Connect with us

Wayanad

ചന്ദ്രപ്രഭാ ട്രസ്റ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും; വയനാട്ടുകാര്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളജ്

Published

|

Last Updated

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജ് നിര്‍ദ്ദിഷ്ട ഭൂമി എറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോട്ടത്തറ വില്ലേജില്‍ ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി വിട്ടുനല്‍കിയ 50 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജ് നിര്‍മ്മിക്കാന്‍ ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രോഗാതുരമായ ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും പുതിയ തീരുമാനം.
രോഗാതുരമായ ജില്ലക്ക് വൈകിയാണെങ്കിലും ലഭിച്ച കോളജ് പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്.മെഡിക്കല്‍ കോളജ് വിഷയത്തില്‍ സമരരംഗത്ത് യു ഡി എഫ് ഘടക കക്ഷികളായ യൂത്ത് ലീഗ്, ജനതാദള്‍(യു) എന്നീ കക്ഷികള്‍ സജീവമായിരുന്നു. 2012 ലെ ബജറ്റിലാണ് സ്വപ്‌നപദ്ധതിയായി യു ഡി എഫ് സര്‍ക്കാര്‍ ജില്ലയ്ക്ക് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. സ്ഥലമേറ്റെടുപ്പ് നീണ്ടതോടെ ആശുപത്രി വിഷയത്തില്‍ കാലതാമസം നേരിട്ടു. ഇതിനിടെ കോട്ടത്തറ വില്ലേജിലെ 50 ഏക്കര്‍ സ്ഥലം മെഡിക്കല്‍ കോളജിന് സൗജന്യമായി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ചന്ദ്രപ്രഭാ ട്രസ്റ്റ് സര്‍ക്കാരിനെ അറിയിച്ചു.ഇതെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
ജില്ലയില്‍ റവന്യൂവകുപ്പ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലെ അവ്യക്തതയാണ് മെഡിക്കല്‍ കോളജ് നിര്‍മ്മാണം നീണ്ടുപോകുന്നതെന്നാരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ഇക്കഴിഞ്ഞ 14ന് സെക്രട്ടറിയേറ്റ് മാര്‍ച്ചും, ജനതാദള്‍ യു വയനാട് കലക്ടറേറ്റിന് മുന്നില്‍ കിടപ്പ് സത്യാഗ്രഹവും നടത്തിയിരുന്നു. യൂത്ത് ലീഗ് മാര്‍ച്ചിന് ശേഷം മുഖ്യമന്ത്രിയെക്കണ്ട നിവേദകസംഘത്തിന് സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്ന വാഗ്ദാനമാണ് ഇന്നലത്തെ മന്ത്രിസഭ തീരുമാനത്തോടെ പാലിക്കപ്പെട്ടതെന്ന് യൂത്ത് ലീഗ് അവകാശപ്പെട്ടു.വിവിധ സംഘടനകള്‍ ഉദ്യോഗസ്ഥരുടെ പ്രതിലോമനിലപാടിനെതിരെ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.
സി പി എം അടുത്ത മാസം പ്രക്ഷോഭ പരിപാടി തുടങ്ങാനും തീരുമാനിച്ചിരുന്നു. നിലവില്‍ വയനാട്ടുകാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നമാണ് മെഡിക്കല്‍ കോളജ്.
കിലോമീറ്റര്‍ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും വിലപ്പെട്ട ജീവനുകള്‍ തന്നെ നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകുന്നതോടെ വയനാട്ടുകാരുടെ വളരെ കാലത്തെ സ്വപ്‌നമാണ് പൂവണിയുന്നത്.