Connect with us

Kozhikode

ബ്രിട്ടീഷുകാര്‍ക്ക് ദാസ്യപ്പണി ചെയ്തവരാണ് തറവാട്ടിലേക്ക് ക്ഷണിക്കുന്നത്: പന്ന്യന്‍

Published

|

Last Updated

മുക്കം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച കാലത്ത് ബ്രിട്ടീഷുകാരന്റെ പണം പറ്റി ദാസ്യപ്പണി ചെയ്തവരാണിന്ന് ഘര്‍വാപസിയിലൂടെ രാജ്യത്തെ ജനങ്ങളെ തറവാട്ടിലേക്ക് ക്ഷണിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സി പി ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മുക്കം രക്തസാക്ഷി നഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. ഏതു പാവപ്പെട്ടവനും നേരിട്ട് ബന്ധപ്പെടാമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് വന്‍കിടക്കാര്‍ക്ക് വേണ്ടി രാജ്യത്തെ മുറിച്ചു നല്‍കുന്ന ജോലിയാണിപ്പോള്‍. ആര്‍ എസ് എസും ബജ്‌റംഗ്ദളും കലാപത്തിന് കോപ്പുകൂട്ടുകയാണ്. രാജ്യത്തിന്റെ മോചനത്തിന് മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണ്. പാര്‍ട്ടി കോണ്‍ഗ്രസ് അതിനുള്ള തീരുമാനങ്ങളെടുക്കും. ഒരു പരിപാടിക്ക് മാത്രം 10 ലക്ഷം രൂപ വീതം വിലയുള്ള 10 വസ്ത്രങ്ങള്‍ ഉപയോഗിച്ച മോദിക്ക് എങ്ങിനെയാണ് പാവങ്ങളുടെ കാര്യം ശ്രദ്ധിക്കാന്‍ കഴിയുകയെന്നും പന്ന്യന്‍ ചോദിച്ചു. മതന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. പുറത്ത് കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയുടെ അകം സംഘ് പരിവാറാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി ഐ വി ശശാങ്കന്‍ അധ്യക്ഷനായിരുന്നു. കെ ഇ ഇസ്മാഇല്‍ സി എന്‍ ചന്ദ്രന്‍, കെ പി രാജേന്ദ്രന്‍, ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, കമല സദാനന്ദന്‍, പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് പത്ത് മണിക്ക് കെ ഇ ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്യും.

Latest