Connect with us

Kerala

സൈലന്റ് വാലി കുപ്പിവെള്ള പദ്ധതിക്കെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക്

Published

|

Last Updated

പാലക്കാട്: യഥാസമയം അപ്പീല്‍ നല്‍കാതെ ഒത്തുകളിച്ചതിനെ തുടര്‍ന്ന് വിവാദമായ സൈലന്റ് വാലി കുപ്പിവെള്ള പദ്ധതിക്കെതിരെ സര്‍ക്കാര്‍ നിയമ നടപടിക്കൊരുങ്ങുന്നു. കുപ്പിവെള്ള കമ്പനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രത്യേക അപേക്ഷ നല്‍കി സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. സൈലന്റ് വാലി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണില്‍ ജെ ജെ മിനറല്‍സ് സ്ഥാപിച്ച കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം വനം വകുപ്പ് തടഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിച്ചു. എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോയില്ല. അപ്പീല്‍ കാലാവധി കഴിഞ്ഞ ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിച്ച കമ്പനി സൈലന്റ് വാലി ക്ലബ്‌സോഡ എന്ന പേരില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് വെള്ളിയാഴ്ച പ്രത്യേക അപേക്ഷ വഴി അപ്പീല്‍ സമര്‍പ്പിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിവാദമായ സൈലന്റ് വാലിയിലെ കുപ്പിവെള്ളകമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.

സൈലന്റ് വാലി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണില്‍ പ്രവര്‍ത്തിച്ചിരുന്ന കുപ്പിവെള്ളകമ്പനി മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഹൈകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ പോകാത്തത് മൂലമാണ് കമ്പനിക്ക് വീണ്ടും പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചത്.

---- facebook comment plugin here -----

Latest