Connect with us

National

വോട്ടര്‍മാരെ സ്വാധീനിക്കുന്നത് കണ്ടെത്താന്‍ രഹസ്യ ക്യാമറകളുമായി എ എ പി

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നത് കണ്ടെത്താന്‍ എ എ പി ഡല്‍ഹിയില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിച്ചു. ബി ജെ പി ബൂത്ത് തല പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്.
പണമോ മദ്യമോ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് കണ്ടുപിടിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ തങ്ങളുടെ വൊളണ്ടിയര്‍മാര്‍ കൈവശം 6000 ക്യാമറകള്‍ നല്‍കിയിട്ടുണ്ടെന്ന് എ എ പി അറിയിച്ചു. ബി ജെ പി വോട്ടുകള്‍ വില കൊടുത്തു വാങ്ങുകയാണെന്നും എ എ പി ആരോപിച്ചു. ബി ജെ പി പണവും മദ്യവും മാംസ ഭക്ഷണവും ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നുണ്ടെന്നും പാവപ്പെട്ടവരുടെ തിരിച്ചറയില്‍ രേഖ പിടിച്ചെടുക്കുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് എ എ പി നേതാവ് അശുതോഷ് പറഞ്ഞു. വൊളണ്ടിയര്‍മാര്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ ഉടനെ തന്നെ പാര്‍ട്ടി സംവിധാനിച്ച സെന്‍ട്രലൈസ്ഡ് വാര്‍ റൂമുകളില്‍ എത്തും.
എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കാനുള്ള പരിശ്രമത്തിലാണ് ബി ജെ പി. 50 വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന നിലക്കാണ് ബൂത്ത് തല പ്രവര്‍ത്തനം ബി ജെ പി സംവിധാനിച്ചത്. ബി ജെ പി പ്രവര്‍ത്തകര്‍ക്ക് പുറമെ ആര്‍ എസ് എസുകാരും നിശ്ശബ്ദ പ്രചാരണത്തിനുണ്ടായിരുന്നു.
വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കനത്ത ജാഗ്രതയിലാണ്. ചേരിപ്രദേശം, അനധികൃത കോളനികള്‍, ഉത്തര്‍ പ്രദേശിന്റെയും ഹരിയാനയുടെയും അതിര്‍ത്തി പ്രദേശങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ പണം, മദ്യം തുടങ്ങിയവയുടെ ദുരുപയോഗവും ജനങ്ങളെ ഭീഷണിപ്പെടുത്തലും തടയാന്‍ കമ്മീഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ ഹരിയാനയും ഉത്തര്‍ പ്രദേശും 48 മണിക്കൂര്‍ മദ്യ വില്‍പ്പന നിരോധിച്ചു.
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്ത് ഇതുവരെ ആയുധ നിയമം, എക്‌സൈസ് നിയമം എന്നിവ അനുസരിച്ച് 254 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 259 പേരെ അറസ്റ്റും ചെയ്തിട്ടുണ്ട്. 32.2 ലക്ഷം രൂപ പിടിച്ചെടുക്കുകയും പെരുമാറ്റച്ചട്ടം ലംഘിച്ചതിന് 252 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ 173 എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

Latest