Connect with us

Articles

രണ്ട് പിശകുകള്‍; രണ്ട് സമീപനങ്ങള്‍

Published

|

Last Updated

മനഃപൂര്‍വം കൈയബദ്ധം പറ്റുമോ? അനൈക്യത്തിലെ ഐക്യപ്പെടല്‍ ഉണ്ടാകുമ്പോള്‍ അതിന് സാധ്യതയില്ലാതെയില്ല. വെറും അബദ്ധം എന്ന ഗണത്തിലേക്ക് എഴുതിത്തള്ളാന്‍ സാധിക്കാത്ത ഒന്നായിട്ടാണ് നാടകത്തിന്റെ അവസാനഭാഗത്ത് കാണാനാകുന്നത്. ഇനി ഒരു സംഭവം മനഃപൂര്‍വം അബദ്ധമായി ചിത്രീകരിച്ചാല്‍ അത് അബദ്ധമായി മാറുമോ? റിപ്പബ്ലിക് ദിനത്തില്‍ മാധ്യമങ്ങള്‍ക്ക് വിവര- പ്രക്ഷേപണ മന്ത്രാലയം നല്‍കിയ പരസ്യത്തിലെ, ഭരണഘടനയുടെ ആമുഖമാണ് ഒന്നാമത്തെത്. ജന്‍പഥില്‍ പതാകക്ക് സല്യൂട്ട് നല്‍കാതെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു എന്നതാണ് രണ്ടാമത്തെത്.
നമുക്ക് ആദ്യത്തെ അബദ്ധത്തെ “ചര്‍ച്ചിക്കാം”. ജനപങ്കാളിത്തം കൂടാതെ ജനാധിപത്യം വിജയിക്കുകയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പശ്ചാത്തലമായി കൊടുത്ത ഭരണഘടനയുടെ ആമുഖത്തിലാണ് പ്രശ്‌നം. മതനിരപേക്ഷതയും സോഷ്യലിസവും ഇല്ലാത്ത ആമുഖമാണ് നല്‍കിയത്. ഇത് വിവാദമായപ്പോള്‍ അബദ്ധം പിണഞ്ഞതാണെന്ന വിശദീകരണവുമായി വിവര, പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് രംഗത്തെത്തി. എന്നാല്‍ പിറ്റേന്ന് ശിവസേനയുടെ ആവശ്യം വന്നു. അതൊന്നും ഭരണഘടനയില്‍ വേണ്ടെന്ന്. സേനയുടെ അഭിപ്രായത്തില്‍ യാതൊരു തെറ്റുമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ഊന്നുവടിയും. നിലവിലെ കോണ്‍ഗ്രസ് നേതാക്കളേക്കാള്‍ ബുദ്ധിയുള്ളവരും ജാഗ്രത്തുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവും ബി ആര്‍ അംബേദ്കറുമെന്ന് രവിശങ്കര്‍ ന്യായവാദവും ഉന്നയിച്ചു. ഇവിടെയാണ് ഈ അബദ്ധം ഒരു “അബദ്ധം” മാത്രമല്ലാതായി മാറുന്നത്.
ഒരു കാര്യം സത്യമാണ്. മതനിരപേക്ഷത, സോഷ്യലിസം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ആദ്യമുണ്ടായിരുന്നില്ല. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലാണ് ഇന്ത്യ ഒരു മതേതരത്വ, സോഷ്യലിസ്റ്റ് രാഷ്ട്രമായത്. അതുവരെ പരമാധികാര ജനാധിപത്യ രാഷ്ട്രമായിരുന്നു. അന്നത്തെ നിയമമന്ത്രി എച്ച് ആര്‍ ഗോഖലെ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച ഭേദഗതി ബില്‍ 1977 ജൂണ്‍ മൂന്നിന് നിയമമായി പ്രാബല്യത്തില്‍ വന്നു. “ഇന്ദിരാ ഭരണഘടന” എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന 42 ാം ഭേദഗതി ഒട്ടേറെ കളങ്കിത മാറ്റങ്ങള്‍ കൊണ്ടുവന്നു. സുപ്രീം കോടതിയുടെയും ഹൈക്കോടതികളുടെയും അധികാരം വെട്ടിക്കുറച്ചതും ഇതിലൂടെയാണ്. അടിയന്തരാവസ്ഥാ കാലത്ത് കൊണ്ടുവന്ന മാറ്റങ്ങളില്‍ പലതും ഭരണഘടനയെ കളങ്കപ്പെടുത്തിയെങ്കിലും ചില മേന്‍മകളുമുണ്ടായിരുന്നു. അവയില്‍ പെട്ടതാണ് “മതനിരപേക്ഷത”യും “സോഷ്യലിസ”വും “ഐക്യ ഇന്ത്യ” എന്നതിന് പകരം ഐക്യവും ദേശീയോദ്ഗ്രഥനവും തുടങ്ങിയവ.
മതേതരത്വവും സോഷ്യലിസവും ഉപേക്ഷിച്ചാല്‍ ഇന്ത്യയെ എളുപ്പത്തില്‍ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാമെന്ന് സേനാദികള്‍ മനസ്സില്‍ കാണുന്നു. ഏതായാലും ഇത്തരമൊരു ആവശ്യമുന്നയിക്കാന്‍ ശിവസേനക്ക് എങ്ങനെ ധൈര്യം വന്നുവെന്നൊന്നും ചോദിക്കാന്‍ ന്യായമില്ല. അധികാരമില്ലാത്തപ്പോള്‍ തങ്ങളുടെ അസ്തിത്വം തെളിയിക്കാനും ഉള്ളപ്പോള്‍ അതിന്റെ പേരില്‍ അര്‍മാദിക്കാനും പയറ്റിത്തെളിഞ്ഞവരാണ് സേനക്കാരും സംഘ് പരിവാര്‍ സംഘടനകളും. സേനാ എം പി സഞ്ജയ് റൗതിന്റെ ദേശഭക്തി തുളുമ്പുന്ന മൊഴികളിലേക്ക് പോകാം: “ഇപ്പോള്‍ അബദ്ധത്താലാണ് ആ വാക്കുകള്‍ ഒഴിവായതെങ്കില്‍, ഭരണഘടനയില്‍ നിന്ന് സ്ഥിരമായി ഒഴിവാക്കപ്പെടേണ്ടതാണ് ആ വാക്കുകള്‍. ഇവ ഉള്‍പ്പെടുത്തിയത് മുതല്‍ കേള്‍ക്കുന്നതാണ് ഈ രാജ്യം ഒരിക്കലും മതേതരമാകുകയില്ല എന്നത്. മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വിഭജിക്കപ്പെട്ടതെന്ന് ബാലെസാഹബ് താക്കെറയും വീര്‍ സവര്‍കറും പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാന്‍ മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് നിര്‍മിതമായത്. അവശേഷിക്കുന്നത് ഹിന്ദു രാഷ്ട്രമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കാണ് ന്യൂനപക്ഷത്തെ ഉപയോഗിക്കുന്നത്. അതേസമയം, ഹിന്ദുക്കള്‍ അപമാനിതരാകുകയാണ്. ഇത് ഭരണഘടനയില്‍ പ്രതിപാദിച്ചിട്ടൊന്നുമില്ല. ഇപ്പോള്‍ സംഭവിച്ച തെറ്റ് കാവ്യനീതിയാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. ഹിന്ദുത്വം സംബന്ധിച്ച അദ്ദേഹത്തിന്റെ ചിന്തകള്‍ ശക്തമാണ്.” ഗീതയും രാമായണവും ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെയും പൊതുജീവിതത്തിന്റെയും ഭരണഘടനയായി കാണുന്ന