Connect with us

Editorial

ഭീകരവാദി ഉണ്ടാകുന്നത്

Published

|

Last Updated

രാജ്യത്തെ ഭീകരവാദ വേട്ടയുടെ പൊള്ളത്തരം ഒരിക്കല്‍ കൂടി തുറന്നുകാട്ടുകയാണ് ലിയാഖത്ത് ഷാ സംഭവം. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പ്രതികാരമായി ഹോളി ആഘോഷത്തിനിടെ ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനെത്തിയ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരനെന്നാരോപിച്ചാണ് ലിയാഖത്ത് ഷായെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ എന്‍ ഐ എ നടത്തിയ അന്വേഷണത്തില്‍ ലിയാഖത്ത് ഷാ നിരപരാധിയാണെന്നും അദ്ദേഹത്തിന്റെ ഭീകരവാദ ബന്ധം പോലീസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയിരിക്കുന്നു. ജമ്മുകശ്മീര്‍ സര്‍ക്കാറിന്റെ പുനരധിവാസപദ്ധതിപ്രകാരം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷായെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയ എന്‍ ഐ എ, ലിയാഖത്ത് ഷായെ കുടുക്കാന്‍ തെറ്റായ വിവരം നല്‍കിയ ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തിരിക്കുകയാണ്.
കശ്മീരില്‍ അക്രമം ഉപേക്ഷിക്കാന്‍ തയ്യാറായവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിന്‍കീഴില്‍ കീഴടങ്ങാനെത്തുന്ന വിവരം ജമ്മു കാശ്മീര്‍ പോലീസിനെ അറിയിച്ചശേഷമാണ് ലിയാഖത്ത് ഷായും കുടുംബവും പാക്കിസ്ഥാനില്‍ നിന്ന് നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് തിരിച്ചത്. ആ യാത്രയിലാണ് ഡല്‍ഹി പോലീസ് 2013 മാര്‍ച്ച് 20ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതും, ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താനുള്ള പാക് തീവ്രവാദികളുടെ നീക്കത്തെ തങ്ങള്‍ സമര്‍ഥമായി തടഞ്ഞതായി കൊട്ടിഘോഷിക്കുന്നതും. തെളിവിനായി ദല്‍ഹി ജുമാമസ്ജിദിന് സമീപത്തെ ഗസ്റ്റ് ഹൗസില്‍ ലിയാഖത്ത് ഷാ ഒളിപ്പിച്ചു െവച്ചതെന്ന വിശദീകരണത്തോടെ എ കെ 56 റൈഫിളുകളും വെടിയുണ്ടകളും ഗ്രനേഡുകളും പോലീസ് ഹാജറാക്കുകയും ചെയ്തിരുന്നു. പ്രതി ലിയാഖത്ത് അലിയാണെന്നറിഞ്ഞതോടെ ഡല്‍ഹി പോലീസിന്റെ ചതിയും തട്ടിപ്പും കാശ്മീര്‍ സര്‍ക്കാര്‍ മനസ്സിലാക്കി. അവര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുകയും ലിയാഖത്ത് ഷായെ തങ്ങള്‍ക്ക് വിട്ടു തരണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇതടിസ്ഥാനത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താന്‍ കേന്ദ്രം എന്‍ ഐ എയെ അധികാരപ്പെടുത്തിയത്.
ആട്ടിനെ പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന പഴമൊഴിയെ അക്ഷരാര്‍ഥത്തില്‍ പ്രയോഗവത്കരിക്കുകയായിരുന്നു ഡല്‍ഹി പോലീസ് ഈ സംഭവത്തില്‍. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ തീവ്രാവാദത്തിന്റെ പാതയിലേക്ക് വഴിതെറ്റുകയും, തെറ്റ് മനസ്സിലാക്കി സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചു വരാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്ത ഒരു നല്ല പൗരനെയാണ് പോലീസ് ഭീകരവാദ മുദ്ര ചാര്‍ത്തി ചതിയിലൂടെ പിടികൂടുകയും കൊടിയ മര്‍ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തത്. