Connect with us

National

കാശ്മീര്‍: പി ഡി പി- ബി ജെ പി ധാരണയായി പൊതു മിനിമം പരിപാടിക്ക് രൂപം നല്‍കും

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരില്‍ രണ്ട് മാസത്തോളം നീണ്ടുനിന്ന അനിശ്ചിതാവസ്ഥക്കൊടുവില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പി ഡി പിയും ബി ജെ പിയും ധാരണയിലെത്തി. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ധാരണയിലെത്തിയതായി പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇക്കാര്യം ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ്, സായുധ സേനക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമം (എ എഫ് എസ് പി എ- അഫ്‌സ്പ) തുടങ്ങിയ വിവാദ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പൊതുമിനിമം പരിപാടിയുടെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ട്.
ഭരണകാലയളവായ ആറ് വര്‍ഷവും പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് ആയിരിക്കും മുഖ്യമന്ത്രിയെന്നാണ് വിശ്വസനീയ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. പാര്‍ട്ടികള്‍ക്കിടയില്‍ ധാരണയായെന്നും തീരുമാനം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടരി അശോക് കൗള്‍ പറഞ്ഞു. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജമ്മു കാശ്മീരില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ഇതോടെയാണ് രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിലുള്ള പി ഡി പിയും ബി ജെ പിയും ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. പതിനഞ്ച് തവണയിലധികമാണ് ഇരു പാര്‍ട്ടിയിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.
എന്നാല്‍, ചര്‍ച്ചകള്‍ തുടരുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മുഫ്തി മുഹമ്മദ് സഈദുമായി നടത്തുന്ന കൂടിക്കാഴ്ചക്ക് ശേഷമേ കാര്യങ്ങളില്‍ തീരുമാനമാകൂവെന്നും പി ഡി പി വക്താവ് നഈം അക്തര്‍ പറഞ്ഞു. മോദി- മുഫ്തി കൂടിക്കാഴ്ച ഈ ആഴ്ച ആദ്യം ഉണ്ടായേക്കുമെന്നാണ് സൂചന. 25,000ത്തോളം വരുന്ന പാക് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതാണ് ഇരു പാര്‍ട്ടികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്ന മറ്റൊരു പ്രധാന വിഷയം.
87 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ ലഭിച്ച പി ഡി പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 25 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്. കാശ്മീര്‍ മേഖലയില്‍ പി ഡി പിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ജമ്മു മേഖലയില്‍ ബി ജെ പിക്കാണ് കൂടുതല്‍ സീറ്റ് ലഭിച്ചത്.

Latest