Connect with us

National

പീഡനക്കേസ്: പച്ചൗരിയെ തത്കാലം അറസ്റ്റ് ചെയ്യില്ല

Published

|

Last Updated

ന്യൂഡല്‍ഹി: വനിത തൊഴിലാളിയില്‍ നിന്ന് ലൈംഗിക ആരോപണം നേരിട്ട ടെറി ഡയറക്ടര്‍ ജനറല്‍ ആര്‍ കെ പച്ചൗരിയെ തത്കാലം അറസ്റ്റ് ചെയ്യില്ല. ഫെബ്രുവരി 26 വരെ അറസ്റ്റ് ചെയ്യുന്നതാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി രാജ്കുമാര്‍ ത്രിപാഠി തടഞ്ഞത്. പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണവും കോടതി തേടി. പരാതിക്കാരന്‍ അസുഖകാരണം ഉയര്‍ത്തി നല്‍കിയ രേഖകളില്‍ അഭിപ്രായം സമര്‍പ്പിക്കാനും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 26ലേക്ക് വാദം കേള്‍ക്കല്‍ മാറ്റി. അസുഖ കാരണം കൂടാതെ കേസിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യപേക്ഷ തേടുകയാണെന്ന് പച്ചൗരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലുതാര പറഞ്ഞു.
അതേസമയം ഏതുതരം അസുഖമാണ് പച്ചൗരിക്കുള്ളതെന്ന് കോടതി ചോദിച്ചു. ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്ന് പച്ചൗരിക്കു വേണ്ടി കോടതിയില്‍ മറുപടി നല്‍കി. ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 19 മുതല്‍ വിശ്രമം അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യപേക്ഷക്ക് വേണ്ടി പച്ചൗരിയുടെ അഭിഭാഷകന്‍ വാദിച്ചത്.
എന്നാല്‍ പച്ചൗരിക്കെതിരെ ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് മെന്തിരാത്ത വാദം കേള്‍ക്കല്‍ നാളേക്ക് മാറ്റിവെക്കാന്‍ വേണ്ടി കോടതിയോട് ആവശ്യപ്പെട്ടു. കേസന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥന്‍ ഇന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കും. അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കരുതെന്ന് മെന്തിരാത്ത വാദിച്ചു. പരാതിക്കാരി ഒരേ കമ്പനിയില്‍ നിന്നായതിനാല്‍ അവരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 13നാണ് ഐ പി സി 506ാം വകുപ്പ് പ്രകാരം ലൈംഗിക കൈയേറ്റത്തിന് പച്ചൗരിക്കെതിരെ ലോധി പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

Latest