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയില്‍ ലിയാഖത്തിന് കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഭീകരവാദികളുടെ തെറ്റായ പ്രചാരണങ്ങള്‍ മൂലം വഴി തെറ്റിപ്പോയ നിരവധി യുവാക്കളുണ്ട് കാശ്മീരില്‍. ഭീകരവാദത്തിന്റെ അപകടകരമായ പരിണതി മനസ്സിലാക്കിയ അവരില്‍ പലരും തിരിച്ചുവന്നു രാജ്യത്തെ സേവിച്ചു ജീവിക്കാന്‍ സന്നദ്ധരുമാണ്. ഇത്തരക്കാരെ മുന്നില്‍ കണ്ടാണ് കാശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹകരണത്തോടെ പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചത.് തീവ്രവാദം ഉപേക്ഷിച്ചു വരുന്നവര്‍ക്കെതിരെ നിയമന നടപടികള്‍ സ്വീകരിക്കില്ലെന്നാണ് വ്യവസ്ഥ. ഇതനുസരിച്ചു നൂറുകണക്കിന് കാശ്മീരികള്‍ തിരിച്ചു വരികയും ശാന്തജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. അതിനിടെ പോലീസ് ഹിന്ദുത്വ ഫാസിസത്തില്‍ നിന്നും കടമെടുത്ത ഇത്തരം കൊടിയ ഭീകരതയും പിടികൂടല്‍ നാടകവും കളിക്കാന്‍ ഒരുമ്പെട്ടാല്‍ എങ്ങനെയാണ് സര്‍ക്കാറിന്റെ പുനരധിവാസ പദ്ധതി വിജയിക്കുക?
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും നിരപരാധികളെ അകാരണമായി കൊന്നൊടുക്കി ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നതിലും മിടുക്കന്മാരാണ് ഗുജറാത്ത് പോലീസിനെ പോലെ ഡല്‍ഹി പോലീസും. .ഭീകരരെ വേട്ടയാടാന്‍ കണക്കറ്റ ധനവും സൗകര്യങ്ങളും അധികാരങ്ങളുമാണ് പോലീസ് സേനക്കു സര്‍ക്കാര്‍ നല്‍കുന്നത്. അത് കൈവശപ്പെടുത്തുകയും സ്ഥാനക്കയറ്റവും കീര്‍ത്തി മുദ്രകളും നേടുകയുമാണ് ഇതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ആവശ്യത്തിനു “ഭീകരരെ” ലഭിക്കാതെ വരുമ്പോള്‍ വഴിയെ പോകുന്ന നിരപരാധികളെ പിടിച്ചു വെടിവെച്ചുകൊല്ലുകയും, പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊടിയ പാക്തീവ്രവാദി കൊല്ലപ്പെട്ടതായി അവകാശപ്പെടുകയും ചെയ്യും. പോലീസ് തന്നെ ഒളിപ്പിച്ചു വെക്കുന്ന കുറേ ആയുധങ്ങള്‍, തീവ്രവാദികളുടെതെന്ന വ്യാജേന പിടിച്ചെടുത്ത് മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതോടെ ആവശ്യത്തിന് തെളിവുകളുമായി. പോലീസിന്റെ ഈ തട്ടിപ്പും വെട്ടിപ്പും നിരവധി സംഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടും, പിന്നെയും അവര്‍ രചിക്കുന്ന പുതിയ തിരക്കഥകളും നാലാംകിട നാടകങ്ങളും അപ്പടി വിഴുങ്ങാനും കൂടുതല്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കൊഴുപ്പ് കൂട്ടി അവതരിപ്പിക്കാനും കുറേ മാധ്യമങ്ങളുമുണ്ട്. എങ്ങനെയാണ് രാജ്യത്ത് ഭീകരവാദികള്‍ ഉണ്ടാകുന്നതെന്നും അവരെ പിടികൂടുന്ന പോലീസിന്റെയും സൈന്യത്തിന്റെയും സാഹസികതയുടെ രീതിയും ജനത്തിന് നന്നായി മനസ്സിലായി വരുന്നുണ്ടിപ്പോള്‍.

Latest