Connect with us

International

തിരിച്ചടിച്ച് ജോര്‍ദാന്‍; രണ്ട് ഇസില്‍കാരെ തൂക്കിേലറ്റി

Published

|

Last Updated

അമ്മന്‍: ജോര്‍ദാന്റെ തടവിലുണ്ടായിരുന്ന ഐ എസ് അംഗങ്ങളായ രണ്ട് ഇറാഖികളെ തൂക്കിലേറ്റിയതായി സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മൊമാനി അറിയിച്ചു. ജോര്‍ദാന്‍ വൈമാനികനെ ഇസില്‍ ഭീകരര്‍ ജീവനോടെ ചുട്ടുകൊന്ന വീഡിയോ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ്, സംഭവത്തിന്റെ പ്രതികാരമെന്നോണം രണ്ട് പേരെ ജോര്‍ദാന്‍ വധശിക്ഷക്ക് വിധോയരാക്കിയത്. ഏറെക്കാലമായി ജോര്‍ദാന്‍ തടവിലായിരുന്ന സാജിത അല്‍ റിശ്‌വി, സിയാദ് അല്‍ കര്‍ബൗളി എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ വധശിക്ഷക്ക് വിധേയരാക്കിയത്.
2005ല്‍ ജോര്‍ദാന്‍ തലസ്ഥാനമായ അമ്മനില്‍ ഡസനോളം ആളുകളെ കൊലപ്പെടുത്തിയ ഭീകരാക്രമണ പരമ്പരയില്‍ പ്രതിയാണ് അല്‍ റിശ്‌വി. ചാവേര്‍ ആക്രമണത്തിനായി എത്തിയതാണെങ്കിലും ബോംബ് യഥാസമയം പൊട്ടാത്തതിനെ തുടര്‍ന്ന് ശ്രമം വിഫലമാകുകയായിരുന്നു. റിശ്‌വിക്ക് നേരത്തേ തന്നെ വധശിക്ഷ വിധിച്ചതാണ്. അതിനിടെ, തങ്ങള്‍ ബന്ദിയാക്കിയ പൈലറ്റിനെ വിട്ടുനല്‍കണമെങ്കില്‍ റിശ്‌വിയെ മോചിപ്പിക്കണമെന്ന് ഐ എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റിശ്‌വിയെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. അതിനിടെയാണ് ജോര്‍ദാന്‍ പൈലറ്റ് കസാസ്ബിയെ ഐ എസ് ഭീകരര്‍ ജീവനോടെ ചുട്ടെരിച്ചത്. പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച ജോര്‍ദാന്‍, ഐ എസിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം രണ്ട് ഐ എസ് ഭീകരര്‍ക്ക് തൂക്കുകയര്‍ ഉറപ്പാക്കിയായിരുന്നു ജോര്‍ദാന്റെ പ്രതികാരം. ജോര്‍ദാന്‍ 2008ല്‍ വധശിക്ഷ വിധിച്ചയാളാണ് തൂക്കിലേറ്റപ്പെട്ട രണ്ടാമന്‍, സിയാദ് അല്‍ കര്‍ബൗളി. അല്‍ഖാഇദ നേതാവാണ് ഇയാള്‍. തലസ്ഥാന നഗരമായ അമന് തെക്ക് 70 കിലോമീറ്റര്‍ ദൂരത്തുള്ള സ്വഖാ ജയിലിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്. ശിക്ഷ നടപ്പാക്കുമ്പോള്‍ ഇരുവരും ശാന്തരായിരുന്നുവെന്നും പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നും ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ തടവിലാക്കിയ ജോര്‍ദാന്‍ പൈലറ്റിനെ ജീവനോടെ കത്തിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തുവിട്ടത്. കസാസ്ബിയോട് സാദൃശ്യമുള്ള വ്യക്തിയെ ഇരുമ്പ് കൂട്ടിലിട്ട് കത്തിക്കുന്നതിന്റെ വീഡിയോ ഐ എസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, കഴിഞ്ഞ മാസം മൂന്നിന് കസാസ്ബി കൊല്ലപ്പെട്ടുവെന്നാണ് ജോര്‍ദാന്റെ ഔദ്യോഗിക ടി വി ചാനല്‍ വ്യക്തമാക്കിയത്. ഡിസംബറില്‍ സിറിയയിലെ ഐ എസ് സ്വാധീന മേഖലയില്‍ യുദ്ധവിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് 26കാരനായ കസാസ്ബി ഇസില്‍ ഭീകരരുടെ പിടിയിലാകുന്നത്. ഭീകരര്‍ക്കെതിരായ സൈനിക നടപടിക്കിടെയാണ് വിമാനം തകര്‍ന്നുവീണത്.

Latest