നിയമ പോരാട്ടം നടത്തി വരുന്നതിനിടയിലാണ് സംഭവം നടന്നത്. പിള്ളക്ക് കേസില്‍ ബന്ധമുണ്ടെന്ന ആരോപണം ശക്തമായിരുന്നു.

Latest