Connect with us

Editorial

ക്ഷേത്ര നിധിശേഖരം

Published

|

Last Updated

ശ്രീപത്മനാഭസ്വാമി ക്ഷേ്രതത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ കണ്ടെത്തലുകളെ ശരിവെക്കുന്നതാണ് ക്ഷേത്ര സ്വത്ത് ഓഡിറ്റ് ചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച വിനോദ് റായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ക്ഷേത്രത്തിന് സ്വര്‍ണം പൂശാന്‍ നല്‍കിയ 893.44 കിലോ സ്വര്‍ണത്തില്‍നിന്ന് 266 കിലോ കാണാതായതായും ക്ഷേത്രത്തിലെ കണക്കുകള്‍ അവിശ്വസനീയമാണെന്നും മുന്‍ സി ഐ ജി കൂടിയായ റായി രേഖപ്പെടുത്തുന്നു. 2000-01 മുതല്‍ 2007-08 വരെയുള്ള വര്‍ഷങ്ങളിലെ കണക്കുകള്‍ കാണുന്നില്ല. 2008-09 സാമ്പത്തിക വര്‍ഷം മുതല്‍ 2013-14 വരെയുള്ള കണക്കുകളാകട്ടെ, ഓഡിറ്റിംഗിന് കാണിക്കാനായി മാത്രം എഴുതിയുണ്ടാക്കിയതാണെന്നും അതില്‍ കൃത്യതയില്ലെന്നുമാണ് മുന്‍ സി ഐ ജി കൂടിയായ റായിയുടെ കണ്ടെത്തല്‍. ബി നിലവറ തുറന്നിട്ടില്ലെന്ന ക്ഷേത്ര ഭരണസമിതിയുടെയും രാജകുടുംബത്തിന്റെയും വാദം അദ്ദേഹം നിരാകരിക്കുന്നു. 1990ല്‍ 2തവണയും 2002 ല്‍ അഞ്ചു തവണയെങ്കിലും ബി നിലവറ തുറന്നിട്ടുണ്ട്. ക്ഷേത്രത്തിന്റെ സ്വത്തുക്കള്‍ അനധികൃതമായി പുറത്തു പോയതിന് രാജകുടുംബവും ക്ഷേത്രഭരണ സമിതിയും വ്യക്തമായ കാരണം ബോധിപ്പിക്കുന്നില്ല. പൊതു ആവശ്യങ്ങള്‍ക്ക് പണമിടപാട് നടത്താന്‍ ക്ഷേത്രത്തിന് മൂന്ന് എസ് ബി അക്കൗണ്ടുകളുണ്ട്്. എന്നിട്ടും വലിയ സംഖ്യകള്‍ ഈ അക്കൗണ്ടുകളിലിടാതെ കൈവശം വെക്കുകയാണ് ക്ഷേത്രം നടത്തിപ്പുകാര്‍ ചെയ്യുന്നതെന്നും വിനോദ് റായി കുറ്റപ്പെടുത്തുന്നു.
ശ്രീപത്മനാഭ ക്ഷേ്രതത്തിലെ നിധികളും സൂക്ഷിപ്പു വസ്തുക്കളും കേരളീയ സമൂഹത്തിന്റ പൈതൃകവും പൊതുസ്വത്തുമാണ്. മാര്‍ത്താണ്ഡവര്‍മ രാജാവിന് മറ്റു രാജാക്കന്‍മാരില്‍ നിന്നും വിദേശികളില്‍ നിന്നും ലഭിച്ച കാണിക്കകളും സംഭാവനകളും ജനങ്ങളില്‍ നിന്ന് കരമായും പിഴയായും ഈടാക്കിയ സമ്പാദ്യവുമാണ് ക്ഷേത്രസ്വത്തുക്കളില്‍ ബഹുഭൂരിഭാഗവുമെന്നാണ് ചരിത്രമതം. ക്ഷേത്രനിലവറകളെ അവ സൂക്ഷിക്കാനുള്ള സുരക്ഷിത സ്ഥാനമായി രാജകുടുംബം ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ ക്ഷേത്രസ്വത്തുക്കള്‍ സൂക്ഷ്മതയോടെ കൈകാര്യ ചെയ്യാനും നഷ്ടപ്പെടാതെ സൂക്ഷിക്കാനും രാജകുടുംബത്തിനും ക്ഷേത്രഭരണ സമിതിക്കും ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ അവര്‍ക്ക് സാരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അമിക്കസ്‌ക്യൂറിയുടെയും വിനോദ്‌റായിയുടെയും വിലയിരുത്തലിന് പുറമെ സുപ്രീംകോടതി നിയമിച്ച വിദഗ്ധസമിതിയുടെ മുന്‍ അധ്യക്ഷന്‍ സി വി ആനന്ദബോസും സാക്ഷ്യപ്പെടുത്തിയതാണ്. ക്ഷേത്ര ഭരണത്തിന്റെ കുത്തഴിഞ്ഞ രീതിയാണ് വിലപിടിച്ച സ്വത്തുക്കളും പൈതൃകങ്ങളും നഷ്ടപ്പെടാന്‍ കാരണമെന്നാണ് ആനന്ദബോസ് രേഖപ്പെടുത്തിയത്. ക്ഷേത്രത്തിന്റെ വിശ്വാസപരമായ ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബി നിലവറ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന രാജകുടുംബം ഈ നിലവറ തുറക്കുക മാത്രമല്ല, അതിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുമുണ്ട്. പൗരാണികമായ നിധിശേഖരത്തിന്റെ ചിത്രമെടുക്കുന്നത് വളരെ ഗൗരവമുള്ള കൃത്യമാണ്. ഈ ചിത്രങ്ങളെ ആശ്രയിച്ചു നിലവറകളിലെ അപൂര്‍വ വസ്തുക്കളുടെ മാതൃകകള്‍ സൃഷ്ടിക്കാനാകും. യഥാര്‍ഥ വസ്തുക്കള്‍ അടിച്ചുമാറ്റി പകരം ഇത്തരം മാതൃകകള്‍ വെക്കാനും യഥാര്‍ത്ഥ വസ്തുക്കളില്‍ പലതും വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയിരിക്കാനും സാധ്യതയുണ്ടെന്നും ആനന്ദബോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടു സാമ്പത്തിക ക്രമക്കേട് നടന്നിട്ടില്ലെന്നായിരുന്നു ക്ഷേത്രം ട്രസ്റ്റി മുലംതിരുനാള്‍ വര്‍മ, അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. വസ്തുത ബോധ്യപ്പെടാന്‍ വിനോദ്‌റായിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും 2014 നവംബറില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിനോദ് റായിയുടെ റിപ്പോര്‍ട്ടിലും വന്‍ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ക്ഷേത്രസ്വത്ത് നടത്തിപ്പ് കാര്യക്ഷമമായിരുന്നുവെന്ന് ഇനിയും അവകാശപ്പെടുന്നതില്‍ അര്‍ഥമില്ല. വിനോദ് റായിയുടെ ഓഡിറ്റിംഗിനോട് സഹകരിക്കാന്‍ വിസമ്മതം പ്രകടിപ്പിച്ച ട്രസ്റ്റിയുടെ നിലപാടും സംശയാസ്പദമാണ്. ക്ഷേത്രസ്വത്തുക്കള്‍ നഷ്ടപ്പെടാനിടയായ സാഹചര്യമെന്തെന്നും അതിന് ഉത്തരവാദികള്‍ ആരെന്നും കണ്ടെത്തി നടപടി സ്വീകരിക്കുകയും അവശേഷിക്കുന്ന സ്വത്തുക്കള്‍ ക്ലിപ്തപ്പെടുത്തി അവ കാര്യക്ഷമമായി സൂക്ഷിക്കാനുള്ള സാഹചര്യമൊരുക്കുകയുമാണ് ഇനി വേണ്ടത്. ലണ്ടനിലെ മ്യൂസിയത്തിന്റെ മാതൃകയില്‍ മ്യൂസിയം നിര്‍മിക്കാനാണ് ക്ഷേത്രസ്വത്തിന്റെ സംരക്ഷണത്തിന് സി വി ആനന്ദബോസ് അധ്യക്ഷനായ വിദഗ്ധസമിതിയുടെ നിര്‍ദേശം. സ്വത്തിന്റെ കാര്യക്ഷമമായ സൂക്ഷിപ്പിനോടൊപ്പം നാടിന്റെ പൈതൃകങ്ങള്‍ പൊതുജനത്തിന് കാണാനും ഇത് അവസരമേകും. ഇതിന് ബി നിലവറ കൂടി തുറന്ന് മൂല്യനിര്‍ണയം നടത്തേണ്ടതുണ്ട്. ഇക്കാര്യവും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടിയതാണ്. സുപ്രീംകോടതിയുടെ അനുമതിയുണ്ടെങ്കില്‍ ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാനുള്ള ആശയത്തോട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുകൂല നിലപാട് അറിയിച്ചതുമാണ്. മറ്റ് പലരാജ്യങ്ങളിലും പഴയ കാലഘട്ടത്തിലെ ഇത്തരത്തിലുള്ള ശേഷിപ്പുകള്‍ മ്യൂസിയമാക്കി സൂക്ഷിക്കുന്നുമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് കോടതിയെ അറിയിച്ച്, അനുകൂലമായ തീരുമാനം സമ്പാദിക്കാനുള്ള ശ്രമമാണ് ഇനി വേണ്ടത്.

Latest