Connect with us

International

പുനഃസ്ഥാപിക്കാനുള്ള ചരിത്രപ്രസിദ്ധമായ ചര്‍ച്ച ഈ ആഴ്ച ഹവാനയില്‍

Published

|

Last Updated

വാഷിംഗ്്ടണ്‍: അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് ക്യൂബ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണം നീക്കാന്‍ ആവശ്യപ്പെട്ട അമേരിക്ക എംബസികള്‍ തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഹവാനയില്‍ ഈ ആഴ്ച നടക്കുന്ന ചരിത്രപ്രസിദ്ധമായ ചര്‍ച്ചയിലൂടെ കഴിയുമെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലാറ്റിനമേരിക്കയിലെ ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍ റോബര്‍ട്ട് ജേക്കബ്‌സണ്‍ ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. നീണ്ട 38 വര്‍ഷത്തിന് ശേഷമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ക്യൂബയിലെത്തുന്നത്. അമേരിക്കന്‍ എംബസി വരും മാസങ്ങളില്‍ ഹവാനയില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ സുപ്രധാനമാണെന്നും ചര്‍ച്ചകളില്‍ എന്ത് സംഭവിക്കുമെന്ന് കൃത്യമായി ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ സെനറ്ററുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കഴിഞ്ഞ ദിവസം ക്യൂബ സന്ദര്‍ശിച്ചിരുന്നു. സംഘം ക്യൂബന്‍ വിദേശകാര്യ മന്ത്രിയേയും സര്‍ക്കാര്‍ വിരുദ്ധ വിമതരേയും മറ്റുള്ളവരേയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ശീതയുദ്ധത്തിന് ശേഷം അയല്‍രാജ്യങ്ങളായ ക്യൂബയും അമേരിക്കയും ബദ്ധശത്രുക്കളായി തുടരുകയായിരുന്നു. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയോടുള്ള സമീപനത്തില്‍ ഔദ്യോഗികമായി മാറ്റം വരുത്തിയത്. നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതായുള്ള പ്രഖ്യാപനം വരും മുമ്പ് ഇരു രാജ്യങ്ങളും 18 മാസം രഹസ്യ ചര്‍ച്ച നടത്തിയിരുന്നു.
ക്യൂബ- അമേരിക്ക ബന്ധം

Latest