കേന്ദ്രമന്ത്രിമാര്‍ ഭരിക്കുന്ന ഒരു “ജനാധിപത്യ” വ്യവസ്ഥിതിയില്‍ ഇതൊക്കെ ചെറുത്! രാഷ്ട്രപിതാവ് മഹാത്മജിയുടെ നെഞ്ചത്തേക്ക് നിറയൊഴിച്ച് ക്രൂരവധം നടപ്പാക്കിയ നാഥുറാം ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം പണിയാന്‍ മത്സരിക്കുന്ന എം പിമാരും എം എല്‍ എമാരും. പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന നീതിന്യായ സംവിധാനം. ആകയാല്‍ അതിദയനീയമാം വിധം ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മുടെ രാഷ്ട്രം.
വികസനത്തിന്റെയും ദേശഭക്തിയുടെയും മേമ്പൊടി ചേര്‍ത്ത് രാഷ്ട്രത്തെ ആയുധകമ്പോളത്തിനും ബഹുരാഷ്ട്ര കുത്തകകള്‍ക്കും തീറെഴുതി കൊടുക്കുന്നു. ആഗോള എണ്ണ വില കുത്തനെ കുറഞ്ഞിട്ടും അതിന്റെ പ്രയോജനം സാധാരണക്കാര്‍ക്ക് അപ്രാപ്യം. എണ്ണക്കമ്പനികളുടെ, ലോകം അവസാനിച്ചാല്‍ പോലും തീരാത്ത “നഷ്ടം” നികത്താന്‍ സഹായം ചെയ്യുന്ന ഭരണകൂടം. ആദ്യഘട്ടത്തില്‍ ആഗോള എണ്ണ വില കുറയുമ്പോള്‍ അമ്പത് പൈസയും ഒരു രൂപയും കുറച്ചപ്പോള്‍ ഇവിടുത്തെ സോഷ്യല്‍ മീഡിയ പരിവാറുകള്‍ രോമാഞ്ചത്തോടെ അഭിമാനം കൊണ്ടിരുന്നു, “മോദി വന്നപ്പോള്‍ എണ്ണ വില കുറയുമെന്ന് ബോധ്യപ്പെട്ടു” എന്ന്. ഏത് മാളത്തിലാണ് ഇവര്‍ പോയി ഒളിച്ചത്?
ഇതേക്കുറിച്ച് പ്രതികരിച്ചാല്‍ രാജ്യദ്രോഹമെന്ന് മുദ്രകുത്താന്‍ എമ്പാടും സംവിധാനങ്ങളുണ്ട്. വിഗ്രഹവത്കരണത്തിലൂടെ അപ്രമാദിത്വം നേടിയിരിക്കുന്നു ഭരണകര്‍ത്താക്കള്‍. അവരെ എതിര്‍ക്കുന്നതും ചോദ്യം ചെയ്യുന്നതും മഹാപാപമായി കണക്കാക്കുന്നവര്‍. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി “മുട്ടിലിഴയാന്‍” തുടങ്ങുമ്പോഴാണ് ഈ സംഭവവികാസങ്ങളൊക്കെ. എന്നാല്‍, ജനങ്ങളുടെ ജീവിതനിലവാരവും പ്രഖ്യാപിത വാഗ്ദാനങ്ങളുടെ സഫലീകരണവും ഇതുവരെ “കമിഴ്ന്നുവീഴാന്‍” പോലും തുടങ്ങിയിട്ടില്ല !.
ഇനി രണ്ടാമത്തേതിലേക്ക് വരാം. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ദേശീയ പതാകയെ അവഹേളിച്ചെന്നും സ്ഥാനമൊഴിയണമെന്നും വരെ ചില “രാഷ്ട്ര സ്‌നേഹികള്‍” പറഞ്ഞുകളഞ്ഞു. എന്നാല്‍, പ്രോട്ടോകോള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഉപരാഷ്ട്രപതിക്ക് പറയേണ്ടി വന്നു. ഉപരാഷ്ട്രപതിക്ക് മേലെയുള്ള രാഷ്ട്രപതി സന്നിഹിതനായിരിക്കുമ്പോള്‍, സല്യൂട്ട് ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്ക് മാത്രമാണ്. അതാണ് ചട്ടം. രാഷ്ട്രപതി ഇല്ലെങ്കില്‍ ഉപരാഷ്ട്രപതിക്കും; അങ്ങനെ താഴോട്ട്. ഇത് മനസ്സിലാക്കാതെയാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്ത റിവബ്ലിക് ദിനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും സല്യൂട്ടടിച്ചത് എന്ന് പറയേണ്ടി വരും. അന്‍സാരി സല്യൂട്ട് നല്‍കാതെ നില്‍ക്കുന്ന ചിത്രം പ്രത്യേകം മാര്‍ക്ക് ചെയ്ത്, ദേശദ്രോഹിയെന്ന് മുദ്രകുത്തുമ്പോള്‍ വിവരമുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ, അമിത ദേശാന്ധത ബാധിച്ചവര്‍ അതൊന്നും ഗൗനിച്ചില്ല. നാല് ദിവസം കഴിഞ്ഞ് മഹാത്മജിയുടെ രക്തസാക്ഷി ദിനത്തില്‍ രാജ്ഘട്ടില്‍ രാഷ്ട്രപതി മാത്രമേ സല്യൂട്ട് നല്‍കിയിരുന്നുള്ളൂ. അന്ന് അന്‍സാരി മാത്രമല്ല, മോദിയും പരീക്കറും മറ്റും പ്രോട്ടോകോള്‍ “പാലിച്ചു”. സംശയമുള്ളവര്‍ പി ഐ ബി വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.
ഉപരാഷ്ട്രപതി പ്രോട്ടോകോള്‍ പാലിച്ചതിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കാന്‍ വെമ്പല്‍ കാണിച്ചവര്‍ എന്തുകൊണ്ട്, ഭരണഘടനയെ അവഹേളിച്ചവരെ എതിര്‍ക്കുന്നില്ല എന്നതാണ് വിചിത്രം. അതോ ദേശഭക്തിക്കും പലതരം മാനദണ്ഡങ്ങളുണ്ടോ? ദേശീയ പതാക, ഭരണഘടന, കോടതികള്‍, പാര്‍ലിമെന്റ്, നിയമസഭകള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവയൊക്കെ ദേശത്തിന്റെ ചിഹ്നങ്ങളല്ലേ? ലോകം അംഗീകരിച്ച, അഭിനന്ദിച്ച, പ്രോത്സാഹിപ്പിച്ച സവിശേഷതകളെ ഇല്ലാതാക്കി ഭരണഘടനയെ ന്യൂനീകരിക്കാന്‍ ആവശ്യപ്പെടുന്നത് അതിനെ അവഹേളിക്കലല്ലാതെ മറ്റെന്താണ്? ഒരുവേള, ഗോഡ്‌സെയെ മഹത്വവത്കരിക്കുന്നത് ഗാന്ധിജിയെയും അതുവഴി സ്വാതന്ത്ര്യസമരത്തെയും സ്വാതന്ത്ര്യത്തെയും തന്നെ നിന്ദിക്കലല്ലേ? ചിത്രം വ്യക്തമാണ്- തങ്ങള്‍ എവിടെയാണോ സ്‌കെയില്‍ വെച്ചത് അതാണ് ദേശഭക്തിയുടെ അതിര്‍ത്തി. അതിന് അപ്പുറവും ഇപ്പുറവും അവഹേളന. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയായതിനാല്‍ ദേശീയ ചിഹ്നത്തെ നിന്ദിച്ചുവെന്ന് തങ്ങള്‍ പറയും. അങ്ങനെ പറയാന്‍ എളുപ്പവുമാണ്. ആ പേരിന് പകരം തങ്ങളുടെ സ്വന്തക്കാര്‍ ആയിരുന്നെങ്കില്‍ അത് പ്രോട്ടോകോള്‍ അനുസരണം തന്നെ- നൂറു തരം!

---- facebook comment plugin here -----

Latest