Connect with us

Gulf

'പ്രവാസികള്‍ക്ക് സമഗ്ര പരീശീലനവും മാര്‍ഗ നിര്‍ദേശവും ആവശ്യം'

Published

|

Last Updated

ദുബൈ: പ്രവാസികളുടെ ജീവിതം സാധ്യതകള്‍ കണ്ടെത്താതെ അവസാനിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതുണ്ടെന്നും ഇതിന്നായി സമഗ്ര പരിശീലനവും മാര്‍ഗ നിര്‍ദേശവും വേണമെന്ന് പ്രമുഖ മനശാസ്ത്രജ്ഞനും പരിശീലകനും കാരന്തൂര്‍ മര്‍കസിന് കീഴിലെ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ആക്ടിവേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് (ഇഹ്‌റാം) ഡയറക്ടറുമായ അബ്ദു മാസ്റ്റര്‍ ദുബൈയില്‍ പറഞ്ഞു.
പ്രവാസിക്ക് പലപ്പോഴും തന്റെ കഴിവുകളെ തിരിച്ചറിയാന്‍ കഴിയുന്നില്ല. തന്റെ പ്രശ്‌നങ്ങളുടെ പരിഹാര സാധ്യതകളെക്കുറിച്ച് പ്രവാസി അജ്ഞനുമാണ്. എന്നാല്‍ പരിശീലനങ്ങളും ശരിയായ മാര്‍ഗനിര്‍ദേശവും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും പ്രതിവിധി കാണാനും കരുത്ത് നല്‍കും.
എല്ലാ മേഖലയിലും പരിശീലനങ്ങള്‍ ആവശ്യമാണ്. കുട്ടി, വിദ്യാര്‍ഥി, ഭാര്യ, ഭര്‍ത്താവ്, മാതാവ്, പിതാവ്, പ്രായംചെന്നവര്‍ തുടങ്ങി എല്ലാവര്‍ക്കും അവരുടെ സാഹചര്യങ്ങളില്‍ വിജയിക്കുന്നതിന് പരിശീലനം ഗുണം ചെയ്യും. നാടുകളിലെ ജീവിതത്തെ അപേക്ഷിച്ച് മറ്റൊരു മാനസിക തലം സൃഷ്ടിക്കപ്പെടുന്ന പ്രവാസികളിലും ഇതിന്റെ പര്യാപ്തത പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതോടൊപ്പം നാട്ടിലും പ്രവാസികളെ കുറിച്ചുള്ള അവബോധം സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്.
കുടുംബ ജീവിതം പലപ്പോഴും പൂര്‍ണ തൃപ്തിയില്‍ അല്ലാതാകുന്നതിന് ഇണകള്‍ക്കിടയിലെ പെരുമാറ്റം കാരണമാകാറുണ്ട്. ഇത് പരിഹരിക്കുന്നതിനാണ് പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് അടക്കം വിവിധ പരിപാടികള്‍ മര്‍കസ് ഇഹ്‌റാം നടത്തുന്നത്. കുടുംബ ജീവിതത്തില്‍ തുടക്കത്തില്‍ തന്നെ തിരുത്തേണ്ടതും കൂട്ടിച്ചേര്‍ക്കേണ്ടതുമായ ധാരണകളെ കുറിച്ച് വിവാഹിതരെ ബോധവാന്‍മാരാക്കുന്നതിനായി കപ്പിള്‍സ് കൗണ്‍സിലിംഗും കുട്ടികളുടെ ഭാവിയെ അടയാളപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കേണ്ട ഉമ്മമാര്‍ക്കും പരിശീലനം ആവശ്യമാണ്.
അന്താരാഷ്ട്ര പരിശീലന പരിപാടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള അബ്ദു മാസ്റ്റര്‍ വിവിധ മേഖലകളിലുള്ളവര്‍ക്ക് ആറ് വര്‍ഷത്തോളമായി കേരളത്തിനകത്തും പുറത്തുമായി പരിശീലനം നല്‍കി വരുന്നുണ്ട്. ട്രാന്‍സാക്ഷനല്‍ അനാലിസിസ് (ടി എ), ന്യൂറോ ലിന്‍ഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് (എന്‍ എല്‍ പി) തുടങ്ങിയവയുടെ കേരളത്തിലെ പ്രമുഖ പരിശീലകരില്‍ ഒരാളാണ് കോഴിക്കോട് മാനിപുരം സ്വദേശിയായ അദ്ദേഹം “ഹീല്‍ യുവര്‍ ലൈഫ്” പരിശീലന പരിപാടിയുടെ കേരളത്തിലെ ഏക അംഗീകൃത പരിശീലകന്‍ കൂടിയാണ്. വിവരങ്ങള്‍ക്ക്: 055-8750852.

Latest